ജിഫ്​രി തങ്ങൾക്ക്​ ഫേസ്​ബുക്കിൽ ആക്ഷേപം; ലീഗ്​ വയനാട്​ ജില്ലാ സെക്രട്ടറിയെ മാറ്റി

കല്‍പ്പറ്റ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ അദ്ധ്യക്ഷൻ ജിഫ്‌രി മുത്തുക്കോയ തങ്ങളെ ഫേസ്​ബുക്കിലൂടെ ആക്ഷേപിച്ച ലീഗ്​ വയനാട്​ ജില്ലാ സെക്രട്ടറി യഹ്​യാ ഖാൻ തലക്കലിനെ സ്ഥാനത്തുനിന്നും നീക്കി. തനിക്ക്​ വധഭീഷണിയുള്ളതായി ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ജിഫ്​രി തങ്ങൾ രംഗത്തുവന്നിരുന്നു. ചെമ്പരിക്ക ഖാസിയുടെ വിധി ഉണ്ടാകും എന്ന തരത്തിൽ ഭീഷണി ഫോൺ സന്ദേശങ്ങൾ ലഭിച്ചതായി ഒരു പൊതു പരിപാടിയിൽ തങ്ങൾ വെളിപ്പെടുത്തിയിരുന്നു.

വഖഫ്​ ബോർഡ്​ നിയമനം പി.എസ്​.സിക്ക്​ വിടുന്ന വിഷയത്തിൽ ലീഗിന്‍റെ തീരുമാനങ്ങൾക്ക്​ വിരുദ്ധമായ നടപടികളാണ്​ ജിഫ്​രി തങ്ങൾ കൈക്കൊണ്ടത്​. ഇതിനെതിരെ ലീഗിൽ അമർഷമുണ്ടായിരുന്നു. ലീഗ്​ പ്രവർത്തകർ അടക്കം സമൂഹ മാധ്യമങ്ങളിൽ സമസ്തക്കെതിരെ രംഗത്തുവന്നിരുന്നു. അതിനിടെയാണ്​ യഹ്​യാ ഖാന്‍റെ വിമർശനം മാധ്യമ ശ്രദ്ധയിൽപെടുന്നത്​. ലീഗ്​ വയനാട്​ ജില്ലാ കമ്മിറ്റിയുടേതാണ്​ തീരുമാനം. ജില്ലാ കമ്മിറ്റിയുടെ വാർത്താക്കുറിപ്പിൽനിന്ന്​:

കേരള മുസ്‌ലിംകളുടെ ആധികാരിക മതസംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ അദ്ധ്യക്ഷനും, കേരളത്തിലെ പൊതുസമൂഹം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആദരണീയനായ ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ക്ക് വധ ഭീഷണയുണ്ടെന്ന വാര്‍ത്തയുടെ ചുവടെ തങ്ങളെ അപകീര്‍ത്തിപ്പെടുത്തും വിധം ജില്ലാ ലീഗ് സെക്രട്ടറി യഹ്‌യാഖാന്‍ തലക്കലിന്‍റെ ഫേയ്‌സ് ബുക്ക് പോസ്റ്റ് ഒരു പാര്‍ട്ടി പ്രവര്‍ത്തകനില്‍ നിന്നും സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് വയനാട് ജില്ലാ മുസ്‌ലിംലീഗ് ഭാരവാഹികളുടെ യോഗം വിലയിരുത്തി. വിഷയത്തിന്‍റെ ഗൗരവം പരിഗണിച്ച് യഹ്‌യാഖാന്‍ തലക്കലിനെ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കം ചെയ്യാനും, വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കാനും യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചു. ഇത് സംബന്ധമായി എല്ലാവിധ ചര്‍ച്ചകളും ഒഴിവാക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.

തങ്ങള്‍ക്കെതിരെ വധഭീഷണിയുണ്ടായ സാഹചര്യം പാര്‍ട്ടി ഗൗരവായി കാണുന്നുവെന്നും ആഭ്യന്തര വകുപ്പിന്‍റെ പരാജയമാണെന്ന് യോഗം വിലയിരുത്തുകയും, അന്വഷണത്തിലൂടെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ്​ പി.പി.എ കരീം അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി സ്വാഗതം പറഞ്ഞു. എം.എ മുഹമ്മദ് ജമാല്‍, പി.കെ അബൂബക്കര്‍, പി ഇബ്രാഹിം മാസ്റ്റര്‍, ടി മുഹമ്മദ്, സി മൊയ്തീന്‍കുട്ടി, കെ നൂറുദ്ദീന്‍ സംസാരിച്ചു.

Tags:    
News Summary - jiffri thangal insults on Facebook; League Wayanad district secretary loses post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.