തിരുവനന്തപുരം: കോഴിക്കടകളും തട്ടുകടകളും പൂട്ടിപ്പോയ കടകളും വരെ ഉള്‍പ്പെടുത്തിയാണ് ചെറുകിട സംരംഭങ്ങളുടെ കാര്യത്തില്‍ വലിയ മുന്നേറ്റമുണ്ടായതായി പിണറായി സര്‍ക്കാര്‍ അവകാശപ്പെടുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. കേന്ദ്രസര്‍ക്കാര്‍ 2020ല്‍ കൊണ്ടുവന്ന ഉദ്യം പദ്ധതിയില്‍ കടകളുടെ രജിസ്ട്രേഷന് നടത്തിയതോടെയാണ് സംരംഭങ്ങളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായത്. പുതുതായി തുടങ്ങിയ 2.9 ലക്ഷം സംരംഭങ്ങളുടെ പട്ടിക പുറത്തുവിടാന്‍ വ്യവസായ മന്ത്രിയെ വെല്ലുവിളിക്കുന്നു. ഇതു സംബന്ധിച്ച് നേരിട്ട് പരിശോധന നടത്താന്‍ മന്ത്രി തയാറാണോ?. കുടുംബശ്രീ സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ തന്നെ വലിയ തോതില്‍ എണ്ണം കൂടി. അങ്ങനെയാണ് സംരംഭങ്ങളുടെ എണ്ണം കുതിച്ചുകയറിയത്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് 2016ല്‍ എം.എസ്.എം.ഇ സര്‍വേയില്‍ കേരളം ഒന്നാമതായിരുന്നു. ഐ.ടി വളര്‍ച്ചയുടെ കാര്യത്തിലും പൊങ്ങച്ചത്തില്‍ കവിഞ്ഞൊന്നുമില്ല. കേരളത്തിന്റെ ഐ.ടി കയറ്റുമതി 24000 കോടി രൂപയുടേതാണെങ്കില്‍ കര്‍ണാടകത്തിന്റേത് 4.11 ലക്ഷം കോടിയും തെലങ്കാനയുടെത് രണ്ടു ലക്ഷം കോടിയുമാണ്. തമിഴ്നാടിന്റേത് 1.7 ലക്ഷം കോടിയും. പ്രധാനമന്ത്രി നരേന്ദ്ര മോദി യുവസംരംഭകരെ വാര്‍ത്തെടുക്കുന്ന സ്റ്റാര്‍ട്ടപ് പദ്ധതിക്ക് തുടക്കമിട്ടത് 2016 ലാണെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അത് 2011ല്‍ തുടങ്ങി. സംരംഭകരെ തല്ലിയോടിക്കുകയും കമ്പ്യൂട്ടര്‍ തല്ലിപ്പൊളിക്കുകയും ചെയ്ത ചരിത്രമുള്ള സി.പി.എം മനംമാറ്റം നടത്തിയാല്‍ സ്വാഗതം ചെയ്യും. എന്നാല്‍, വീമ്പിളക്കരുതെന്ന് സുധാകരന്‍ പറഞ്ഞു.
കേരളത്തിലെ വ്യവസായ രംഗത്തെ അനുമോദിച്ച് ഇംഗ്ലീഷ് പത്രത്തില്‍ പ്രസിദ്ധീകരിച്ച ശശി തരൂരിന്‍റെ ലേഖനത്തിനെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ. മുരളീധരൻ അടക്കമുള്ളവർ നടത്തിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടി നയിക്കുന്ന മുന്നണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഈ നേട്ടങ്ങള്‍ സൃഷ്ടിക്കുന്നത് ആശ്ചര്യകരമാണെന്നും സംരംഭക മുന്നേറ്റത്തിലും സുസ്ഥിര വളര്‍ച്ചയിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുകയാണെന്നുമാണ് തരൂരിന്‍റെ ലേഖനത്തില്‍ പറയുന്നത്.
അതേസമയം, ശശി തരൂരിനെതിരെ രൂക്ഷ വിമർശനം നടത്തിയ പ്രതിപക്ഷ നേതാവ് ലേഖനത്തിലെ അവകാശവാദങ്ങൾ തള്ളി. എന്ത് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം പറഞ്ഞതെന്ന് അറിയില്ലെന്ന് വി.ഡി സതീശൻ തുറന്നടിച്ചു. കേരളം വ്യവസായ സൗഹൃദമല്ലെന്നും ഒരുപാട് മെച്ചപ്പെട്ട് വരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ശശി തരൂർ പറഞ്ഞത് കേരളത്തിലെ കോൺഗ്രസിന്‍റെ നിലപാടല്ലെന്നാണ് കെ. മുരളീധരൻ പ്രതികരിച്ചത്. തരൂരിന്‍റേത് കേരളത്തിലെ കോൺഗ്രസുകാർക്ക് അംഗീകരിക്കാൻ സാധിക്കുന്ന നിലപാടല്ല. ശശി തരൂർ ദേശീയ നേതാവും വിശ്വപൗരനുമാണ്. ഒരു സാധാരണ പ്രവർത്തകൻ എന്ന നിലയിൽ തരൂരിന്‍റെ പ്രസ്താവനയെ വിലയിരുത്താൻ താൻ ആളല്ലെന്നും കെ. മുരളീധരൻ പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.