നിയമസഭ തെരഞ്ഞെടുപ്പ് കോഴക്കേസിൽ കെ. സുരേന്ദ്രന് ജാമ്യം

സുൽത്താൻ ബത്തേരി: 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിക്കാൻ ജനാധിപത്യ രാഷ്ട്രീയ സഭ സംസ്ഥാന അധ്യക്ഷ സി.കെ. ജാനുവിന് പണം നൽകിയെന്ന കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും വയനാട് ജില്ല പ്രസിഡന്റ് പ്രശാന്ത് മലവയലിനും ജാമ്യം.

സുൽത്താൻ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വ്യാഴാഴ്ച രാവിലെ ഇരുവരും കോടതിയിൽ ഹാജരായിരുന്നു. കെ. സുരേന്ദ്രൻ ഒന്നാം പ്രതിയും പ്രശാന്ത് മൂന്നാം പ്രതിയുമാണ്. രണ്ടാം പ്രതിയായ സി.കെ. ജാനുവിന് നേരത്തേ ജാമ്യം ലഭിച്ചിരുന്നു.

സി.കെ. ജാനുവിന് 50 ലക്ഷം രൂപ നൽകിയെന്നാണ് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് നൽകിയ പരാതിയിൽ പറയുന്നത്. ഇതിൽ 10 ലക്ഷം 2021 മാർച്ച് മാസം തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ വെച്ചും 40 ലക്ഷം സുൽത്താൻ ബത്തേരിയിൽ വെച്ചും നൽകിയെന്നാണ് പരാതി.

അതേസമയം, മുസ്‍ലിം ലീഗും സി.പി.എമ്മും കെട്ടിച്ചമച്ച വ്യാജ കേസാണ് തങ്ങൾക്കെതിരെ ചുമത്തിയതെന്ന് കെ. സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതിനാലാണ് രണ്ടുപ്രാവശ്യം പൊലീസ് കുറ്റപത്രം സമർപ്പിച്ചപ്പോഴും കോടതി തള്ളിയതെന്നും കേസിനെ നിയമപരമായി നേരിടുമെന്നും സുരേന്ദ്രൻ പറഞ്ഞു. 

Tags:    
News Summary - K. Surendran granted bail in assembly election bribery case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.