ജെ.സി. ഡാനിയേൽ പുരസ്കാരം ടി.വി. ചന്ദ്രന്

തിരുവനന്തപുരം: ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്കുള്ള 2022ലെ ജെ.സി. ഡാനിയേൽ പുരസ്കാരം സംവിധായകൻ ടി.വി. ചന്ദ്രന്. അഞ്ചു ല‍ക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം.

സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വാർത്താക്കുറിപ്പിലൂടെയാണ് പുരസ്കാര വിവരം അറിയിച്ചത്. 2021ലെ ജെ.സി. ഡാനിയേൽ അവാർഡ് ജേതാവും സംവിധായകനുമായ കെ.പി. കുമാരൻ ചെയർമാനും, നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ, നടിയും സംവിധായികയുമായ രേവതി എന്നിവർ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് മെമ്പർ സെക്രട്ടറിയുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

മലയാളത്തിലെ സമാന്തര സിനിമാ പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചക്ക് കരുത്തുപകര്‍ന്ന സംവിധായകനാണ് ടി.വി. ചന്ദ്രന്‍ എന്ന് ജൂറി അഭിപ്രായപ്പെട്ടു. സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ്, നടന്‍ എന്നീ നിലകളില്‍ അരനൂറ്റാണ്ടുകാലമായി സിനിമ മേഖലയിലുണ്ട് അദ്ദേഹം. മനുഷ്യ വിമോചനത്തിനായുള്ള പുരോഗമന രാഷ്ട്രീയ നിലപാടുകളും ശക്തമായ സ്ത്രീപക്ഷ സമീപനങ്ങളും വെച്ചുപുലര്‍ത്തുന്ന 15 മലയാള സിനിമകളും രണ്ടു തമിഴ് സിനിമകളും ഒരുക്കി ദേശീയ, അന്തര്‍ദേശീയ ബഹുമതികളിലൂടെ മലയാള സിനിമയുടെ യശസ്സുയര്‍ത്തിയ ചലച്ചിത്രകാരനാണ് ടി.വി. ചന്ദ്രനെന്നും ജൂറി കൂട്ടിച്ചേര്‍ത്തു.

1993ല്‍ മികച്ച സംവിധായകനുള്ള ദേശീയപുരസ്‌കാരം ഉള്‍പ്പെടെ ഏഴ് ദേശീയ അവാര്‍ഡുകളും 10 സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും അദ്ദേഹം നേടിയിട്ടുണ്ട്. 

Tags:    
News Summary - J.C. Daniel Award to T.V. Chandran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.