വീണയുടെ കമ്പനി അടച്ചുപൂട്ടിയതെന്തിന്? ഭാര്യയെ വീട്ടിലിരുത്തുന്നത് പുരോഗമനം പറയുന്ന റിയാസിന് അപമാനമല്ലേ? -കെ. സുരേന്ദ്രൻ

കോട്ടയം: ആദായനികുതി വകുപ്പിന്റെ രേഖ പുറത്തുവന്നപ്പോൾ എന്തിനാണ് വീണാവിജയന്റെ ഷെൽ കമ്പനി അടച്ചുപൂട്ടിയതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറയണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇത്രയും വിദഗ്ധമായ ഉപദേശം വ്യവസായികൾക്ക് നൽകിയിരുന്ന ഭാര്യയെ വീട്ടിലിരുത്തുന്നത് പുരോഗമനം പറയുന്ന റിയാസിന് അപമാനമല്ലേ? മകളുടെ സ്ഥാപനത്തിന്റെ സാമ്പത്തിക ക്രമക്കേടുകളെ പറ്റി മുഖ്യമന്ത്രിയും മറുപടി പറഞ്ഞേതീരൂ -സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും സി.പി.എമ്മിന്റെ ഉന്നതനേതാക്കളും അഴിമതിയിൽ കുടുങ്ങി ജനങ്ങളുടെ മുന്നിൽ വിവസ്ത്രരായി നിൽക്കുകയാണ്. മുഖ്യമന്ത്രിയുടെ മകളുടെത് ഒരു ഷെൽ കമ്പനിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും പുതുപ്പള്ളി മണ്ഡലം എൻ.ഡി.എ കുറ്റപത്രം പ്രകാശന ചടങ്ങിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

സിഎംആർഎലിന്റെ അടുത്ത് നിന്ന് മാത്രമല്ല മറ്റ് കമ്പനികളിൽ നിന്നും പണം വാങ്ങിക്കാനുള്ള സംവിധാനമാണ് വീണയുടെ കമ്പനി. വിദ്യാഭ്യാസ കച്ചവടക്കാരിൽ നിന്നും ചാരിറ്റിയുടെ മറവിൽ തട്ടിപ്പ് നടത്തുന്നവരിൽ നിന്നുമെല്ലാം വീണ മുഹമ്മദ് റിയാസിന്റെ കമ്പനി പണം വാങ്ങിയത് എന്തിനാണ്? മുഖ്യമന്ത്രിയുടെ ആശീർവാദത്തോടെ പണം സംഭരിക്കാനാണ് കമ്പനി തുടങ്ങിയത്. നഗ്നമായ അധികാര ദുർവിനിയോഗമാണ് മുഖ്യമന്ത്രി നടത്തിയത്. കമ്പനിയുടെ അക്കൗണ്ടിലേക്കും സ്വകാര്യ അക്കൗണ്ടിലേക്കും കോടികളാണ് ഒഴുകിയത്. മാസപ്പടി വിഷയം ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി മുഖ്യവിഷയമാക്കുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

ന്യൂനപക്ഷങ്ങളെയും പട്ടികജാതി-വർഗ വിഭാഗങ്ങളെയും സഹകരണ സ്ഥാപനങ്ങളെയും സംരക്ഷിക്കുമെന്ന് വീമ്പ് പറയുന്ന സി.പി.എം അവരെ ചൂഷണം ചെയ്യുകയാണ്. സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാഭ്യാസ ഫണ്ടിൽ വലിയ തട്ടിപ്പ് നടന്നുവെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പാർലമെന്റിൽ പറഞ്ഞിട്ടുണ്ട്.

ഈ പണമെല്ലാം കേരളത്തിലെ ഇടത്-വലത് മുന്നണികളുടെ നേതാക്കളുടെ അക്കൗണ്ടിലേക്കാണ് പോയത്. തിരുവനന്തപുരം കോർപറേഷനിൽ പട്ടിക ജാതി വിദ്യാർഥികൾക്ക് ലഭിക്കേണ്ട വിദ്യാഭ്യാസ ആനൂകൂല്യങ്ങൾ തട്ടിയെടുത്തതിൽ മുൻ മന്ത്രി എ.കെ. ബാലനും പങ്കുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

ആരാണ് ആർ.സിയും ഒ.സിയുമെന്ന് കോൺഗ്രസ് വ്യക്തമാക്കണം -രാധാമോഹൻ അഗർവാൾ

മുഖ്യമന്ത്രിയുടെ മകൾ വീണാ മുഹമ്മദ് റിയാസ് ഉൾപ്പെട്ട അഴിമതി സബന്ധിച്ച റിപ്പോർട്ടിൽ ഒ.സി, ആർ.സി എന്നീ ചുരുക്കപ്പേരുകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് രാധാമോഹൻ ദാസ് അഗർവാൾ എം.പി പറഞ്ഞു. എൻ.ഡി.എ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കുറ്റപത്രം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ചുരുക്കപ്പേരുകളിൽ അറിയപ്പെടുന്നത് ആരൊക്കെയാണെന്ന് കേരള സമൂഹത്തിന് നല്ല ബോധ്യമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഒരു മറുപടിയും പറയാൻ മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് തയ്യാറായിട്ടില്ല. ഒസിയുടെ പേരിൽ പുതുപ്പള്ളിയിൽ വോട്ട് തേടുന്ന കോൺഗ്രസുകാർ മാസപ്പടിയുടെ കാര്യത്തിൽ നിശബ്ദത പാലിയ്ക്കുന്നത് അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർവെള്ളാപ്പള്ളി വെള്ളിയാഴ്ച മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുമെന്ന് ബിഡിജെഎസ് സംസ്ഥാന ഉപാദ്ധ്യക്ഷനും എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനുമായ എജി തങ്കപ്പൻ പറഞ്ഞു.

എൻഡിഎ കുറ്റപത്രം പുറത്തിറക്കി

പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഇടതു-വലത് മുന്നണികളുടെ അഴിമതിയും വികസനവിരോധവും തുറന്നുകാട്ടുന്ന കുറ്റപത്രം ദേശീയ ജനാധിപത്യസഖ്യം പുറത്തിറക്കി. ബിജെപി ദേശീയ ജനറൽസെക്രട്ടറി രാധാമോഹൻ ദാസ് അഗർവാൾ, എൻ.ഡി.എ സംസ്ഥാന ചെയർമാനും ബിജെപി അധ്യക്ഷനുമായ കെ.സുരേന്ദ്രൻ, എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനും ബിഡിജെഎസ് സംസ്ഥാന ഉപാധ്യക്ഷനുമായ എജി തങ്കപ്പൻ, ബിജെപി ദേശീയ നിർവാഹകസമിതി അംഗം പികെ കൃഷ്ണദാസ്, നാഷനലിസ്റ്റ് കേരള കോൺഗ്രസ് അധ്യക്ഷൻ കുരുവിള മാത്യു, എൽജെപി അഖിലേന്ത്യാ ജനറൽ സെക്രട്ടറി രമാ ജോർജ്, സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന അധ്യക്ഷൻ വിവി രാജേന്ദ്രൻ, ജെആർപി ജനറൽസെക്രട്ടറി കെ. ജനീഷ്, ആർഎൽജെപി ജനറൽസെക്രട്ടറി കെ. രതീഷ്, തെരഞ്ഞെടുപ്പ് കമ്മിറ്റി വൈസ് ചെയർമാൻ ബി. രാധാകൃഷ്ണ മേനോൻ എന്നിവർ കുറ്റപത്രം പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - K surendran against Veena vijayan Minister Mohammed Riyas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.