പിണറായി വിജയൻ, വിനോദിനി ബാലകൃഷ്ണൻ, ബി.ബി. ഗോപകുമാർ എം.എൽ.എ

മാസപ്പടി കേസ്: കോടിയേരിയുടെ ഭാര്യ പറഞ്ഞ കാര്യം കേരളം ചർച്ച ചെയ്യണമെന്ന് ബി.ജെ.പി എം.എൽ.എ

തിരുവനന്തപുരം: അന്തരിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യം കേരളം ചർച്ച ചെയ്യണമെന്ന് ബി.ജെ.പി എം.എൽ.എ ബി.ബി. ഗോപകുമാർ. സി.എം.ആർ.എൽ മാസപ്പടി കേസിൽ പിണറായി വിജയൻ പാർട്ടിയെ മറയാക്കുന്നു എന്നാണ് ഭംഗ്യന്തരേണ വിനോദിനി സൂചിപ്പിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.

‘കേസുമായി ബന്ധപ്പെട്ടുകൊണ്ട് സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയും മുൻ അഭ്യന്തര വകുപ്പ് മന്ത്രിയുമായ അന്തരിച്ച ടിയേരി ബാലകൃഷ്ണന്റെ സഹധർമ്മിണി വിനോദിനി ഒരു പത്രസമ്മേളനത്തിൽ പറഞ്ഞ ഒരു വാചകം നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. സംസ്ഥാന സെക്രട്ടറി എന്ന രീതിയിലോ മുൻ അഭ്യന്തര വകുപ്പ് മന്ത്രി എന്ന രീതിയിലോ ഞാനോ എന്റെ ഭർത്താവോ എന്റെ കുടുംബമോ (ബിനീഷ് കോടിയേരിയുടെ) കേസിനു വേണ്ടി പാർട്ടിയെ മറയാക്കിയിട്ടില്ല എന്നാണ് അവർ പറഞ്ഞത്. ആ പ്രസ്താവന നമ്മുടെ മുന്നിൽ ഉണ്ട്. അങ്ങനെയാണെങ്കിൽ സിഎംആർഎൽ കേസുമായി ബന്ധപ്പെട്ടുകൊണ്ട് പിണറായി വിജയൻ പാർട്ടിയെ മറയാക്കുന്നു എന്നാണ് ഭംഗ്യന്തരേണ വിനോദിനി സൂചിപ്പിച്ചത്. അത് കേരളം ചർച്ച ചെയ്യപ്പെടേണ്ട ഒരു കാര്യമാണ്. സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിക്ക്, മുൻ ആഭ്യന്തര വകുപ്പ് മന്ത്രിക്ക് ലഭിക്കാത്ത പരിഗണന പാർട്ടിയിൽ നിന്ന് എന്തുകൊണ്ട് പിണറായിക്ക് കിട്ടുന്നു എന്ന ചോദ്യവും കൂടിയാണ് ഉന്നയിക്കപ്പെടേണ്ടത്. ഇത്തരം കാര്യങ്ങൾ കേരളത്തിലെ പൊതുസമൂഹം ചിന്തിക്കുകയും ചർച്ച ചെയ്യുകയും വേണം’ -അദ്ദേഹം പറഞ്ഞു.

കാഞ്ചനയ്ക്ക് മൊയ്തീനോടുള്ള സ്നേഹത്തേക്കാൾ വലുതാണ് വിഡി സതീശിന് പിണറായി വിജയനോടുള്ള സ്നേഹമെന്നും ബി.ബി. ഗോപകുമാർ പറഞ്ഞു. എങ്ങനെയെങ്കിലും പിണറായിക്കെതിരെ എഫ്ഐആർ ഒഴിവാക്കുക, കേസ് ഒഴിവാക്കുക എന്നതാണ് വിഡി സതീശൻ ഗവൺമെന്റിന്റെ നയം. ഇപ്പോഴത്തെ അവരുടെ അടുപ്പവും സ്നേഹവും ഒക്കെ കണ്ടാൽ നാളെ വീണ്ടും വക്കീൽ കുപ്പായമിട്ട് കേരള ഹൈക്കോടതിയിൽ പിണറായിക്ക് വേണ്ടി വി.ഡി. സതീശൻ ഹാജരാകുന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘അത്രമാത്രം കരുതലും സ്നേഹവുമാണ് ഇവർ തമ്മിൽ. ഒരു കാരണവശാലും പിണറായിക്കെതിരെ കേസെടുക്കാൻ പാടില്ല എന്ന തരത്തിലേക്കാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ നിലപാട്. നിയമസഭയിൽ എസ്ഐആറുമായി ബന്ധപ്പെട്ട പ്രമേയം രണ്ടു കൂട്ടരും ഒരുമിച്ചാണ് അവതരിപ്പിച്ചത്. അഴിമതി സംബന്ധിച്ച വിഷയത്തിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണത്. വിഡി സതീശൻ സർക്കാർ അധികാരത്തിൽ വന്നിട്ട് ജനോപകാരപ്രദമായ ഒരു നടപടിയും എടുത്തിട്ടില്ല. ജനങ്ങളെ സഹായിക്കുന്ന ഒരു കാര്യവും ചെയ്തിട്ടില്ല.

ജനവിരുദ്ധ നിലപാടുകൾ എടുക്കുന്നതിൽ ഈ രണ്ടു മുന്നണികളും ഒരുപോലെയാണ്. പിണറായിയുടെ അഴിമതി അടക്കമുള്ള കാര്യങ്ങൾ മറച്ചുവെക്കാൻ എസ്ഐആറിനെ ഉപയോഗിക്കുകയാണ്. അതുകൊണ്ടാണ് എസ്ഐആർ അംഗീകരിക്കുന്നില്ലെങ്കിൽ നിങ്ങൾ രാജിവയക്കാൻ തയ്യാറുണ്ടോ എന്ന് ഞങ്ങൾ നിയമസഭയിൽ ചോദിച്ചത്’ -ബി.ബി. ഗോപകുമാർ പറഞ്ഞു.

Tags:    
News Summary - Masappadi case: Kerala should discuss what Kodiyeri's wife vinodini said, says BJP MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.