കൊച്ചി: വരാപ്പുഴ-പറവൂർ-കൊടുങ്ങല്ലൂർ വഴി ഗുരുവായൂരിലേക്കും പൊന്നാനിയിലേക്കുമുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസ് നടത്തുന്നില്ലെന്ന് പരാതിയുമായി യാത്രക്കാർ. പ്രിയദർശിനി പദ്ധതി നടപ്പാക്കിയതിന് ശേഷമാണ് ബസുകൾ പതിവായി ട്രിപ്പ് മുടക്കുന്നതെന്ന് യാത്രക്കാർ പരാതിയിൽ പറയുന്നു. വൈകിട്ട് മൂന്നിന് ശേഷം തിരക്കേറിയ സമയത്താണ് സർവീസുകൾ കൂടുതലായി റദ്ദാക്കുന്നത്.
സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ഓർഡിനറി വിഭാഗത്തിൽപ്പെട്ട പ്രിയദർശിനി ബസുകളാണ് സർവീസ് മുടക്കുന്നതെന്ന് യാത്രക്കാർ പറയുന്നു. ഗുരുവായൂർ, കൊടുങ്ങല്ലൂർ, പൊന്നാനി ഡിപ്പോകളിലെ ബസുകളാണ് റൂട്ടുകളിൽ സർവീസ് നടത്തുന്നത്. ജോലിക്കാരും വിദ്യാർഥികളും ഉൾപ്പെടെ നിരവധി യാത്രക്കാരാണ് ദിവസവും ഈ സർവീസുകളെ ആശ്രയിക്കുന്നത്. സാധാരണ 10 മുതൽ 20 മിനിറ്റ് വരെ ഇടവേളകളിൽ ബസുകൾ ഓടാറുണ്ടെങ്കിലും സമീപക്കാലത്തായി പല സർവീസുകളും മുന്നറിയിപ്പില്ലാതെ റദ്ദാക്കുന്നതായി യാത്രക്കാർ ആരോപിക്കുന്നുണ്ട്.
വൈകിട്ട് നാലിന് എറണാകുളം ബോട്ട് ജെട്ടിയിൽ നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന കൊടുങ്ങല്ലൂർ ഡിപ്പോ ബസ് പലപ്പോഴും റദ്ദാക്കുന്നുണ്ട്. 4.10 നുള്ള പൊന്നാനി സർവീസും 4.20 നുള്ള ഗുരുവായൂർ സർവീസും സ്ഥിരമായി മുടങ്ങുന്നതായും പരാതിയുണ്ട്. ഇതോടെ 3.40 നുള്ള ബസിന് ശേഷം ഗുരുവായൂരിലേക്കുള്ള അടുത്ത സർവീസ് 4.50 നാണ് ലഭിക്കുന്നത്. പിന്നീട് എത്തുന്ന ബസുകളിൽ അമിത തിരക്ക് അനുഭവപ്പെടുന്നതായും യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു.
സ്ത്രീകൾക്കുള്ള സൗജന്യ യാത്ര പദ്ധതിക്ക് ശേഷം യാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിച്ച സാഹചര്യത്തിൽ സർവീസ് മുടങ്ങലുകൾ കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നതായി യാത്രക്കാർ പറയുന്നു. യാത്രക്കാരുടെ ദുരിതത്തിന് പരിഹാരം കാണാൻ കെ.എസ്.ആർ.ടി.സി അടിയന്തര നടപടി സ്വീകരിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.