നാദാപുരം (കോഴിക്കോട്): കല്ലാച്ചി മാര്‍ക്കറ്റ് റോഡില്‍ ജ്വല്ലറിയുടെ ചുമര് കുത്തിത്തുരന്ന് ലോക്കറില്‍ സൂക്ഷിച്ച ഒന്നേമുക്കാല്‍ കിലോ സ്വർണവും ആറുകിലോ വെള്ളിയും മൂന്നര ലക്ഷം രൂപയും കവര്‍ന്നു. വളയം റോഡില്‍ ടാക്സി സ്റ്റാൻഡിന് സമീപം സിറാജുല്‍ ഹുദാ ജുമാമസ്ജിദിന് പിന്‍വശത്ത് റിന്‍സി ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. കല്ലാച്ചി വിഷ്ണുമംഗലം സ്വദേശി പനങ്കൂട്ടത്തില്‍ എ.കെ. കേളുവിെൻറ ഉടമസ്ഥതയിലാണ് സ്ഥാപനം.
പള്ളിയോട് ചേര്‍ന്ന ജ്വല്ലറിയുടെ പിന്‍ഭാഗത്തെ ചുമര് കുത്തിത്തുരന്ന് കല്ലുകള്‍ ഇളക്കിമാറ്റി അകത്തുകടന്ന മോഷ്ടാക്കള്‍ ലോക്കര്‍ തകര്‍ത്താണ് കവര്‍ച്ച നടത്തിയത്. കെട്ടിടത്തിെൻറ ചുമരില്‍ മൂന്നുവരികളിലായി പത്തോളം കല്ലുകള്‍ നീക്കം ചെയ്തിട്ടുണ്ട്. കടക്കുള്ളിലെ ചുമരുകളില്‍ പതിച്ച ഗ്ലാസുകളും വാതിലും അടിച്ചുതകര്‍ക്കുകയും ആഭരണങ്ങള്‍ സൂക്ഷിച്ച ട്രേകള്‍ മുറിയില്‍ വാരിവലിച്ചിടുകയും ചെയ്തു. തിങ്കളാഴ്ച രാത്രി എട്ടു മണിയോടെ കട പൂട്ടിയതായിരുന്നു. ചൊവ്വാഴ്ച രാവിലെ തുറക്കാനെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്.
ജില്ല പൊലീസ് മേധാവി ജി. ജയദേവ്, നാദാപുരം സബ് ഡിവിഷനല്‍ ഡിവൈ.എസ്.പി ഇ. സുനില്‍ കുമാര്‍, എസ്.ഐ എന്‍. പ്രജീഷ്, ജൂനിയര്‍ എസ്.ഐ എസ്. നിഖില്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി.
ചുമരിന് സമീപത്തുനിന്ന് തുരക്കാനുപയോഗിച്ച ഇരുമ്പായുധം പൊലീസ് പരിശോധനയില്‍ കണ്ടെത്തി. ബാലുശ്ശേരിയില്‍ നിന്നെത്തിയ പൊലീസ് നായ് റിമോ കെട്ടിടത്തിെൻറ ചുമരില്‍ മണംപിടിച്ച ശേഷം പള്ളിയുടെ മുന്‍വശത്ത് തൊഴിലാളികള്‍ താമസിക്കുന്ന മുറിയിലെത്തുകയും പിന്നീട് ജ്വല്ലറിയുടെ ചുമരിനടുത്ത് തന്നെ വന്നുനില്ക്കുകയും ചെയ്തു. മോഷണശേഷം ഇവിടെനിന്ന് കൈകള്‍ കഴുകിയിരിക്കാമെന്നാണ് പൊലീസ് നല്കുന്ന സൂചന. രാത്രി പന്ത്രണ്ടരയോടെ സംശയാസ്പദ ശബ്ദം കേട്ടതായി പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. വടകരയിൽനിന്ന് വിരലടയാള വിദഗ്ധന്‍ ജിജേഷ് പ്രസാദിെൻറ നേതൃത്വത്തിലുള്ള സംഘം ജ്വല്ലറിയിലെത്തി വിരലടയാളങ്ങള്‍ ശേഖരിച്ചു. കവര്‍ച്ചക്ക് പിന്നില്‍ കൃത്യമായ ആസൂത്രണം നടന്നതായാണ് പൊലീസ് നല്കുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.