കോഴിക്കോട്: തരൂർ ചെയ്തത് ശരിയായ നടപടിയല്ലെന്നും പാർട്ടിയുടെ ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തി ഈ രീതിയിൽ ചിന്തിക്കാൻ പാടില്ലായിരുന്നെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പറഞ്ഞു. ഇടത് സര്‍ക്കാറിനെയും പ്രധാനമന്ത്രി മോദിയെയും പ്രശംസിച്ച ശശി തരൂർ എം.പിയുടെ നടപടിയിൽ പ്രതികരിക്കുകയായിരുന്നു മുരളീധരൻ.
തരൂർ ചെയ്തത് ശരിയായ നടപടിയല്ല. എല്ലാ കാര്യങ്ങളിലും വ്യക്തിപരമായ അഭിപ്രായം പറയാൻ സ്വാതന്ത്ര്യമില്ല. പലർക്കും വ്യക്തിപരമായ പല അഭിപ്രായങ്ങളുണ്ടാകും. പക്ഷേ പാർട്ടിയുടെ അഭിപ്രായങ്ങൾക്കാണ് പ്രാധാന്യം. പാർട്ടിയുടെ ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തി, ജനപ്രതിനിധിയായിട്ടുള്ള വ്യക്തി ഈ രീതിയിൽ ചിന്തിക്കാൻ പാടില്ലായിരുന്നു -കെ. മുരളീധരൻ പറഞ്ഞു.
ശശി തരൂർ വർണിച്ചിട്ടുള്ളത് പി. രാജീവിന്‍റെ പി.ആർ വർക്കിനെയാണ്. ശശി തരൂർ ഇവിടെ നാലു തവണ മത്സരിച്ചപ്പോൾ അദ്ദേഹത്തിന് വേണ്ടി രാപ്പകൽ പണിയെടുത്ത പാർട്ടി പ്രവർത്തകരുണ്ട്. ആ പ്രവർത്തകർക്ക് പഞ്ചായത്തിൽ ജയിക്കാനുള്ള അവസരാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ്. അത് അദ്ദേഹം ഓർക്കണ്ടേ? അത് ഒരു ലേഖനം കൊണ്ട് ഇല്ലാതാക്കണോ? -മുരളീധരൻ ചോദിച്ചു.
അതേസമയം, ശശി തരൂരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. തദ്ദേശ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ വിജയ പ്രതീക്ഷയെ കുരുതി കൊടുക്കരുതെന്നും വെളുപ്പാന്‍ കാലം മുതല്‍ വെള്ളം കോരിയിട്ട് സന്ധ്യക്ക് കുടം ഉടയ്ക്കുന്നത് പരിഹാസ്യമാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു. വ്യവസായങ്ങളെ വെള്ള പുതച്ചവർക്ക് ശുദ്ധിപത്രം നൽകുന്നത് ആരാച്ചാർക്ക് അഹിംസാ അവാർഡ് നൽകുന്നതുപോലെയാണെന്ന് ലേഖനം വിമർശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.