‘ബാലഭാസ്‌കറിന്റെ മരണത്തില്‍ നീതി ലഭിച്ചില്ല; പിന്നിൽ സ്വർണക്കടത്ത് മാഫിയ’; സി.ബി.ഐയെ സമീപിക്കുമെന്ന് പിതാവ്

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് മാഫിയ ആണെന്ന ആരോപണം ആവര്‍ത്തിച്ച് പിതാവ് കെ.സി. ഉണ്ണി. അപകട സമയത്ത് ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അര്‍ജുന്‍, പെരിന്തൽമണ്ണയിൽ വ്യാപാരിയെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് ഉണ്ണി വീണ്ടും രംഗത്തെത്തിയത്.

അര്‍ജുന്‍ നേരത്തേയും ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഇക്കാര്യം ഉള്‍പ്പെടെ സി.ബി.ഐയുടെ ശ്രദ്ധയിൽപെടുത്തും. ബാലഭാസ്‌കറിന്റെ മരണത്തില്‍ ഒരു നീതിയും ലഭിച്ചിട്ടില്ല. സി.ബി.ഐ രണ്ടാമതൊരു റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. അത് എന്താണെന്ന് പരിശോധിച്ച് മുന്നോട്ടുപോകും. ആദ്യ കേസ് പിന്‍വലിച്ചാല്‍ എം.എ.സി.ടി (മോട്ടർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ) കേസ് പിന്‍വലിപ്പിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. അര്‍ജുന്‍ കൊടുത്ത എം.എ.സി.ടി കേസ് ഞങ്ങള്‍ തോറ്റു എന്ന നിലയിലാണ് പൊലീസിന്‍റെ പ്രതികരണം. അപകടസമയത്ത് വാഹനമോടിച്ചത് ബാലഭാസ്‌കറാണെന്നും അര്‍ജുനന് ഞാന്‍ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് കേസ്. ഇന്‍ഷുറന്‍സ് കമ്പനിയല്ല മറിച്ച് ഞാന്‍ ഒരു കോടി നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം.

ഒരു കാര്യവുമില്ലാത്ത കേസ് ഇപ്പോള്‍ വലിയ തലവേദന ആയിരിക്കുകയാണ്. കള്ളക്കടത്ത് മാഫിയയെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഉണ്ണി പറഞ്ഞു. 2018 സെപ്റ്റംബർ 25നാണ് ബാലഭാസ്കർ വാഹനാപകടത്തിൽ മരിച്ചത്. ആ സമയം കാർ ഓടിച്ചിരുന്നത് അർജുൻ ആയിരുന്നെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിൽ വിവിധ അന്വേഷണ സംഘത്തിന്‍റെ ചോദ്യംചെയ്യലിന് വിധേയനായിരുന്നു.

Tags:    
News Summary - 'Justice was not served in Balabhaskar's death'; The father will approach the CBI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.