തൊടുപുഴ: ജോയിസ് ജോർജ് എം.പിയുടേത് കൈയേറ്റ ഭൂമിതന്നെയെന്ന് സി.പി.െഎ ജില്ല, സംസ്ഥാന നേതൃത്വം. കൈയേറിയത് എം.പിയല്ലെന്ന് മാത്രമാണ് റവന്യൂ മന്ത്രി പറഞ്ഞതെന്നും അവർ വിശദീകരിക്കുന്നു. എം.പിയുടെ കൊട്ടക്കാമ്പൂരിലെ പട്ടയം റദ്ദാക്കിയ വിഷയത്തിൽ റവന്യൂ മന്ത്രി, എം.പിക്ക് ക്ലീൻചിറ്റ് നൽകിയെന്ന് സി.പി.എം പ്രചാരണം ആരംഭിച്ചതിന് പിന്നാലെയാണിത്. എം.പിയുടെ വിവാദ ഭൂമി ഉൾപ്പെട്ട കൊട്ടക്കാമ്പൂരിലെ കൈയേറ്റക്കാരാണ് റവന്യൂ വകുപ്പിനെതിരെ രംഗത്തുള്ളതെന്ന് തുറന്നടിച്ചും സി.പി.െഎ നേതാക്കൾ വെള്ളിയാഴ്ച രംഗത്തെത്തി.
മൂന്നാർ മേഖലയിൽനിന്നുള്ള ജില്ല എക്സിക്യൂട്ടിവ് അംഗം പി. പളനിവേലാണ് നിലപാട് വ്യക്തമാക്കിയത്. സി.പി.എം നേതൃത്വത്തിൽ റവന്യൂ- വകുപ്പിനെതിരെ മൂന്നാര്‍ മേഖലയിലെ പത്ത് പഞ്ചായത്തുകളിൽ ഹർത്താൽ ആഹ്വാനം ചെയ്തത് ആരെ സംരക്ഷിക്കാനാണെന്ന ചോദ്യമുയർത്തി നോട്ടീസും സി.പി.െഎ പുറത്തിറക്കിയിട്ടുണ്ട്. കൊട്ടക്കാമ്പൂരിലെ എം.പിയുടേതടക്കം 25.45 ഏക്കർ ഭൂമിയുടെ പട്ടയമാണ് സബ് കലക്ടർ റദ്ദാക്കിയത്. ഭൂമിയെക്കുറിച്ചല്ല മന്ത്രി പറഞ്ഞതെന്നും എം.പി കൈയേറിയതല്ലെന്ന സാേങ്കതികത്വം ചൂണ്ടിക്കാട്ടുകയാണ് െചയ്തതെന്നും സി.പി.െഎ ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ പറഞ്ഞു.
ഭൂമിയുടെ സാധുത പരിശോധിക്കുന്നത് ഉദ്യോഗസ്ഥരാണ്. പിതാവ് നൽകിയ ഭൂമിയെന്ന നിലയിൽ എം.പിയല്ല ഉത്തരവാദിയെന്നാണ് മന്ത്രി പറഞ്ഞത്. ദേവികുളം സബ് കലക്ടറുടെ നടപടിയെ മന്ത്രി തള്ളിപ്പറഞ്ഞിട്ടില്ലെന്നും ശിവരാമൻ ‘മാധ്യമ’ത്തോട് പറഞ്ഞു. മൂന്നാർ സംരക്ഷണസമിതിയെ മറയാക്കി റവന്യൂ-വനം വകുപ്പുകൾക്കെതിരെയുള്ള സി.പി.എം ഹർത്താലിനെ എതിർത്ത് സി.പി.ഐക്കൊപ്പം കോൺഗ്രസുമുണ്ട്. ജോയിസ് ജോർജിെൻറ കൈവശമുള്ളത് കൈയേറ്റ ഭൂമിതന്നെയാണെന്ന് സി.പി.ഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി കെ. പ്രകാശ് ബാബുവും വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.