കൊച്ചി: കേരളത്തിന്റെ മുഖ്യമന്ത്രിയെ അവൻ ഇവൻ എന്നൊക്കെ വിളിക്കാൻ പാടില്ലെന്നും താൻ അറിയുന്ന വി.ഡി. സതീശൻ എൻ.എസ്.എസ് ആസ്ഥാനത്തേക്ക് പോകില്ലെന്നും മുൻമന്ത്രി കെ.ബി. ഗണേഷ് കുമാർ. വി.ഡി. സതീശനെ കഴിഞ്ഞ 25 കൊല്ലമായിട്ട് എനിക്കറിയാം. ആദർശം വിട്ട് അദ്ദേഹം പ്രവർത്തിക്കില്ലെന്നും ഗണേഷ് കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കാണാൻ അനുമതി നൽകിയില്ലെന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ വാദവും അദ്ദേഹം തള്ളി. ‘മുഖ്യമന്ത്രിക്ക് എന്തെങ്കിലും അസൗകര്യം ഉണ്ടായിക്കാണും. സമയം കൊടുക്കുന്നതിൽ മുഖ്യമന്ത്രിക്ക് പരിമിതി കാണും. മുഖ്യമന്ത്രി മാനിക്കപ്പെടേണ്ട വ്യക്തിയാണ്. അദ്ദേഹത്തെ അവൻ-ഇവൻ എന്നൊക്കെ വിളിക്കുന്നത് സംസ്‌കാരമില്ലായ്മയും തറവാടിത്തമില്ലായ്മയുമാണ്. ഏത് പാർട്ടിയായാലും മുഖ്യമന്ത്രി എന്ന പദവിക്ക് അർഹമായ മര്യാദയും അന്തസ്സും നൽകണം. മുഖ്യമന്ത്രി ഒരാളുടെ കാല് പിടിക്കണമെന്ന് പറയുന്നത് ശരിയല്ല.’
സതീശൻ 25 വർഷത്തിലധികമായുള്ള എന്റെ സുഹൃത്താണ്. എന്നാൽ, സൗഹൃദത്തിനപ്പുറം അദ്ദേഹത്തെ ഒരുമുഖ്യമന്ത്രിയായി കാണുന്നതാണ് മര്യാദ. മുഖ്യമന്ത്രി എപ്പോഴും തിരക്കുള്ള ആളാണ്. അദ്ദേഹത്തിന്റെ സമയം നൽകുന്നതിൽ പരിമിതികൾ ഉണ്ടാകും. അത് നമ്മൾ മനസ്സിലാക്കണം. നേരത്തെ മന്ത്രിയായും എം.എൽ.എയായും താൻ പ്രവർത്തിച്ചിട്ടുണ്ട്. അന്ന് പല മുഖ്യമന്ത്രിമാരുടെ തിരക്കുകളും നേരിട്ട് കണ്ടിട്ടുണ്ട്.
തന്റെ ‘അഡ്രസ്’ കളയുമെന്ന സുകുമാരൻ നായരുടെ പ്രസ്താവനക്കും ഗണേഷ് കുമാർ മറുപടി നൽകി. തന്റെ അഡ്രസ് ആർ. ബാലകൃഷ്ണപിള്ളയുടെ മകൻ എന്നതാണ്. 19ാം വയസ്സിൽ അഭിനയരംഗത്ത് എത്തി ലോകമറിയുന്ന കലാകാരനായി എന്നതാണ് മറ്റൊരു അഡ്രസ്. 25 വർഷമായി പൊതുരംഗത്ത് നിൽക്കുന്ന ഒരു പൊതുപ്രവർത്തകനാണ്. ജനങ്ങളുടെ ഔദാര്യം മാത്രമാണ് തനിക്കുള്ളത്. മറ്റ് ആരുടെയും ഔദാര്യം കൊണ്ടോ വളഞ്ഞവഴികളിലൂടെയോ ഉണ്ടായതല്ല. അത് ഇല്ലാതാക്കാൻ ആർക്കും കഴിയില്ല -ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
ഏതാനും ദിവസങ്ങൾക്കുമുമ്പ്, ഗണേഷ് കുമാറിനെ എൻ.എസ്.എസ് ഡയറക്ടർ ബോർഡിൽനിന്ന് പുറത്താക്കിയിരുന്നു. കാലാവധി കഴിഞ്ഞതാണ് കാരണമായി പറഞ്ഞത്. അംഗത്വം പുതുക്കി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിച്ചില്ല. ഗണേഷിനൊപ്പം കാലാവധി കഴിഞ്ഞ മറ്റ് എട്ട് പേർക്കും അംഗത്വം പുതുക്കി നൽകിയപ്പോഴാണ് ഗണേഷിനെ മാത്രം ഒഴിവാക്കിയത്. കുന്നത്തൂർ എൻ.എസ്.എസ് താലൂക്ക് യൂനിയൻ പ്രസിഡന്റ് വി.ആർ.കെ. ബാബുവിനെയാണ് ഗണേഷ് കുമാറിനു പകരം ഡയറക്ടർ ബോർഡിൽ എടുത്തത്.
എൻ.എസ്.എസിനൊപ്പം തന്നെ തുടരുമെന്നും സ്ഥാനമാനങ്ങൾ ആഗ്രഹിച്ചിട്ടില്ലെന്നുമാണ് അന്ന് ഗണേഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചത്.
അതേസമയം, എം.എൽ.എ ആയിരിക്കുമ്പോഴും മന്ത്രിയായിരിക്കുമ്പോഴും എൻ.എസ്.എസ് നേതൃനിരയുടെ മുഖമായിരുന്ന ഗണേഷ് കുമാർ, കുറെ നാളുകളായി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയാണ്. പത്തനാപുരത്തെ പത്മ കഫെ നിർമാണത്തിലെ അഴിമതി ആരോപണവും ഇതിനെ തുടർന്ന് താലൂക്ക് യൂനിയൻ അംഗങ്ങൾ ഭൂരിഭാഗം രാജിവെച്ചതും പിന്നീട് വിവാദമായിരുന്നു. പലതവണ ഗണേശ്കുമാർ സുകുമാരൻ നായരുമായി അനുനയ ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. ഇതിന് പിന്നാലെയാണ് ഡയറക്ടർ ബോർഡ് സ്ഥാനം കൂടി തെറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.