യു.എ.പി.എ കേസുകൾ പിന്‍വലിച്ച് തടവുകാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് സംയുക്ത പ്രസ്താവന

കോഴിക്കോട്: എതിർശബ്ദങ്ങളെ മുഴുവന്‍ അടിച്ചമർത്താനുള്ള ഭരണകൂട തന്ത്രമായി മാറിയ യു.എ.പി.എക്കെതിരെ സാമൂഹിക-സാസ്കാരിക-സാഹിത്യ രംഗത്തെ നിരവധി പ്രമുഖരുടെ സംയുക്ത പ്രസ്താവന. രാജ്യസുരക്ഷയും ദേശീയോദ്ഗ്രഥനവും ലക്ഷ്യമാക്കി നിലവിൽ വന്ന യു.എ.പി.എ നിയമം നിരപരാധികളായ മനുഷ്യരെ വർഷങ്ങളോളം തടവിലിടാനുള്ള ഭീകര വിരുദ്ധ നിയമങ്ങളുടെ തുടർച്ചയായി മാറിയിരിക്കുകയാണ്. നിയമപരമായ അനുമതിയില്ലാതെ വിചാരണക്ക് അയച്ച യു.എ.പി.എ കേസുകൾ പിന്‍വലിച്ച് അനാവശ്യ വ്യവഹാരങ്ങള്‍ ഒഴിവാക്കാനും ദീർഘകാലമായി തടവിൽ കഴിയുന്ന യു.എ.പി.എ തടവുകാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും തയാറാകണമെന്ന് സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

പ്രസ്താവനയുടെ പൂർണരൂപം:

കടുത്ത അടിച്ചമര്‍ത്തല്‍ നിയമമായ യു.എ.പി.എ സാമൂഹിക നീതിക്കും മനുഷ്യാവകാശത്തിനും വേണ്ടി പോരാടുന്നവര്‍ക്കെതിരേ കള്ളക്കേസുകള്‍ ചമയ്ക്കാന്‍ വ്യാപകമായ തോതില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. ആനന്ദ് തെല്‍തുംബ്ദേയെ പോലുള്ള പ്രമുഖ ബുദ്ധിജീവികള്‍ക്കും ഗൗതം നവലാഖയേയും സിദ്ദിഖ് കാപ്പനെയും പോലുള്ള പത്രപ്രവര്‍ത്തകര്‍ക്കും അദ്ധ്യാപകരായ സായിബാബ, ഹാനി ബാബു, റോണവിൽസണെ പോലുള്ള സാമൂഹിക പ്രവര്‍ത്തകർ, സുധാ ഭരദ്വാജ്, സുരേന്ദ്ര ഗാഡ്‌ലിങ് തുടങ്ങിയ അഭിഭാഷകര്‍ക്കും ഉമര്‍ ഖാലിദിനെ പോലെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും മുസ്ലീം യുവാക്കള്‍ക്കുമെല്ലാം എതിരേ യു.എ.പി.എ ചുമത്തി അനിശ്ചിത കാലം തുറുങ്കിലടക്കുന്നതിനെതിരേ രാജ്യവ്യാപകമായ പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ട്. പ്രഥമ ദൃഷ്ട്യാ കേസുണ്ടെങ്കില്‍ ജാമ്യം നല്‍കുന്നതിനെ പരിമിതപ്പെടുത്തുന്ന യു.എ.പി.എയിലെ 43D(5) വകുപ്പു മൂലം ഈ കേസുകളില്‍ ജയിലിലടക്കപ്പെടുന്നവര്‍ക്ക് ജാമ്യമെന്നത് കിട്ടാക്കനിയായി അവശേഷിക്കുന്നു.

നിരപരാധികളായ മനുഷ്യരെ വർഷങ്ങളോളം തടവിൽ ഇടാൻ സഹായകരമായ ഭീകര വിരുദ്ധ നിയമങ്ങളുടെ തുടർചയാണ് യു.എ.പി.എ. ഈ നിയമത്തിന്റെ മുൻഗാമികളായ ടാഡയും പോട്ടയും വ്യാപകമായ വിമർശനങ്ങളെ തുടർന്ന് പിൻവലിക്കപ്പെട്ട നിയമങ്ങളാണ്. അതു കൊണ്ട് തന്നെ യു.എ.പി.എ നിയമം കൊണ്ട് വരുന്ന സമയത്ത് അന്യായമായ കേസുകളും അറസ്റ്റും തടയാനായി വിചാരണ ആരംഭിക്കുന്നതിന് മുൻപ് ലഭ്യമായ തെളിവുകളും വസ്തുതകളും സർക്കാർ ഒരു സ്വതന്ത്രമായ പരിശോധനക്ക് വിധേയമാക്കാൻ തയ്യാറാകണം എന്ന വ്യവസ്ഥ കൂടി ഉൾപ്പെടുത്തിയത്.

പൗരന്മാരുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന കാര്യമായതിനാൽ ഈ പരിശോധന അനന്തമായി നീണ്ടു പോകാതിരിക്കാൻ ഒരു സമയക്രമവും നിയമത്തിൽ നിശ്ചയിച്ചിരിക്കുന്നു. ഈ സമയക്രമം കർശനമായി പാലിക്കണമെന്ന് വിധിച്ചു കൊണ്ടാണ് കേരള ഹൈക്കോടതി മാവോയിസ്റ്റ് കേസുകളിൽ തടവിൽ കഴിയുന്ന രൂപേഷിനെ മൂന്ന് കേസുകളിൽ കുറ്റവിമുക്തനാക്കിയത്.

ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് മുൻപ് ഇതേ കാരണത്താൽ ഈ കേസുകളിൽ കുറ്റവിമുക്തനാക്കിയെങ്കിലും കേരളം സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ പോവുകയായിരുന്നു. തുടർന്ന് കേരളഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച്, ഈ കേസിൽ വാദം കേൾക്കണമെന്നു ഉത്തരവിട്ടു കൊണ്ട് വീണ്ടും കേസുകൾ കേരളം ഹൈക്കോടതിയിലേക്കു തിരിച്ചയക്കുകയായിരുന്നു. തുടർന്നാണ് ഇപ്പോൾ ഡിവിഷൻ ബെഞ്ച് ഈ കേസുകളിൽ വീണ്ടും രൂപേഷിനെ കുറ്റ വിമുക്തനാക്കി ഉത്തരവിട്ടത്.

യു.എ.പി.എ ചുമത്തി കേസ്സെടുക്കുമ്പോൾ കുറ്റാരോപിതരുടെ അവകാശങ്ങൾ സംരക്ഷിക്കാനായി നിശ്ചിത കാലത്തിനുള്ളില്‍ പ്രത്യേക അനുമതി ആവശ്യമുണ്ടെന്നുള്ള വകുപ്പ് 45-ല്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള അല്‍പമാത്രമായ കരുതലുകള്‍ പോലും പാലിക്കപ്പെടുന്നില്ല എന്ന വസ്തുതയാണ് കേരള ഹൈക്കോടതി വിധി വ്യക്തമാക്കുന്നത്. ഇതു ചൂണ്ടിക്കാണിച്ചു കൊണ്ട് രൂപേഷിനെതിരെ ചുമത്തിയ കേസുകള്‍ ഇപ്പോള്‍ കേരള ഹൈകോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത് ഈ സാഹചര്യത്തില്‍ വളരെ സ്വാഗതാര്‍ഹമാണ്.

അകാരണമായ തടവിനും നീതിനിഷേധത്തിനും മറ്റു മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും യു.എ.പി.എ നിയമം കാരണമാകുന്നുവെന്ന് പരക്കെ അപലപിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ബഹുഭൂരിപക്ഷം യു.എ.പി.എ കേസുകളും പോസ്റ്ററുകള്‍ ഒട്ടിച്ചതിനും യോഗങ്ങളില്‍ പങ്കെടുത്തതിനും ഭക്ഷണം ശേഖരിച്ചതിനും രാഷ്ട്രീയ പ്രചരണം നടത്തിയതിനുമൊക്കെ എതിരായിട്ടാണ് രജിസ്റ്റർ ചെയ്യതിരിക്കുന്നത്. യു.എ.പി.എ പ്രയോഗിക്കുന്നതിനോട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ പ്രമുഖ അംഗങ്ങള്‍ തങ്ങള്‍ക്കുള്ള എതിര്‍പ്പ് ഇതിനകം പ്രകടിപ്പിച്ചതാണല്ലൊ.

അതുകൊണ്ട് ഇനി ഒരു തവണ കൂടി സുപ്രീം കോടതിയില്‍ അപ്പീലിനു പോകാതെ ഈ വിധി സ്വീകരിക്കാന്‍ സർക്കാര്‍ സന്നദ്ധമാകുമെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. മാത്രമല്ല, ഈ വിധിയെ മുന്‍നിറുത്തി, രൂപേഷുള്‍പ്പടെയുള്ളവര്‍ക്കെതിരേയുള്ള സമാനമായ തരത്തില്‍ നിയമപരമായ അനുമതിയില്ലാതെ വിചാരണക്ക് അയച്ച മറ്റെല്ലാ കേസുകളും പിന്‍വലിച്ച് അനാവശ്യ വ്യവഹാരങ്ങള്‍ ഒഴിവാക്കാനും ദീർഘകാലമായി തടവിൽ കഴിയുന്ന യു.എ.പി.എ തടവുകാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും തയ്യാറാകണം എന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

പ്രസ്താവനയിൽ ഒപ്പുവെച്ചവർ:

ബി.ആർ.പി ഭാസ്‌ക്കർ, സച്ചിദാനന്ദൻ, ഡോ. പി.കെ. പോക്കർ, ബി രാജീവൻ, ഡോ. ആസാദ്, ടി ടി ശ്രീകുമാർ, കുസുമം ജോസഫ്, ഡോ. ജെന്നി റൊവീന, കെ ടി റാംമോഹൻ, സാറ ജോസഫ്, എം എൻ രാവുണ്ണി,സതി അങ്കമാലി, സജീദ് ഖാലിദ്,കെ അജിത, ആർ അജയൻ,കെ എസ് ഹരിഹരൻ, അംബിക, സുല്ഫത്ത് എം, സോണിയ ജോർജ്, ഡോ. എം.എം. ഖാൻ, എ എം നദ്‌വി, കെ പി സേതുനാഥ്‌,അഡ്വ. മധുസൂദനൻ, അഡ്വ. ഭദ്രകുമാരി, അഡ്വ. സുഗതൻ പോൾ,ശ്രീജ നെയ്യാന്റിക്കര, പ്രമോദ് പുഴങ്കര, ജോളി ചിറയത്ത്, റെനി ഐയിലിൻ, മാഗ്ലിൻ ഫിലോമിന, അലൻ ഷുഹൈബ്, താഹ ഫസൽ.

Tags:    
News Summary - Joint statement calls for withdrawal of UAPA cases and protection of prisoners' rights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.