തിരുവനന്തപുരം: ഡോക്ടർമാരുടെ പെന്ഷന് പ്രായ വര്‍ധനക്കെതിരെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന അനിശ്ചിതകാല സമരം ഒത്തുതീര്‍ന്നു. ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം ഒത്തുതീര്‍ന്നത്. സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ മാധ്യമങ്ങളെ അറിയിച്ചു.
പെന്‍ഷന്‍പ്രായ വര്‍ധന പിന്‍വലിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. പകരം പി.ജി പഠനശേഷം ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ സര്‍വിസില്‍ പ്രവേശിക്കാൻ കഴിയുംവിധത്തിൽ ഡോക്ടർമാരുടെ പുതിയ തസ്തികകള്‍ സൃഷ്ടിക്കുമെന്ന് മന്ത്രി സമരക്കാരെ അറിയിച്ചു.
പെന്‍ഷന്‍പ്രായം വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ഇവര്‍ വിരമിക്കാതിരിക്കുന്ന സാഹചര്യത്തില്‍ ഉണ്ടാകുന്ന പ്രയാസം പരിഹരിക്കണമെന്നാണ് സമരം ചെയ്ത ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രധാനമായും ഉന്നയിച്ചത്. പി.ജി സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യവും സമരക്കാര്‍ ഉന്നയിച്ചിരുന്നു. കഴിഞ്ഞവര്‍ഷം പി.ജി സീറ്റുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ട്.
ഇക്കാര്യത്തില്‍ സമരക്കാരുടെ ആവശ്യം പരിഗണിക്കാമെന്നും സമരം ചെയ്തവരോട് പ്രതികാരനടപടി സ്വീകരിക്കില്ലെന്നും മന്ത്രി ഉറപ്പുനല്‍കി. പല മേഖലകളിലും തസ്തികകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ കിടക്കുന്നുണ്ട്. ഇതിലേക്ക് നിയമനം നടക്കുന്നില്ലെന്നും സമരക്കാര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. ഇക്കാര്യത്തില്‍ പി.എസ്.സിയുമായി ബന്ധപ്പെട്ട് നിയമനം വേഗത്തിലാക്കാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.