തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനടക്കം സി.പി.എമ്മിന്‍റെ മുതിർന്ന നേതാക്കൾ ജമാഅത്തെ ഇസ്ലാമി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്‍റെ ചിത്രങ്ങൾ നിയമസഭയിൽ ഉയർത്തിക്കാട്ടിയും പഴയ ബന്ധത്തിന്‍റെ തെളിവുകൾ വെളിപ്പെടുത്തിയും പ്രതിപക്ഷം. ജമാഅത്തെ ഇസ്ലാമിയുടെയും എസ്.ഡി.പി.ഐയുടെയും വോട്ടു കിട്ടാൻ സി.പി.എം അവരോട് സംസാരിച്ചിരുന്നോ എന്ന ചോദ്യത്തോടെ പഴയകാല സി.പി.എം-ജമാഅത്ത് സഹകരണത്തിന്‍റെ ചിത്രങ്ങൾ കെ.പി.എ മജീദ് സഭയിൽ ഉയർത്തിക്കാട്ടി.
ജമാഅത്തെ ഇസ്ലാമി അമീറിനൊപ്പം പിണറായി വിജയനും കെ.ടി. ജലീലും ഇരിക്കുന്ന ചിത്രം, മുഖ്യമന്ത്രി അമീറുമായി സംസാരിക്കുന്ന ചിത്രം, കോടിയേരി ബാലകൃഷ്ണനുമായി മുൻ അമീർ ടി. ആരിഫലി സംസാരിക്കുന്ന ചിത്രം എന്നിവയാണ് മജീദ് കാട്ടിയത്. അവസരം കിട്ടിയാൽ നിങ്ങൾ അവരുമായി ഇപ്പോഴും സംസാരിക്കുമെന്നും പി.ഡി.പിയോട് നിങ്ങളുടെ ഇപ്പോഴത്തെ നിലപാട് എന്താണെന്നും മജീദ് ചോദിച്ചു.
ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് ചന്ദ്രിക ദിനപത്രത്തിൽ സി.പി. സൈതലവി ‘ഒരു കറയും പുരളാത്ത പരിശുദ്ധ നെയ്യ്’ എന്നപേരിൽ എഴുതിയ ലേഖനം ലീഗ് അംഗങ്ങൾ ഒന്നു വായിക്കണമെന്നായിരുന്നു എൻ.കെ. അക്ബറിന്‍റെ പ്രതിരോധം. കൈവെട്ട് കേസുമായി ബന്ധപ്പെട്ട് പാണക്കാട് തങ്ങളുടെ നേതൃത്വത്തിൽ കോട്ടക്കലിൽ മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചു ചേർത്തതിൽ രണ്ടു കൂട്ടരെ മാത്രമാണ് ക്ഷണിക്കാതിരുന്നത്.
ജമാഅത്തെ ഇസ്ലാമിയെയും പോപുലർ ഫ്രണ്ടിനെയും. ഇതിനെതിരെ ‘തീവ്രവാദത്തിനെതിരെ കോട്ടക്കൽ കഷായം’ എന്നപേരിൽ ജമാഅത്ത് നേതാവ് സി. ദാവൂദ് ലേഖനമെഴുതി. ഇപ്പോൾ സൈതലവിയുടെ നെയ്യും ദാവൂദിന്റെ കഷായവും കൂട്ടിക്കലർത്തിയാണ് ലീഗ് ഭക്ഷിക്കുന്നത്.
ജമാഅത്തെ ഇസ്ലാമിയെ ബൗദ്ധിക പ്രമുഖും എസ്.ഡി.പി.ഐയെ ശാരീരിക് പ്രമുഖുമായി ഉൾക്കൊണ്ട് മുസ്ലിം പതിപ്പുള്ള ബി.ജെ.പിയായി ലീഗ് മാറിയെന്നും അക്ബർ കുറ്റപ്പെടുത്തി. എ.കെ.ജി സെന്‍ററിൽ നിന്നുള്ള കാപ്സ്യൂളുകളാണ് സഭയിൽ അവതരിപ്പിക്കുന്നതെന്ന് നജീബ് കാന്തപുരം തിരിച്ചടിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് മൂന്ന് എം.പിമാരാണുള്ളത്. ഇതിൽ രണ്ടുപേരും വിജയിച്ചത് തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിക്കൊപ്പം നിന്നിട്ടാണ്. 2011 ഏപ്രിൽ നാലിന് വടക്കാഞ്ചേരിയിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ ജമാഅത്തെ ഇസ്ലാമിയുമായി മുമ്പും രാഷ്ട്രീയ ചർച്ചകൾ തങ്ങൾ നടത്തിയിട്ടുണ്ടെന്ന് പറഞ്ഞത് അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയനാണ്. മുമ്പ് നിയമസഭയിൽ ആര്യാടൻ മുഹമ്മദ് അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടിയായി ‘തീവ്രവാദ പേരുപറഞ്ഞ് ആര്യാടൻ ജമാഅത്തെ ഇസ്ലാമിയെ വിമർശിക്കുന്നത് പാർലമെൻറ് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുകൊണ്ടാണെന്നും ഇത് കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാടിന്റെ തെളിവാണെന്നു’മുള്ള കോടിയേരി ബാലകൃഷ്ണന്‍റെ പ്രസംഗവും നജീബ് ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.