പാനൂർ: പാനൂർ ടൗണിലെ നിറ സാന്നിധ്യവും സ്നേഹ സാമീപ്യവുമായിരുന്ന ദാരോത്ത് ജമാൽ വിട പറഞ്ഞു. എന്നും എല്ലാവരോടും കുശലം പറഞ്ഞും വിശേഷം തിരക്കിയും ഏറിയ സമയവും ടൗണിൽ തന്നെ ചിലവഴിച്ചിരുന്ന ജമാൽ വെള്ളിയാഴ്ച രാവിലെയാണ് നിര്യാ തനായത്.
പാനൂർ ബസ്‌സ്‌റ്റാൻഡിലെ ബസ് ജീവനക്കാരുടെ ആത്മാർഥ സുഹൃത്ത് കൂടിയായിരുന്നു ഇദ്ദേഹം. പ്രായത്തിനനുസരിച്ച മാനസികവളർച്ച ഇല്ലാതിരുന്ന ജമാൽ, തങ്ങളുടെ വാഹനത്തിൽ കയറുന്നത് ഐശ്വര്യമായിട്ടാണ് ബസ്, ഓട്ടോ, ടാക്സി ജീവനക്കാർ കണക്കാക്കിയിരുന്നത്. ഇതിൽ ജാതി മത ഭേദമുണ്ടായിരുന്നില്ല. ചെറുപ്രായം മുതൽ രാവിലെ തന്നെ വീട്ടിൽനിന്ന് ഇറങ്ങിയാൽ പാനൂരങ്ങാടിയിലേക്ക് ഏതെങ്കിലും വാഹനത്തിന് കൈകാണിക്കുകയാണ് പതിവ്. ആരും നിർത്താതെ പോകാറുണ്ടായിരുന്നില്ല.
പാനൂരിലെ ജനങ്ങളോടെ ചിരിച്ച് റ്റാറ്റ പറഞ്ഞിരുന്ന ജമാലിന് പാനൂരിലെ ഏത് ഹോട്ടലിലും കയറി ചെന്ന് എന്തും കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. ഉറുമാലും, തൊപ്പിയും ധരിച്ച് വിസിൽ വിളിച്ച് നടന്നിരുന്ന പാനൂരിലെ നിറ സാന്നിദ്ധ്യമാണ് യാത്രയായത്. പാനൂരിലെ പരേതനായ എ.വി.ഇബ്രാഹീം മുസ്ലിയാരുടെയും സൈനബയുടെയും മകനാണ് ജമാൽ. മരണവാർത്തയറിഞ്ഞിട്ടും ലോക്ഡൗണായതിനാൽ അവസാനമായി ഒരുനോക്കുകാണാനും മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനും കഴിയാത്ത പ്രയാസത്തിലാണ് ജമാലിനെ അറിയുന്നവരെല്ലാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.