രാജപ്പൻ, ജോഷി 

'എന്നോട് ഓടിരക്ഷപ്പെടാൻ പറഞ്ഞു; പിന്നാലെ തേനീച്ചകളെത്തി, കൺമുന്നിൽ വെച്ചാണ് ജീവനെടുത്തത്'

കല്ലടിക്കോട് (പാലക്കാട്): ഗുരുനാഥൻ തേനീച്ചയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിൻ്റെ നടുക്കം മാറിയിട്ടില്ല പ്രിയ ശിഷ്യൻ ജോഷിക്ക്. ഒരുമിച്ച് ജോലിചെയ്തുകൊണ്ടിരിക്കെയാണ് കരിമ്പ ഇടക്കുറുശ്ശി തമ്പുരാൻചോല പറപ്പള്ളി വീട്ടിൽ പി.കെ. രാജപ്പൻ (65) തേനീച്ചയുടെ കുത്തേറ്റ് മരിച്ചത്. ഇന്നു രാവിലെ ഏഴരയോടെ മരുതുംകാട് തേനമല എസ്റ്റേറിലായിരുന്നു സംഭവം.

ജോലിക്കായി മലമ്പുഴയിൽ നിന്നെത്തി കരിമ്പയിൽ സ്ഥിരതാമസമാക്കിയയാളായിരുന്നു രാജപ്പൻ. നാല് പതിറ്റാണ്ട് കാലമായി ടാപ്പിങ് ഉപജീവനമാർഗ്ഗമായി ജോലി ചെയ്തുവരുകയാണ്. ഇതിനിടയിലാണ് ജോഷിയെ തന്‍റെയൊപ്പം കൂട്ടിയത്. നിലമ്പൂർ സ്വദേശിയായ മജീദ് മരംമുറിക്കാനെടുത്ത തോട്ടത്തിലാണ് ഒൻപത് മാസമായി രണ്ട് പേരും ടാപ്പിങ് ജോലി ചെയ്യുന്നത്.


പതിവ് പോലെ ബുധനാഴ്ച പുലർച്ചെ മൂന്നോടെ ജോഷിയുടെ ഓട്ടോയിലാണ് ഇരുവരും ജോലിക്ക് പോയത്. ഒരേ നിരയിൽ ടാപ്പിങ് ചെയ്യുന്നതിനിടയിലാണ് രാജപ്പനെ തേനീച്ച കുത്തുന്നത്. ഉടനെ ഓടി വന്ന് തേനീച്ച കുത്തിയ കാര്യം അറിയിച്ച് ജോഷിയോട് ഓടാൻ പറഞ്ഞു. രണ്ട് പേരും ഓടി രക്ഷപ്പെടുന്നതിനിടയിൽ മലന്തേനീച്ചക്കൂട്ടം പിന്നാലെയെത്തി രാജപ്പന്‍റെ തലയിൽ കുത്തി.

അവശനായ രാജപ്പനെ ഓട്ടോയിലാണ് കല്ലടിക്കോട് സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചത്. പിന്നീട് തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിച്ചു. കൂടെ ജോലി ചെയ്ത ഗുരുതുല്യനായ രാജപ്പന്‍റെ വേർപാടുണ്ടാക്കിയ ഞെട്ടലിൽ നിന്ന് ജോഷി മുക്തനായിട്ടില്ല. ഓട്ടോയിൽ ആശുപത്രിയിലേക്ക് എത്തുന്ന വഴിയിൽ രാജപ്പൻ തന്നോട്  സംസാരിച്ചിരുന്നതായി ജോഷി സങ്കടത്തോടെ ഓർക്കുന്നു. 

Tags:    
News Summary - Joshy reveals shocking incident of bee attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.