എടവണ്ണ: രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ നൽകിയ മുസ്ലിംകളെ ഭയപ്പെടുത്തി നിശ്ശബ്ദമാക്കാമെന്നത് ചിലരുടെ വ്യാമോഹമാണെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി. ജാമിഅ നദ്വിയ്യ വാർഷിക ദഅ്വ സമ്മേളനത്തിന്റെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം പള്ളികൾക്കും മതസ്ഥാപനങ്ങൾക്കും ഇസ്ലാമിക ശരീഅത്തിനും നേരെ ഒരുപോലെ ആക്രമണം അഴിച്ചുവിട്ട് മുസ്ലിം സമുദായത്തെ ഭയപ്പെടുത്താൻ ശ്രമിക്കുന്നവർക്ക് തിരുത്തേണ്ടിവരും. ബാബരി മസ്ജിദ് തകർത്തവർതന്നെയാണ് ഗ്യാൻവാപിക്ക് പിന്നിലും. ജനാധിപത്യത്തിന്റെ മറവിൽ വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നുകയറുന്ന ഏക സിവിൽകോഡ് പരീക്ഷണം വൻ പരാജയമാണെന്നും അത് വരുംനാളുകളിൽ കൂടുതൽ ബോധ്യപ്പെടുമെന്നും അബ്ദുല്ലക്കോയ മദനി പറഞ്ഞു.
ജാമിഅ നദ്വിയ്യ മാനേജിങ് ട്രസ്റ്റി നൂർ മുഹമ്മദ് നൂർഷ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ആദിൽ അത്വീഫ് സ്വലാഹി, കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. ഉണ്ണീൻകുട്ടി മൗലവി, കെ.എൻ.എം മലപ്പുറം ഈസ്റ്റ് ജില്ല പ്രസിഡന്റ് അബ്ദുല്ല ചെങ്ങര, എം.എസ്.എം സംസ്ഥാന പ്രസിഡന്റ് അമീൻ അസ്ലഹ്, അലുമ്നി അസോസിയേഷൻ സെക്രട്ടറി റഹ്മത്തുല്ല സ്വലാഹി പുത്തൂർ, പി.വി. ആരിഫ് കോയമ്പത്തൂർ, യു. അബ്ദുല്ല ഫാറൂഖി, കുഞ്ഞിമുഹമ്മദ് അൻസാരി എന്നിവർ അവാർഡ് ദാനം നിർവഹിച്ചു. വിവിധ സെഷനുകളിൽ കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനർ ഡോ. പി. സരിൻ, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, ഡോ. സുൽഫിക്കർ അലി, വി. അഹ്മദ് കുട്ടി മദനി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.