അഭിരാമിയുടെ ആത്മഹത്യ: പ്രതികരിക്കാത്ത വിദ്യാർഥി സംഘടനകൾക്ക് സിന്ദാബാ -ജോയ് മാത്യു

കൊച്ചി: വീടിനുമുന്നിൽ കേരള ബാങ്ക് ജപ്തി ബോർഡ് സ്ഥാപിച്ചതിൽ മനംനൊന്ത് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിലും വിദ്യാർഥിയെയും പിതാവിനെയും കെ.എസ്.ആർ.ടി.സി ജീവനക്കാർ മർദിച്ച സംഭവത്തിലും കേരളം നടുങ്ങിയിട്ടും വിദ്യാർഥി സംഘടനകൾ പ്രതിഷേധവമായി രംഗത്ത് വരാത്തതിനെതിരെ നടൻ ജോയ് മാത്യു.

സംഭവത്തിൽ മൗനം പാലിക്കുന്ന വിദ്യാർഥി സംഘടനക​ളെ നടൻ രൂക്ഷമായി പരിഹസിച്ചു. 'ഒരു വിദ്യാർഥിയെയും പിതാവിനെയും തല്ലിച്ചതച്ചിട്ടും കയ്യും കെട്ടിയിരിക്കുന്ന വിദ്യാർത്ഥി ഐക്യം സിന്ദാബാ... വീട് ജപ്തി ഭീഷണിയിൽ മനം നൊന്ത് വിദ്യാർഥി ആത്മഹത്യ ചെയ്തിട്ടും പ്രതികരിക്കാൻ കഴിയാത്ത വിദ്യാർഥി സംഘടനകൾക്ക് സിന്ദാബാ...' എന്നാണ് ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചത്.

ചൊവ്വാഴ്ചയാണ് കേരള ബാങ്കിന്‍റെ ജപ്തി ഭീഷണിയെ തുടർന്ന് ശൂരനാട് തെക്ക് അജി ഭവനിൽ അജികുമാറിന്റെ മകൾ അഭിരാമി ആത്മഹത്യ ചെയ്തത്. 2019ൽ കേരള ബാങ്കിന്‍റെ പതാരം ശാഖയിൽ നിന്ന് അജികുമാർ 10 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. വീടുപണിയും അച്ഛന്‍റെയും ഭാര്യയുടെയും ചികിത്സാ ചെലവുകളും ഒക്കെ മുന്നോട്ടുകൊണ്ടുപോകാനായിരുന്നു വായ്പ. അജികുമാർ വിദേശത്തായിരുന്നപ്പോൾ കുഴപ്പമുണ്ടായിരുന്നില്ല. എന്നാൽ, കോവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയതോടെ തിരിച്ചടവ് മുടങ്ങി. കഴിഞ്ഞ മാർച്ചിൽ ഒന്നരലക്ഷം രൂപ അടച്ചതായി ബന്ധുക്കൾ പറയുന്നു. ബാക്കി തുക ഉടനടയ്ക്കണം എന്ന് ആവശ്യപ്പെട്ട് ബാങ്ക് നിരന്തരം ഇവർക്ക് നോട്ടീസ് നൽകിയിരുന്നു.

ചെങ്ങന്നൂർ എരമല്ലിക്കര ശ്രീ അയ്യപ്പാ കോളജിൽ ബിഎസ്‍സി കംപ്യൂട്ടർ സയൻസ് രണ്ടാം വർഷ വിദ്യാർഥിനിയായിരുന്നു അഭിരാമി. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ അഭിരാമി പഠനത്തിൽ മിടുക്കിയായിരുന്നു. കോളജ് ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന അഭിരാമി കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്.

വിദ്യാർഥിയായ മകൾക്ക് യാത്രാ കൺസെഷൻ ലഭിക്കുന്നതിന് തിരുവനന്തപുരം കാട്ടാക്കട ഡിപ്പോയിൽ എത്തിയ പിതാവിനെ കഴിഞ്ഞ ദിവസമാണ് ജീവനക്കാർ ചേർന്ന് മർദിച്ചത്. ഇതിന്റെ വിഡിയോ പ്രചരിക്കുകയും ആക്രമണം നടത്തിയ കാട്ടാക്കട ഡിപ്പോയിലെ ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, ഈ രണ്ടുസംഭവത്തിലും എസ്.എഫ്.ഐ അടക്കുള്ള വിദ്യാർഥി സംഘടനകൾ കാര്യമായി പ്രതികരിച്ചില്ല. കാട്ടാക്കട സംഭവത്തിൽ മാത്രമാണ് എസ്.എഫ്ഐ പ്രതിഷേധ കുറിപ്പ് ഇറക്കിയത്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിപ്പോയിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയും ചെയ്തിരുന്നു. 

Tags:    
News Summary - Joy Mathew mocks student organizations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.