മലപ്പുറം: അപകടത്തില്‍പെട്ട വാഹനത്തിന് രണ്ടു വര്‍ഷമായി ഇന്‍ഷുറന്‍സ് അനുവദിച്ചില്ലെന്ന പരാതിയില്‍ പരാതിക്കാരന് ഇന്‍ഷുറന്‍സ് തുകയായി ഒമ്പത് ലക്ഷം രൂപയും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും നല്‍കാന്‍ ഉപഭോക്തൃ കമീഷന്‍ ഉത്തരവായി.
മലപ്പുറം പന്തലൂര്‍ കടമ്പോട് സ്വദേശി ഷിബുവിന്റെ കാര്‍ 2022 മേയ് 30 നാണ് മഞ്ചേരിയില്‍ അപകടത്തില്‍പെട്ട് പൂര്‍ണമായി തകര്‍ന്നത്. അപകടം നടന്ന് രണ്ടാഴ്ചക്കകം വാഹനം വര്‍ക്ക്‌ഷോപ്പിലെത്തിച്ചിരുന്നു. എന്നാല്‍, ഇന്‍ഷുറന്‍സ് കമ്പനി ഇന്‍ഷുറന്‍സ് അനുവദിക്കാന്‍ തയാറാകാത്തതിനാല്‍ വാഹനം നന്നാക്കാനായില്ല. ഒരു വര്‍ഷമായിട്ടും തുക അനുവദിക്കാത്തതിനാലാണ് പരാതി നല്‍കിയത്.
വാഹനം ഓടിക്കുമ്പോഴുള്ള നിയമങ്ങള്‍ പാലിച്ചിട്ടില്ലെന്നും മഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് നിലവിലുണ്ടെന്നും ഈ കേസില്‍ വിധി വന്നാലാണ് ഇന്‍ഷുറന്‍സ് ആനുകൂല്യത്തിന് അര്‍ഹതയുണ്ടോയെന്ന് തീരുമാനിക്കാനാകൂവെന്നുമാണ് കമ്പനി വാദിച്ചത്. വാഹനം വര്‍ക്ക്‌ഷോപ്പില്‍ കിടക്കുന്നതിനാല്‍ പ്രതിദിനം 750 രൂപ വാടക നല്‍കണമെന്ന് വര്‍ക്ക്‌ഷോപ്പ് ഉടമയും ആവശ്യപ്പെട്ടു.
രേഖകള്‍ പരിശോധിച്ച കമീഷന്‍ ഇന്‍ഷുറന്‍സ് വൈകിക്കാൻ മതിയായ കാരണമില്ലെന്ന് കണ്ടെത്തി. വാഹനം വര്‍ക്ക് ഷോപ്പില്‍ നിന്ന് കമ്പനി എടുത്തുമാറ്റണമെന്നും കോടതി ചെലവായി 10,000 രൂപയും പരാതിക്കാരന് നല്‍കണമെന്നും കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമീഷന്‍ ഉത്തരവില്‍ പറഞ്ഞു. ഒരു മാസത്തിനകം തുക നല്‍കിയില്ലെങ്കില്‍ ഒമ്പത് ശതമാനം പലിശയും നല്‍കണം. യുനൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയാണ് വിധി നടപ്പാക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.