ന്യൂഡൽഹി: വഖഫ് ബില്ല് പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) യോഗം ഇന്ന് വീണ്ടും ചേരും. ശനിയാഴ്ച ചേരാൻ നിശ്ചയിച്ചിരുന്ന യോഗമാണ് ഇന്ന് ചേരുന്നത്. വെള്ളിയാഴ്ച നടന്ന യോഗത്തിൽ ജെ.പി.സി ചെയർമാൻ ജാഗദാംബിക പായലിനെതിരെ പ്രതിഷേധിച്ച പത്ത് പ്രതിപക്ഷ എം.പിമാരെ ഒരു ദിവസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.
തിടുക്കപ്പെട്ട് യോഗം ചേർന്നതിനും ചെയർമാൻ സ്വന്തം അജണ്ട ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്നതിനുമെതിരെയാണ് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചത്. തിടുക്കപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാനുള്ള ജെ.പി.സി അധ്യക്ഷന്റെ തീരുമാനത്തിനെതിരെ ഇന്നും പ്രതിപക്ഷ എംപിമാർ പ്രതിഷേധിക്കും. അതേസമയം, ബജറ്റ് സമ്മേളനത്തിൽ തന്നെ ബിൽ പാസാക്കാനാണ് കേന്ദ്ര നീക്കം.
കല്യാൺ ബാനർജി, എം.ഡി ജാവിദ്, എ.രാജ, അസദുദ്ദീൻ ഉവൈസി, നാസിർ ഹുസൈൻ, മോഹിബുള്ള, എം. അബ്ദുല്ല, അരവിന്ദ് സ്വാന്ത്, നദിമുൽ ഹഖ്, ഇംറാൻ മസൂദ് എന്നീ 10 പ്രതിപക്ഷ എം.പിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രതിപക്ഷ അംഗങ്ങളെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി അംഗം നിഷികാന്ത് ദുബെ അവതരിപ്പിച്ച പ്രമേയം കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.
കരട് നിയമനിർമാണത്തിലെ നിര്‍ദിഷ്ട മാറ്റങ്ങള്‍ അവലോകനം ചെയ്യാന്‍ തങ്ങള്‍ക്ക് മതിയായ സമയം നല്‍കിയിട്ടില്ലെന്ന് പ്രതിപക്ഷ അംഗങ്ങള്‍ വാദിച്ചതോടെ പാര്‍ലമെന്ററി കമ്മിറ്റി യോഗത്തിൽ ബഹളമുണ്ടാവുകയായിരുന്നു. രൂക്ഷമായ തര്‍ക്കത്തെ തുടര്‍ന്ന് സഭാനടപടികൾ നിർത്തിവച്ചു. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് വഖഫ് ഭരണഘടനാ ഭേദഗതി വേഗത്തില്‍ നടപ്പിലാക്കാൻ ബിജെപി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ എം.പിമാര്‍ ആരോപിച്ചിരുന്നു. അതേസമയം, പ്രതിപക്ഷം മനപ്പൂർവം പ്രശ്നങ്ങളുണ്ടാക്കുകയാണെന്നാണ് ബി.ജെ.പി ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.