കെ-റെയിൽ റദ്ദാക്കി; മഞ്ഞക്കുറ്റികൾ മാറ്റാനും തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ രാഷ്ട്രീയ-സാമൂഹിക പ്രക്ഷോഭങ്ങൾക്ക് വഴിവെച്ച തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ (കെ-റെയിൽ) പദ്ധതി സംസ്ഥാന സർക്കാർ പൂർണ്ണമായും റദ്ദാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ പുറപ്പെടുവിച്ച എല്ലാവിധ വിജ്ഞാപനങ്ങളും റദ്ദാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രത്യേക മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ ലക്ഷ്യമിട്ട് റവന്യൂ വകുപ്പ് പുറപ്പെടുവിച്ച പ്രിലിമിനറി വിജ്ഞാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ നടപടികളും ഇതോടെ ഇല്ലാതാകും. പദ്ധതിക്കെതിരെ സംസ്ഥാനവ്യാപകമായി നടന്ന ജനകീയ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവർക്കെതിരെ രജിസ്റ്റർ ചെയ്ത പൊലീസ് കേസുകൾ പിൻവലിക്കാനുള്ള ശിപാർശ സമർപ്പിക്കാൻ ആഭ്യന്തര വകുപ്പിന് നിർദേശം നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പദ്ധതിയുടെ അതിരടയാളമായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ അടിയന്തരമായി നീക്കം ചെയ്യാൻ റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളിൽ വലിയ ആശങ്കയും ബുദ്ധിമുട്ടും സൃഷ്ടിച്ച ഈ അടയാളങ്ങൾ മാറ്റുന്നതോടെ ഭൂവുടമകളുടെ ആശങ്കകൾക്ക് പൂർണ്ണ പരിഹാരമാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സാമ്പത്തിക ബാധ്യതയും ജനങ്ങളുടെ കടുത്ത എതിർപ്പും കണക്കിലെടുത്താണ് പദ്ധതിയിൽ നിന്ന് പൂർണ്ണമായി പിന്മാറാൻ സർക്കാർ തീരുമാനിച്ചത്. ഇതോടെ കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിൽ നിലനിന്നിരുന്ന ഏറ്റവും വലിയ വികസന തർക്കങ്ങൾക്കാണ് ഔദ്യോഗികമായി വിരാമമായിരിക്കുന്നത്.

ഈ നടപടി പൂർത്തിയായാൽ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം സ്ഥാപിച്ച സർവേക്കല്ലുകൾ (മഞ്ഞക്കുറ്റികൾ) നീക്കം ചെയ്യാൻ വഴിയൊരുങ്ങും. മുമ്പ് പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് കെ-റെയിൽ വിരുദ്ധ സമരങ്ങൾക്ക് മുൻനിരയിൽ നിന്ന് നേതൃത്വം നൽകിയ വ്യക്തിയാണ് നിലവിലെ മുഖ്യമന്ത്രി വി.ഡി. സതീശൻ. നിയമസഭയിലും പുറത്തും പദ്ധതിക്കെതിരെ ശക്തമായ നിലപാടുകൾ അദ്ദേഹം ഉയർത്തിയിരുന്നു. അന്ന് കെ-റെയിലിനെതിരെ നടന്ന സമരങ്ങളും തുടർന്നുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങളും വലിയ രീതിയിൽ ചർച്ചയായിരുന്നു.

Tags:    
News Summary - K-Rail project completely canceled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.