കൊച്ചി: നിയമ വിദ്യാർഥിനി ജിഷ കൊല്ലപ്പെട്ട കേസിൽ സി.ബി.ഐ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പൊലീസ് അറസ്റ്റ് ചെയ്ത അമീറുൽ ഇസ്ലാമിനെ പ്രിൻസിപ്പൽ സെഷൻസ് കോടതി വധ ശിക്ഷക്ക് വിധിച്ചതോടെ കൊല്ലപ്പെട്ട ജിഷക്ക് നീതി ലഭിച്ചുവെന്ന് വിശ്വസിക്കാനാവില്ല. ഇരു പൊലീസ് അന്വേഷണസംഘങ്ങളും കേസ് അട്ടിമറിച്ച് ജിഷക്ക് നീതി നിഷേധിച്ചത് സംബന്ധിച്ചും ജിഷ ആക്ഷൻ കൗൺസിൽ പ്രവർത്തകർക്ക് നേരെ പൊലീസ് പ്രതികാര ബുദ്ധിയോടെ പ്രവർത്തിക്കുന്നതിനെ കുറിച്ചും മുഖ്യമന്ത്രിക്ക് പരാതി നൽകും.
സമരരംഗത്തുണ്ടായിരുന്ന എല്ലാ സംഘടനകളെയും ഉൾപ്പെടുത്തി എറണാകുളത്ത് കൺവെൻഷൻ സംഘടിപ്പിക്കും. സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന കേസുകളിൽ പൊലീസ് നടത്തുന്ന തിരിമറികളെ കുറിച്ച് യോഗം ചർച്ച ചെയ്യും. ജിഷയുടെ അമ്മക്കുള്ള പൊലീസ് സംരക്ഷണം തുടരുന്നതിൽ ദുരൂഹതയുണ്ട്. കേസിൽ ദുരൂഹതകൾ നിലനിൽക്കുകയാണെന്നും ഇത് നീക്കാനാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും ഇവർ പറഞ്ഞു. സി.കെ. സെയ്തുമുഹമ്മദ്, ഇസ്മായിൽ പള്ളിപ്രം, ഒർണ കൃഷ്ണൻകുട്ടി, ലൈല റഷീദ്, അമ്പിളി ഓമനക്കുട്ടൻ, സുൽഫിക്കർ അലി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.