പി.സി. ജോർജിന്റെ ജാമ്യാപേക്ഷയിൽ വിധി നാളെ

കോട്ടയം: ചാനൽ ചർച്ചയിൽ മതവിദ്വേഷ പരാമർശം നടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന ബി.ജെ.പി നേതാവും മുൻ എം.എൽ.എയുമായ പി.സി. ജോർജിന്റെ ജാ​മ്യാപേക്ഷയിൽ വിധി പറയുന്നത് ഈരാറ്റുപേട്ട ജുഡീഷ്യൽ ഫസ്റ്റ്​ക്ലാസ്​ മജിസ്​ട്രേറ്റ്​​ കോടതി നാളത്തേക്ക് മാറ്റി. നിലവിൽ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ കഴിയുകയാണ് പി.സി. ജോർജ്. ഇ.സി.ജിയി​ലെ വ്യതിയാനം, മെഡിക്കൽ കോളജ്​ ആശുപത്രിയിലെ ചികിത്സ ഉൾപ്പെടെ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജോർജ്​ ജാമ്യാപേക്ഷ​ സമർപ്പിച്ചത്. പി.സി. ജോർജിന്റെ ആരോഗ്യം മോശമാണെന്ന് അഭിഭാഷകൻ വാദിച്ചു.

എന്നാൽ നിലവിൽ ജാമ്യം ആവശ്യമില്ലെന്നും ഇപ്പോൾ നൽകുന്നത് മികച്ച ചികിത്സയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. ജാമ്യവ്യവസ്ഥകൾ പി.സി. ജോർജ് തുടർച്ചയായി ലംഘിക്കുകയാണെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു.

തിങ്കളാഴ്ച രാവിലെ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ പി.സി. ജോർജിന്‍റെ ജാമ്യാപേക്ഷ തള്ളിയ കോടതി അദ്ദേഹത്തെ 14 ദിവസത്തേക്ക്​ റിമാൻഡ്​ ചെയ്യുകയായിരുന്നു. ജോർജിനെ പൊലീസ്​ കസ്റ്റഡിയിൽ വിടരുതെന്നും ജാമ്യം അനുവദിക്കണമെന്നുമുള്ള ആവശ്യം കോടതി തള്ളിയിരുന്നു.

മുമ്പും സമാനമായ മതവിദ്വേഷ പരാമർശങ്ങൾ ജോർജിന്‍റെ ഭാഗത്തു​ നിന്നുണ്ടായിട്ടുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ച്​ പൊലീസിൽ നിന്നു ഈ കേസുകളുടെ വിശദാംശങ്ങൾ വാങ്ങി പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ നടപടി.

നേരത്തെ, ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷകൾ തള്ളിയ കോട്ടയം സെഷൻസ്​ കോടതിയും ഹൈകോടതിയും നടത്തിയ പരാമർശങ്ങളും പി.സി. ജോർജിന്​ എതിരാണ്​. 30 വർഷത്തോളം ജനപ്രതിനിധിയായിരുന്ന ഒരു വ്യക്തിയിൽ നിന്ന്​ ഉണ്ടാകാൻ പാടില്ലാത്ത നടപടിയാണിതെന്നും ഇത്​ ആവർത്തിക്കുന്നത്​ അംഗീകരിക്കാനാകില്ലെന്നുമുള്ള അഭിപ്രായ പ്രകടനത്തോടെയാണ്​ കോടതികൾ മുൻകൂർ ജാമ്യാപേക്ഷകൾ തള്ളിയത്​.



Tags:    
News Summary - Judgement on P C George's bail application tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.