വടകരയിലേത് തോൽക്കാൻ പോകുന്നതിന്റെ നിരാശയിൽ നിന്നുണ്ടാക്കിയ കഥ; യൂത്ത് ലീഗുകാർ അങ്ങനെയൊരു പ്രചാരണം നടത്തില്ല -കെ. മുരളീധരൻ

വടകരയിലേത് അനാവശ്യ വിവാദമാണെന്നും 60,000 വോട്ടിന്റെ ഉയർന്ന മാർജിനിൽ ജയിച്ച ടീച്ചർ തോൽക്കാൻ പോകുന്നതിന്റെ നിരാശയിൽ നിന്നുണ്ടാക്കിയ കഥയാണെന്നും കോൺഗ്രസ് നേതാവും തൃശൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയുമായ കെ. മുരളീധരൻ. ഞാൻ മത്സരിച്ചപ്പോഴൊക്കെ വളരെ ആവേശത്തിൽ പ്രവർത്തിച്ചവരാണ് യൂത്ത് ലീഗുകാർ. അവർ അങ്ങനെയൊരു പ്രചാരണം നടത്തില്ല. അല്ലെങ്കിൽ എൽ.ഡി.എഫ് ഗവൺമെന്റല്ലേ, അവർ തെളിയിക്കട്ടെ. ആരോപണം ഉന്നയിക്കുന്നവരാണ് വ്യക്തമായ തെളിവ് ഹാജരാക്കേണ്ടത്. മുസ്‍ലിം ലീഗിനോ യൂത്ത് ​ലീഗിനോ വർഗീയ ചിന്താഗതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാജ്മോഹൻ ഉണ്ണിത്താൻ, കെ. സുധാകരൻ, കെ. മുരളീധരൻ, എം.കെ രാഘവൻ എന്നിവരെല്ലാം ജയിച്ചത് പ്രധാനമായും മുസ്‍ലിം കേന്ദ്രങ്ങളിലാണ്. അവരുടെ വോട്ടുകൊണ്ടാണ് ഞങ്ങൾക്കൊക്കെ ജയിക്കാൻ കഴിഞ്ഞത്. അവർ ജാതി നോക്കിയാണോ വോട്ട് ചെയ്തത്?. മുല്ലപ്പള്ളി രണ്ടുതവണ വടകരയിൽ ജയിച്ചു, ഞാൻ ജയിച്ചു. അതൊക്കെ മുസ്‍ലിം ജനവിഭാഗത്തിന്റെ കൂടി സഹകരണത്തോടെയാണ്. അവരങ്ങനെ ജാതി നോക്കി വോട്ട് ചെയ്യുന്നവരല്ല. ഒരു ഭൂരിപക്ഷ വർഗീയതയുടെ സ്വഭാവം ഇപ്പോൾ മാർക്സിസ്റ്റ് പാർട്ടിയെ പിടികൂടിയിട്ടുണ്ട്. പ്രചാരണം അതിന്റെ ഭാഗമായി ഞങ്ങൾ കാണുകയാണ്’ -മുരളീധരൻ കൂട്ടിച്ചേർത്തു.

തൃശൂർ മണ്ഡലത്തിൽ സി.പി.എം-ബി.ജെ.പി ഡീൽ ഉണ്ടായി. ഇത് പ്രകാശ് ജാവദേകറും ഇ.പി ജയരാജനും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ഫലമായുണ്ടായതാണ്. നാട്ടിക, ഗുരുവായൂർ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് ഈ ഡീൽ പ്രവർത്തിച്ചത്. ഇത് യു.ഡി.എഫിന്റെ വോട്ടിനെ ഒരിക്കലും ബാധിക്കില്ല. ബി.ജെ.പിക്ക് ഇടതുപക്ഷ വോട്ടുകൾ ലഭിക്കുന്നതിന്റെ മെച്ചമുണ്ടാകും. എന്നാൽ, അത് രണ്ടാം സ്ഥാനത്തേക്കെത്തുമോയെന്ന് പറയാനായിട്ടില്ല. ഇത്തവണ 20 സീറ്റിലും ജയിക്കുമെന്നാണ് ഞങ്ങളുടെ കണക്കുകൂട്ടലെന്നും ഒരിടവും തള്ളിക്കളയാനില്ലെന്നും മുരളീധരൻ മനോരമ ന്യൂസുമായി സംസാരിക്കവെ പ്രതികരിച്ചു. 

Tags:    
News Summary - K Muraleedharan's statement about Vadakara issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.