കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ പീഡനപരാതിയിൽ ആഭ്യന്തര അന്വേഷണവുമായി കന്യാസ്ത്രീ സഹകരിച്ചില്ലെന്ന സഭയുടെ വാദം പൊളിയുന്നു. ആഭ്യന്തര അന്വേഷണവുമായി സഹകരിക്കാൻ തയാറെന്ന് ചൂണ്ടിക്കാട്ടി കന്യാസ്ത്രീ നൽകിയ കത്ത് പുറത്തുവന്നു. 2017 ഡിസംബറിൽ നൽകിയ കത്തിന്‍റെ പകർപ്പ് വാർത്താചാനലുകളാണ് പുറത്തുവിട്ടത്. തന്‍റെ വാദം കേൾക്കണമെന്നും ജലന്ധറിൽ വെച്ച് കൂടിക്കാഴ്ചക്ക് തയാറാണെന്നും മദർ സുപ്പീരിയറിന് അയച്ച കത്തിൽ കന്യാസ്ത്രീ ആവശ്യപ്പെടുന്നു.
അതേസമയം, തെളിവുകൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ ബിഷപ്പിനെ ഉടൻ അറസ്റ്റ് ചെയ്തേക്കും. അതിനിടെ ബിഷപ്പ് വത്തിക്കാനിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് വ്യോമയാന മന്ത്രാലയത്തിന് അന്വേഷണ സംഘം കത്തയക്കുകയും ചെയ്തിട്ടുണ്ട്. സഭക്ക് കീഴിലെ മറ്റ് മഠങ്ങളിലും തെളിവെടുപ്പ് നടത്താനും അന്വേഷണ സംഘം നീക്കം നടത്തുന്നുണ്ട്. കണ്ണൂർ ജില്ലയിലുള്ള രണ്ട് മഠങ്ങളിൽ തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. തെളിവുകൾ പൂർണ്ണമായി ശേഖരിച്ചതിന് ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാനുമാണ് നീക്കം.
13 തവണ ബിഷപ്പ് പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീയുടെ മൊഴി. 2014 മുതലുള്ള കാലയളവിൽ ബിഷപ്പ് നടത്തിയ കേരള സന്ദർശനത്തിനിടെ ആയിരുന്നു പീഡനം. ഈ സാഹചര്യത്തിലാണ് ബിഷപ്പ് മറ്റു മഠങ്ങളിൽ എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ അന്വേഷണസംഘം തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.