തിരുവനന്തപുരം: ബി.ജെ.പിയുമായി കൂട്ടുചേർന്ന ജെ.ഡി.എസ് നിലപാടിനെതിരെ ദേശീയ വൈസ് പ്രസിഡന്റ് സി.കെ. നാണുവിന്റെ നേതൃത്വത്തിൽ വിളിച്ച യോഗത്തെ പരസ്യമായി തള്ളി സംസ്ഥാനഘടകം. സി.കെ. നാണു 15നു തലസ്ഥാനത്ത് വിളിച്ച ദേശീയനിർവാഹക സമിതി യോഗവുമായി കേരളഘടകത്തിന് ബന്ധവുമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് അറിയിച്ചു. നാണു ഉയർത്തുന്നത് ദേശീയ നേതൃത്വത്തിനെതിരായ പൊതുവികാരമാണെങ്കിലും ദേശീയ എക്സിക്യുട്ടിവ് വിളിക്കുന്നതിലെ സംഘടനാപരമായ കീഴ്വഴക്കം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനഘടകം എതിർക്കുന്നത്.
ദേശീയ എക്സിക്യുട്ടിവ് യോഗം വിളിക്കാൻ നാണുവിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മാത്യു ടി. തോമസ് ‘മാധ്യമ’ത്തോട് പറഞ്ഞു. അങ്ങനെയൊരു യോഗം വിളിക്കുന്ന കാര്യം ആലോചിച്ചിട്ടില്ല. മൂന്നുതവണ സംസ്ഥാന കമ്മിറ്റി ചേർന്നിരുന്നു. ഈ സമയങ്ങളിൽ ഇങ്ങനെയൊരു യോഗം വിളിക്കണമെന്ന് അദ്ദേഹം പോലും ആവശ്യപ്പെട്ടില്ല. യോഗത്തിൽ ആർക്കും പങ്കെടുക്കാമെന്നാണ് പറയുന്നത്. ദേശീയ എക്സിക്യുട്ടിവ് വിളിച്ചശേഷം ആർക്കുവേണമെങ്കിലും പങ്കെടുക്കാമെന്ന് പറയുന്നതിൽ എന്തർഥമാണുള്ളതെന്നും മാത്യു ടി. തോമസ് ചോദിച്ചു. ഇക്കാര്യം ജെ.ഡി.എസ് കേരള ഘടകം പുറത്തിറക്കിയ വാർത്തക്കുറിപ്പിലും പറയുന്നു. കേരളത്തിൽനിന്നുള്ള ദേശീയ നിർവാഹകസമിതി അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കില്ലെന്ന് പറയുന്ന വാർത്തക്കുറിപ്പ്, മറ്റുള്ളവരോടും പങ്കെടുക്കരുതെന്ന് ആവശ്യപ്പെടുന്നു.
കര്‍ണാടക സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് ദേശീയ പ്രസിഡന്റ് എച്ച്.ഡി. ദേവഗൗഡ പുറത്താക്കിയ സി.എം. ഇബ്രാഹിം അടക്കം നേതാക്കൾക്കും തലസ്ഥാനത്തെ യോഗത്തിലേക്ക് ക്ഷണമുണ്ട്. കേരളത്തിൽനിന്നുള്ള ഒരു വിഭാഗവും മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള നേതാക്കളും പങ്കെടുക്കുമെന്നാണ് വിവരം. ജെ.ഡി.എസ് തങ്ങളാണെന്ന് സ്ഥാപിക്കാനും ദേവഗൗഡക്കും മകൻ എച്ച്.ഡി. കുമാരസ്വാമിക്കുമെതിരെ നടപടി കൈക്കൊള്ളാനുമാണ് സി.കെ. നാണുവിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന്റെ ശ്രമമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.