കോഴിക്കോട്: ജനതാദൾ സെക്കുലറിൽ (ജെ.ഡി.എസ്) ലയിക്കാനുള്ള നീക്കത്തിൽനിന്ന് പിൻവലിഞ്ഞ് ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി) സംസ്ഥാന നേതൃത്വം. കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ജെ.ഡി.എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി സ്വീകരിച്ച നിലപാടാണ് ലയനത്തിൽനിന്ന് പിന്തിരിയാൻ എൽ.ജെ.ഡിയെ പ്രേരിപ്പിച്ചത്. മുൻ സംസ്ഥാന അധ്യക്ഷൻ എം.പി. വീരേന്ദ്രകുമാർ അനുസ്മരണത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് എം.വി. ശ്രേയാംസ് കുമാറിന്റെ അധ്യക്ഷതയിൽ കോഴിക്കോട്ട് ചേർന്ന നേതൃയോഗത്തിൽ ലയനവിഷയം ഉയരുകയായിരുന്നു.
കർണാടകയിലെ തെരഞ്ഞെടുപ്പിൽ ജെ.ഡി.എസ് തനിച്ച് മത്സരിച്ചെങ്കിലും തൂക്കുസഭ വന്നാൽ ആരെ പിന്തുണക്കുമെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് മതേതരപക്ഷത്ത് ഉറച്ചുനിൽക്കുമെന്ന് പറയാതെ എച്ച്.ഡി. കുമാരസ്വാമി ‘അഴകൊഴമ്പൻ’ നിലപാട് സ്വീകരിച്ചത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നായിരുന്നു യോഗത്തിന്റെ പൊതുവികാരം. വർഗീയനിലപാട് സ്വീകരിക്കുന്ന ബി.ജെ.പിക്കെതിരെ മതേതരപക്ഷത്ത് ഉറച്ചുനിൽക്കുക എന്നതാണ് പാർട്ടി നിലപാട്.
ജെ.ഡി.എസുമായി ലയിക്കുന്നത് ആദർശം അടിയറവെക്കലാകുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. അതേസമയം, സോഷ്യലിസ്റ്റ് പാർട്ടികളിലൊന്നുമായി ലയിക്കണമെന്നതിൽനിന്ന് പാർട്ടി പിന്നോട്ടില്ല. മറ്റു സോഷ്യലിസ്റ്റ് പാർട്ടികളുമായി ചർച്ച തുടരും. മേയ് 28ന് കോഴിക്കോട്ട് കടപ്പുറത്താണ് പാർട്ടി റാലിയോടെയുള്ള എൽ.ജെ.ഡിയുടെ എം.പി. വീരേന്ദ്രകുമാർ അനുസ്മരണം. വിവിധ സോഷ്യലിസ്റ്റ് കക്ഷി നേതാക്കളുൾപ്പെടെയുള്ളവർ സംബന്ധിക്കും. ഈ വേളയിലാവും പുതിയ ലയനചർച്ച എന്നാണ് വിവരം.
നേതൃസ്ഥാനങ്ങൾ തുല്യമായി പങ്കിട്ട് ജെ.ഡി.എസിൽ ലയിക്കാനായിരുന്നു എൽ.ജെ.ഡിയുടെ തീരുമാനം. ചർച്ചകൾ പൂർത്തിയാക്കുകയും നിലവിലെ പ്രസിഡന്റ് മാത്യു ടി. തോമസ് എം.എൽ.എ ജെ.ഡി.എസിന്റെ അധ്യക്ഷസ്ഥാനത്ത് തുടരാനും എൽ.ജെ.ഡി അധ്യക്ഷൻ എം.വി. ശ്രേയാംസ്കുമാറിനെ ദേശീയ സെക്രട്ടറിയാക്കാനുമാണ് ധാരണയായിരുന്നത്. ജില്ല പ്രസിഡന്റ് പദവികളും പങ്കുവെക്കാൻ പ്രസിഡന്റുതല ചർച്ചയിൽ തീരുമാനിച്ചിരുന്നു. സി.പി.എമ്മാണ് ഇരുപാർട്ടികളോടും ലയിക്കാൻ നിർദേശിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.