തണ്ണിക്കോണം നിവാസികളുടെ ദുരിതം നേരിട്ട് കണ്ട് ജഡ്ജിമാർ; വാസയോ​ഗ്യമായ താമസ സ്ഥലമില്ലാത്തത് ആശങ്കാജനകം

തിരുവനന്തപുരം: ന​ഗരൂർ ​ഗ്രാമപഞ്ചായത്തിലെ പത്താംവാർഡ് തണ്ണിക്കോണം പെരുമ്പള്ളി പച്ചക്കാട്ടിൽ എസ്. സി കോളനി നിവാസികളുടെ ദുരിതം നേരിട്ട് കണ്ട് ജഡ്ജിമാർ. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എസ്. ഷംനാദും, ചിറയിൻകീഴ് ലീ​ഗൽ സർവീസ് കമ്മിറ്റി ലീ​ഗൽ സർവീസ് കമ്മിറ്റി ചെയർമാനും, ഡിസ്ട്രിക്ട് ജഡ്ജുമായ എസ്. സുരേഷ് കുമാറമാണ് കോളനി സന്ദർശിച്ചത്.

ഈ പ്രദേശത്ത് സമുദ്ര നിരപ്പിൽ നിന്നും 2000ത്തിലേറെ അടി ഉയരമുള്ള കുന്നിന് മുകളിൽ യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ താമസിക്കുന്ന നാല് കുടുംബങ്ങളെ അവർ നേരിൽ കണ്ടു. വാസയോ​ഗ്യമായ വീടുകളോ, താമസ സ്ഥലത്ത് കിണറോ, കക്കൂസോ ഇല്ലാത്ത ജീവിതമാണ് അവരുടേതെന്ന് വ്യക്തമായി.

അപകടകരമായ പറക്കെട്ടുകൾക്ക് താഴെ സ്ഥിതി ചെയ്യുന്ന ഈ വീടുകൾക്ക് മുകളിൽ ഇളകി വീഴാറായ നിലയിലുള്ള കൂറ്റൻ പാറകൾ നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട ജഡ്ജിമാർ അടിയന്തര നടപടികൾക്ക് വേണ്ട നിർദേശം നൽകാൻ ഉത്തരവിട്ടു. പാറകൾ അടർന്ന് വീണാൽ താഴെയുള്ള നിരവധി വീടുകളിൽ താമസിക്കുന്നവരുടെ ജീവനും ഭീഷണിയിലാണെന്ന് ജഡ്ജിമാർക്ക് ബോധ്യമായി.

നിരവധി വർഷങ്ങളായി ഇവിടെ താമസിക്കുന്നവർക്ക് കുടിവെള്ളം പോലും വർഷങ്ങളായി ലഭിക്കാത്ത അവസ്ഥയിലാണ്. കുത്തനെയുള്ള കുന്നിന്റെ മുകളിൽ കിണർ കുഴിക്കാനാകാത്തതിനാൽ മഴവെള്ളം സംഭരിച്ചാണ് വർഷങ്ങളായി ഇവർ ഉപയോ​ഗിക്കുന്നത്. ഇവർക്ക് ആവശ്യമായ വെള്ളം എത്തിക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കുന്നില്ലെന്ന് കോളനി നിവാസികൾ ജഡ്ജിമാരെ അറിയിച്ചു.

ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ വീടുകളിൽ താമസിക്കുന്ന ഇവർക്ക് പ്രാദേശിക ഭരണകൂടം വീട് വെക്കാനുള്ള സഹായം നൽകിയാലും സാധന സാമ​ഗ്രികൾ എത്തിക്കാൻ കഴിയില്ല. നിലവിൽ കുടിവെള്ളം പോലും താഴെ നിന്നും ശേഖരിച്ച് മൂന്ന് ദിവസങ്ങളിലായാണ് വീടുകളിൽ എത്തിക്കുന്നത്. കിണർ ഇല്ലാത്തതിനാൽ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും സ്ത്രീകൾ ഉൾപ്പെടെയുള്ളവർ അനുഭവിക്കുന്ന ദുരിതവും ജഡ്ജിമാർ നേരിട്ട് മനസിലാക്കി.

താമസയോ​ഗ്യമായ സ്ഥലത്തേക്ക് ഇവരെ പുനരധിവസിപ്പിണമെന്നാണ് കോളനി നിവാസികൾ ജഡ്ജിമാരോട് അഭ്യർഥിച്ചത്. കോളനി സന്ദർശിച്ച് ദുരിതം നേരിട്ട് മനസിലാക്കിയ സബ് ജഡ്ജായ എസ്. ഷംനാദ് 18 ന് പ്രശ്ന പരിഹാരത്തിന് ഡെപ്യൂട്ടി കലക്ടർ, ചിറയിൻകീഴ് താലൂക്ക് തഹസീൽദാർ, പഞ്ചായത്ത് സെക്രട്ടറി, എസ്.സി- എസ്.ടി ഡയറക്ടർ, ആറ്റിങ്ങൽ ഡി.വൈ.എസ്.പി, ന​ഗരൂർ എസ്.എച്ച് ഒ എന്നിവരുടെ യോഗം വിളിച്ചു. താലൂക്ക് ലീ​ഗൽ സർവീസ് സൊസൈറ്റി ഇൻ ചാർജ് ജി.സുമ, പാരാ ലീ​ഗൽ വാളന്റീയർ ഐ. താഹിറ, താലൂക്ക് ലീ​ഗൽ സർവീസ് അതോറിറ്റിയിലെ പാരാലീ​ഗൽ വാളന്റീയർമാരും ജഡ്ജിമാരുടെ സംഘത്തിനോടൊപ്പം ഉണ്ടായിരുന്നു.

Tags:    
News Summary - Judges saw first hand the suffering of Thannikonam residents; Lack of habitable accommodation is a concern

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.