പിണറായിക്ക് തിരിച്ചടി: അപ്പീൽ ഡിവിഷൻ ബെഞ്ച് സ്വീകരിച്ചില്ല, വിജിലൻസ് എഫ്.ഐ.ആർ നിലനിൽക്കും

കൊച്ചി: സി.എം.ആർ.എൽ - എക്സാലോജിക് മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് സ്വീകരിച്ചില്ല. ഇതോടെ മാസപ്പടി കേസിൽ വിജിലൻസ് എഫ്.ഐ.ആർ നിലനിൽക്കും. നാല് റിട്ടുകളും കോടതി തള്ളി.

സിംഗിൾ ബെഞ്ച് ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യാൻ ഇന്നലെ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. പ്രത്യേക അനുമതി തേടിയ ശേഷം മാത്രമേ സ്റ്റേ ഹരജി പരിഗണിക്കാനാകൂ എന്നാണ് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്. അപ്പീൽ സ്വീകരിക്കുന്ന കാര്യത്തിൽ പിന്നീട് തീരുമാനമറിയിക്കാമെന്നും കോടതി വ്യക്തമാക്കി.

പിണറായി വിജയന്റെ നിലപാടിനെ ഹൈക്കോടതിയിൽ പിന്തുണച്ച സർക്കാർ നിലപാടിനും ഡിവിഷൻ ബെഞ്ച് ഉത്തരവ് തിരിച്ചചടിയായി. ലഭിച്ച ഡയറി രേഖകൾ മാത്രം ഉപയോഗിച്ച് നേരിട്ട് കേസെടുക്കാൻ സാധിക്കില്ലെന്നും, പ്രാഥമിക അന്വേഷണം നടത്തണമെന്ന നിലപാടാണ് സർക്കാരിന്റേതെന്നും അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചിരുന്നു.

സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ പ്രതികൾ അപ്പീൽ നൽകിയതിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയിൽ ശക്തമായി എതിർത്തു. കേസിൽ പ്രതികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിൽ എന്താണ് തടസ്സമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആവർത്തിച്ചു ചോദിച്ചു. സിംഗിൾ ബെഞ്ചിന്റെ പ്രത്യേക ഉത്തരവുകൾ ഇല്ലെങ്കിൽ പോലും പൊലീസിന് സ്വന്തം നിലയ്ക്ക് എഫ്.ഐ.ആർ ഇടാമല്ലോ എന്ന് കോടതി ചൂണ്ടിക്കാണിച്ചു. ഇ.ഡി നൽകിയ തെളിവുകൾ കേസെടുക്കാൻ പര്യാപ്തമല്ലെന്നായിരുന്നു സർക്കാരിന്റെ മറുപടി. അതേസമയം, ഹർജിക്കാരനായ കെ.എം ഷാജഹാൻ സത്യസന്ധനായ ഹർജിക്കാരനല്ലെന്നും സർക്കാർ കോടതിയിൽ ആരോപിച്ചിരുന്നു

Tags:    
News Summary - Vigilance FIR to remain, high court appeal not accepted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.