വെള്ളാപ്പള്ളിക്കും പിണറായിക്കുമെതിരെ കവി സച്ചിദാനന്ദന്‍: ‘ഗുരുവിനെക്കുറിച്ച് എഴുതിയ കൈകൊണ്ട് എങ്ങനെ നടേശസ്തുതി എഴുതും?’

തൃ​ശൂർ: മുസ്‌ലിം സമുദായത്തിനും മലപ്പുറത്തിനുമെതിരെ വിദ്വേഷ പരാമർശം നടത്തിയ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പരസ്യമായും, അദ്ദേഹത്തോടൊപ്പം വേദി പങ്കിട്ട് പുകഴ്ത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായും വിമർശിച്ച് കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ കൂടിയായ കവി കെ. സച്ചിദാനന്ദൻ. ‘ഒരു നടേശസ്തുതി എഴുതാന്‍ ആലോചിച്ചു. പക്ഷേ, ഗുരുവിനെക്കുറിച്ച് എഴുതിയ കൈകൊണ്ട് എങ്ങനെ എഴുതും? ആത്മോപദേശശതകം ചൊല്ലിയ നാവുകൊണ്ട് എങ്ങനെ ചൊല്ലും’ എന്നാണ് സച്ചിദാനന്ദൻ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന ശ്രീനാരായണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെയാണ് വെള്ളാപ്പള്ളി നടേശന്‍ ജില്ലയെയും മുസ്‌ലിം സമുദായത്തെയും അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയത്. മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും ചില പ്ര​ത്യേക ആളുകളുടെ സംസ്ഥാനമാണെന്നും മലപ്പുറത്ത് സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാൻ കഴിയില്ലെന്നുമാണ് കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി പറഞ്ഞത്. ഈ പ്രത്യേകരാജ്യത്തിനുളളില്‍ സമുദായ അംഗങ്ങള്‍ ഭയന്നുവിറച്ചാണ് കഴിയുന്നതെന്നും തെരഞ്ഞെടുപ്പ് കാലത്ത് കണ്ണേ കരളേ എന്നെല്ലാം പറഞ്ഞ് പോകുന്നവര്‍ ഈഴവരുടെ വോട്ട് വാങ്ങിയ ശേഷം മുഖം തിരിഞ്ഞ് നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെ സി.പി.എം മലപ്പുറം ജില്ലാ കമ്മറ്റിയും പാർട്ടി മുഖപത്രമായ ദേശാഭിമാനിയും അടക്കം രംഗത്തുവ​ന്നിരുന്നു. എന്നാൽ, വെള്ളാപ്പള്ളിയെ ന്യായീകരിച്ച് പി.കെ. ശശികല ടീച്ചറും ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും രംഗത്തുവന്നതിന് പിന്നാലെ പ്രശംസയുമായി പിണറായിയും രംഗത്തുവന്നു. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയായി വെള്ളാപ്പള്ളി 30വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ എസ്.എന്‍.ഡി.പി യോഗം ചേര്‍ത്തല യൂണിറ്റ് സംഘടിപ്പിച്ച സ്വീകരണപരിപാടിയില്‍ പ​ങ്കെടുത്തായിരുന്നു മുഖ്യമന്ത്രിയുടെ പുകഴ്ത്തൽ.

വെള്ളാപ്പള്ളി നടേശൻ മലപ്പുറത്ത് നടത്തിയ പ്രസംഗം നിലവിലുള്ള യാഥാർഥ്യം വെച്ച് ഒരു കാര്യം പറഞ്ഞതാണെന്നായിരുന്നു പിണറായി പറഞ്ഞത്. ‘സരസ്വതി വിലാസം നാക്കിലുള്ള വ്യക്തിയാണ്. എല്ലാ ഘട്ടത്തിലും മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. അടുത്തകാലത്ത് നിർഭാഗ്യകരമായ ചില വിവാദങ്ങൾ ഉയർന്നുവന്നു. എന്നാൽ, അദ്ദേഹം ഏതെങ്കിലും ഒരു മതത്തിനെതിരെ നിലപാട് സ്വീകരിക്കുന്നയാളല്ല എന്ന് വെള്ളാപ്പള്ളിയെ അറിയുന്നവർക്കെല്ലാം അറിയാം. ഒരു രാഷ്ട്രീയ പാർട്ടിയെ​യാണ് വിമർശിച്ചത്. ആ പാർട്ടിയോട് പ്രത്യേക വിരോധമോ മമതയോ വെച്ച് കൊണ്ട് പറഞ്ഞകാര്യമല്ല. ഇപ്പോഴുള്ള യാഥാർഥ്യം പറഞ്ഞൂ എന്നേയുള്ളൂ. ആ പാർട്ടിയെ സംരക്ഷിക്കാൻ താൽപ്പര്യമുള്ളവരെല്ലാം വെള്ളാപ്പള്ളിക്കെതിരെ രംഗത്തുവന്നു. അത് മാത്രമാണ് ഈ ഘട്ടത്തിൽ എനിക്ക് പറയാനുള്ളത്’ -എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. 

Tags:    
News Summary - k satchidanandan against vellappally natesan and pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.