ജിഷ വധം: പ്രതി അസം സ്വദേശി പിടിയിൽ

പെരുമ്പാവൂരിലെ ദലിത് നിയമവിദ്യാര്‍ഥിനി ജിഷയെ കൊലപ്പെടുത്തിയ കേസില്‍ അസമി യുവാവ് അറസ്റ്റില്‍. അസം നൗക ധോല്‍ഡ ഗ്രാമത്തിലെ അമീറുല്‍ ഇസ്ലാമിനെയാണ് (23) കൊല നടന്ന് അമ്പതാം നാളില്‍ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ കാഞ്ചീപുരത്തിനും ശ്രീപെരുമ്പത്തൂരിനും ഇടക്കുള്ള സ്ഥലത്ത് താമസിച്ചുവരുകയായിരുന്ന ഇയാളെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് കണ്ടത്തെിയത്. പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ ജിഷയുടെ വീട്ടില്‍നിന്ന് ഏതാണ്ട് 300 മീറ്റര്‍ അകലെയാണ് ഇയാള്‍ താമസിച്ചിരുന്നത്. കുറ്റവാസനയുള്ള പ്രതി ലൈംഗികപീഡനം എന്ന ലക്ഷ്യത്തോടെ ജിഷയെ നേരത്തേ ഉന്നംവെച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. പകല്‍ വീട്ടില്‍ ജിഷ ഒറ്റക്കാണെന്നും ഇയാള്‍ മനസ്സിലാക്കിയിരുന്നു.

കൊലപാതകത്തിന് കുറച്ചുദിവസം മുമ്പ് സ്ത്രീകളുടെ കുളിക്കടവില്‍ തെറ്റിക്കയറിയ ഇയാളെ ഒരു സ്ത്രീ കരണത്തടിച്ചിരുന്നു. ജിഷ കളിയാക്കിച്ചിരിക്കുകയും ചെയ്തു. അന്ന് ജിഷയെ ഈ യുവാവ് പ്രത്യേകം നോട്ടമിട്ടിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവദിവസം രാവിലെ വട്ടോളിപ്പടിയിലെ വീടിനുമുന്നിലൂടെ ഇയാള്‍ കടന്നുപോയി. ജിഷയെ കണ്ട് ചിരിക്കുകയും ചെയ്തു. എന്നാല്‍, ഇങ്ങോട്ടുവന്നാല്‍ ചെരിപ്പ് ഊരി അടിക്കുമെന്ന് ജിഷ പറഞ്ഞു. ചെരിപ്പുയര്‍ത്തി ആംഗ്യം കാണിക്കുകയും ചെയ്തു. ജിഷയോട് തനിക്ക് കടുത്ത വൈരാഗ്യം ഉണ്ടാകാന്‍ ഇത് കാരണമായെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

ഏപ്രില്‍ 28ന് വൈകുന്നേരം 5.40ഓടെയാണ് ഇയാള്‍ ജിഷയുടെ വീട്ടിലത്തെുന്നത്. മദ്യപിച്ചാണ് ഇയാള്‍ സ്ഥലത്തത്തെിയത്. ജിഷയെ ലൈംഗികമായി പീഡിപ്പിക്കണമെന്നും കൊലപ്പെടുത്തണമെന്നും ഇയാള്‍ക്ക് ഉദ്ദേശ്യമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. മൂര്‍ച്ചയുള്ള കത്തി കൈവശമുണ്ടായിരുന്നു. തുറന്നുകിടന്ന മുന്‍വശത്തെ വാതിലിലൂടെ അകത്തുകടന്ന് കയറിപ്പിടിക്കാന്‍ ശ്രമിച്ചതോടെ ജിഷ ചെരിപ്പ് ഊരി അടിച്ചു. പ്രകോപിതനായ പ്രതി ജിഷയുടെ കഴുത്തിന് ചുറ്റിപ്പിടിക്കുകയായിരുന്നു. പിന്നീട് മല്‍പിടിത്തത്തിനിടെ വീണ ജിഷയുടെ ദേഹത്ത് കയറിയിരുന്ന് ശ്വാസം മുട്ടിച്ചു. പിന്നീടാണ് കൈയില്‍ ഉണ്ടായിരുന്ന കത്തി കഴുത്തില്‍ കുത്തിയിറക്കിയത്. പിന്നീട് നെഞ്ചിലും വയറ്റത്തും കുത്തിയെന്നും പ്രതി പൊലീസില്‍ മൊഴിനല്‍കി.

പ്രതിയെ കുടുക്കിയത് ചെരിപ്പ്

പ്രതിയെ കുടുക്കിയത് ഇയാള്‍ ഉപയോഗിച്ച ചെരിപ്പ്. ജിഷയുടെ വീടിന് സമീപത്തുനിന്ന് സിമന്‍റ് കട്ടപിടിച്ചനിലയില്‍ കണ്ടത്തെിയ കറുത്ത ചെരിപ്പ് പ്രതി അമീറുല്‍ ഇസ്ലാമിന്‍െറ കൂട്ടുകാര്‍ തിരിച്ചറിഞ്ഞത് അറസ്റ്റിലേക്ക് വഴിയൊരുക്കി. അതിന് മുമ്പുതന്നെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പില്‍ നടത്തിയ രഹസ്യാന്വേഷണത്തില്‍ ഇയാളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിരുന്നു.

കൊല നടത്തിയശേഷം ഇയാള്‍ അസമിലേക്ക് മുങ്ങി. പിന്നീട് ബംഗാളില്‍ എത്തുകയും അവിടെനിന്ന് തമിഴ്നാട്ടില്‍ വരുകയുമായിരുന്നു. തമിഴ്നാട്ടില്‍ എത്തിയശേഷം ഇയാള്‍ പെരുമ്പാവൂരിലെ സുഹൃത്തുക്കളുമായി ഫോണില്‍ ബന്ധപ്പെട്ടത് പൊലീസിന് കൂടുതല്‍ തുണയായി.

മൂന്നുദിവസം മുമ്പാണ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്. തുടര്‍ന്നുള്ള ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. പിന്നീട് ഡി.എന്‍.എ പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്തു. തൃശൂര്‍ പൊലീസ് ക്ളബിലും പൊലീസ് അക്കാദമിയിലുമായിട്ടായിരുന്നു ചോദ്യംചെയ്യല്‍. നേരത്തേ കണ്ടത്തെിയ പ്രതിയുടെ ഡി.എന്‍.എ ഇയാളുടേതാണെന്ന് വ്യക്തമായതോടെ വ്യാഴാഴ്ച 4.45ഓടെ ആലുവ പൊലീസ് ക്ളബിലേക്ക് കൊണ്ടുവന്നു. മുഖം മറച്ചാണ് കൊണ്ടുവന്നത്. വെള്ളിയാഴ്ച പ്രതിയെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കുമെന്ന് എ.ഡി.ജി.പി ബി. സന്ധ്യ വ്യക്തമാക്കി. വൈദ്യപരിശോധനയും മറ്റു തെളിവെടുപ്പുകളും പൂര്‍ത്തിയാക്കിയശേഷം വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

 

Tags:    
News Summary - jisha murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.