‘മറന്നുകളിച്ചാൽ ആ മറവി സി.പി.എമ്മിന് ദോഷം ചെയ്യും’; രാഷ്ട്രപിതാവിന്‍റെ 100 സ്തൂപങ്ങൾ സ്ഥാപിക്കുമെന്ന് കെ. സുധാകരൻ

തളിപ്പറമ്പ്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സ്തൂപം തകർത്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി കെ.പി.സി.സി മുൻ അധ്യക്ഷൻ കെ. സുധാകരൻ. ഇന്ത്യാ രാജ്യത്ത് ഗാന്ധി സ്തൂപം സ്ഥാപിക്കാൻ സി.പി.എമ്മിന്‍റെ അനുമതി വേണ്ടെന്നും കണ്ണൂർ ജില്ലയിൽ രാഷ്ട്രപിതാവിന്‍റെ 100 സ്തൂപങ്ങൾ സ്ഥാപിക്കുമെന്നും കെ. സുധാകരൻ പറഞ്ഞു. അക്രമങ്ങൾ നടന്ന സ്ഥലങ്ങളിലെല്ലാം ഗാന്ധി സ്തൂപങ്ങൾ സ്ഥാപിക്കുമെന്നും അതിനെ സംരക്ഷിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.

അക്രമങ്ങൾ കാണിക്കുന്നത് വിവരംകെട്ട ഒരു രാഷ്ട്രീയ പാർട്ടിയുടെ പതനമാണ്. ഗാന്ധി സ്തൂപങ്ങൾ സ്ഥാപിക്കാനും സംരക്ഷിക്കാനും തന്‍റേടവും നട്ടെല്ലുമുള്ള കോൺഗ്രസുകാർ കണ്ണൂരിലുണ്ട്. 'മറന്നുകളിച്ചാൽ ആ മറവി നിങ്ങൾക്ക് ദോഷം ചെയ്യു'മെന്ന് അണികളെയും ഗുണ്ടകളെയും പ്രോത്സാഹിപ്പിക്കുന്ന സി.പി.എം നേതാക്കളെ ഓർമിപ്പിക്കുകയാണെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.

നിസാര കാരണത്തിൽ കണ്ണൂർ ജില്ല മുഴുവൻ സി.പി.എം അക്രമങ്ങൾ വ്യാപിപ്പിക്കുകയാണ്. എന്താണ് സി.പി.എമ്മിന്‍റെ ലക്ഷ്യമെന്ന് അറിയില്ല. സംസ്ഥാന നേതൃത്വം അറിഞ്ഞു കൊണ്ടാണോ അക്രമം നടത്തുന്നതെന്ന് സി.പി.എം വ്യക്തമാക്കണം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ചെങ്കോട്ടയായിരുന്ന കണ്ണൂരിൽ കോൺഗ്രസ് ത്രിവർണ പതാക പാറിപ്പിച്ചതാണ്. കോൺഗ്രസ് കണ്ണൂരിൽ അധികാരത്തിൽ വന്നിട്ടുണ്ടെന്ന ഓർമ സി.പി.എമ്മിനുണ്ടാകണം.

കോൺഗ്രസിന് ഭൂരിപക്ഷം കിട്ടുന്ന പാർലമെന്‍റ്, നിയമസഭ മണ്ഡലങ്ങൾ ജില്ലയിലുണ്ട്. കോൺഗ്രസ് വളർന്നു വരുന്നതിന്‍റെ തെളിവാണിത്. വളർന്നു വരുന്ന കോൺഗ്രസിനെ തകർക്കാമെന്ന് സി.പി.എം കരുതുന്നുവെങ്കിൽ അതിന്‍റെ മുമ്പിൽ ആത്മഹൂതി ചെയ്യാൻ പാർട്ടി പ്രവർത്തകർ തയാറാണ്. ഭയപ്പെടാൻ നോക്കേണ്ട.

സംസ്കാരവും സാമൂഹിക-രാഷ്ട്രീയ ബോധവുമില്ലാത്ത അൽപന്മാരായ ഒരു വിഭാഗം നേതാക്കൾ സി.പി.എമ്മിനെ നശിപ്പിക്കാൻ ഇറങ്ങിയിട്ടുണ്ടെന്ന് സംശയിക്കുന്നു. അതിന്‍റെ ഭാഗമായാണോ അക്രമങ്ങളെന്ന് സംശയിക്കുന്നു. സി.പി.എം നേതൃത്വം അടിയന്തരമായി ഇടപെട്ട് പ്രശ്നപരിഹാരം കാണണമെന്നും കെ. സുധാകരൻ ആവശ്യപ്പെട്ടു.

അക്രമം നടത്തിയ പാർട്ടിക്കാരെ നടപടിക്ക് വിധേയമാക്കാൻ സി.പി.എം തയാറാകുന്നില്ലെങ്കിൽ കോൺഗ്രസിന് ചെയ്യേണ്ടി വരുമെന്നും കെ. സുധാകരൻ കൂട്ടിച്ചേർത്തു. തളിപ്പറമ്പിൽ ആക്രമണം നടന്ന യൂത്ത് കോൺഗ്രസ് നേതാവിന്‍റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരൻ.

Tags:    
News Summary - K sudhakaran criticize CPM Leadership in Gandhi Statue Destroyed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.