കാസർകോട്: കേരളത്തിലെ വ്യവസായ രംഗത്തെ അനുമോദിച്ച് ഇംഗ്ലീഷ് പത്രത്തില്‍ പ്രസിദ്ധീകരിച്ച വിവാദ ലേഖനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എം.പി ശശി തരൂരിന് ‘നല്ല ഉപദേശം’ നൽകിയെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. എന്താണ് ആ ഉപദേശമെന്ന് നിങ്ങള്‍ വായിച്ചെടുത്താല്‍ മതിയെന്നും സുധാകരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
ശശി തരൂരിന്‍റെ അഭിപ്രായം അദ്ദേഹം പറഞ്ഞു. വ്യക്തികള്‍ക്ക് പല തീരുമാനമുണ്ടാകാം. കോണ്‍ഗ്രസിന് പാര്‍ട്ടിയുടേതായ തീരുമാനമുണ്ട്. പാര്‍ട്ടിയുടെ തീരുമാനമാണ് ഔദ്യോഗികമായി തങ്ങള്‍ അനുസരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നത്. ശശി തരൂരിനെ പ്രവര്‍ത്തക സമിതിയില്‍ നിന്ന് പുറത്താക്കണോ എന്ന കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കും.
അതിന് കഴിവുള്ള നേതാക്കളുടെ കൈകളിലാണ് പാര്‍ട്ടിയുള്ളത്. അതില്‍ ഞങ്ങള്‍ക്ക് അഭിപ്രായമില്ല. നല്ല ഉപദേശം കൊടുത്തിട്ടുണ്ട് ശശി തരൂരിന്. ഞാന്‍ പറയേണ്ട കാര്യം അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. അതെന്താണ് എന്ന് നിങ്ങള്‍ വായിച്ചെടുത്താല്‍ മതിയെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.
ഒരു ഇംഗ്ലീഷ് പത്രത്തില്‍ പ്രസിദ്ധീകരിച്ച ശശി തരൂരിന്റെ ലേഖനത്തിലാണ് കേരളത്തിലെ വ്യവസായ രംഗത്തെ അനുമോദിച്ചുള്ള പ്രതികരണമുണ്ടായിരുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി നയിക്കുന്ന മുന്നണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഈ നേട്ടങ്ങള്‍ സൃഷ്ടിക്കുന്നത് ആശ്ചര്യകരമാണെന്നും സംരംഭക മുന്നേറ്റത്തിലും സുസ്ഥിര വളര്‍ച്ചയിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുകയാണെന്നുമാണ് ലേഖനത്തില്‍ പറയുന്നത്.
വിവാദ ലേഖനം മുഖ്യമന്ത്രി അടക്കം സി.പി.എം നേതാക്കളും മന്ത്രിമാരും ഏറ്റെടുത്തതോടെ ശശി തരൂരിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ. മുരളീധരൻ, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, മുസ് ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർ രംഗത്തെത്തി.
ലേഖനം തള്ളിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്ത് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തരുർ പറഞ്ഞതെന്ന് അറിയില്ലെന്ന് തുറന്നടിച്ചു. കേരളം വ്യവസായ സൗഹൃദമല്ലെന്നും ഒരുപാട് മെച്ചപ്പെട്ട് വരേണ്ടതുണ്ടെന്നും സതീശൻ വ്യക്തമാക്കി. കൂടാതെ, വ്യവസായിക വളർച്ച ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടുന്ന കണക്കുകൾ വാർത്താസമ്മേളനത്തിൽ സതീശൻ പുറത്തുവിടുകയും ചെയ്തു.
അതേസമയം, യു.ഡി.എഫ് സർക്കാരുകളുടെ കാലത്ത് നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞാണ് പി.കെ. കുഞ്ഞാലിക്കുട്ടി തരൂരിന് മറുപടി നൽകിയത്. അഞ്ചു വര്‍ഷം കൊണ്ട് യു.ഡി.എഫ് ഉണ്ടാക്കിയ വികസനം ഒമ്പതു വര്‍ഷമായിട്ടും എൽ.ഡി.എഫിന് സാധ്യമായിട്ടില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.
ബംഗളൂരുവും ചെന്നൈയും ഐ.ടി മേഖലയിൽ വികസിച്ച വേഗത്തിൽ കേരളത്തെയും മാറ്റാനാണ് 2001ലെ യു.ഡി.എഫ് സർക്കാർ ശ്രമിച്ചത്. എന്നാൽ, അന്നത്തെ പ്രതിപക്ഷം തടസ്സപ്പെടുത്താൻ നോക്കി. യു.ഡി.എഫ് സര്‍ക്കാറിന്‍റെ എല്ലാ വികസന പദ്ധതികളും ഇടതുപക്ഷം തടഞ്ഞു. എന്നാൽ, യു.ഡി.എഫ് പ്രതിപക്ഷത്തായപ്പോൾ ഇത്തരം വികസനങ്ങളുമായി സഹകരിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.