കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിെൻറ അറസ്റ്റ് വൈകും. അടുത്തയാഴ്ച വീണ്ടും യോഗം ചേർന്ന് അന്വേഷണപുരോഗതി വിലയിരുത്തിയശേഷം അറസ്റ്റിലേക്ക് നീങ്ങിയാൽ മതിയെന്ന് ഉന്നതതല യോഗത്തിൽ എറണാകുളം റേഞ്ച് ഐ.ജി വിജയ് സാഖറെ നിർദേശം നൽകി.
െകാച്ചിയിൽ നടന്ന യോഗത്തിൽ അറസ്റ്റ് അനിവാര്യമാണെന്നും ഇതിനു മുന്നോടിയായി ബിഷപ്പിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തണമെന്നും അന്വേഷണസംഘം െഎ.ജിയെ അറിയിച്ചു. എന്നാൽ, മൊഴികളിലെ വൈരുധ്യം പൂർണമായി ഇല്ലാതാക്കാനായിട്ടില്ലെന്ന നിലപാട് െഎ.ജി സ്വീകരിക്കുകയായിരുന്നു. തുടർന്ന് അന്വേഷണത്തിനായി 15 ഇന ആക്ഷൻ പ്ലാൻ തയാറാക്കി.
ഇത് ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കാനാണ് തീരുമാനം. ഇതിനുശേഷം െഎ.ജിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് ബിഷപ്പിനെ വിളിച്ചുവരുത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കാനാണ് ധാരണ. സംസ്ഥാന പൊലീസ് മേധാവിയും തിരക്കിട്ട് കടുത്ത നടപടികളിലേക്ക് പോകേണ്ടതില്ലെന്ന് നിർദേശം നൽകിയതായാണ് സൂചന. രാഷ്ട്രീയ സമ്മർദമാണ് ഇതിനു പിന്നിലെന്നാണ് വിവരം.
മൊഴികളിലടക്കമുള്ള വൈരുധ്യങ്ങൾ കൂടുതൽ പരിശോധിക്കേണ്ടതായിട്ടുണ്ടെന്നും ഒരാഴ്ചക്കുശേഷം ചേരുന്ന യോഗത്തിൽ തുടർനടപടികളിൽ തീരുമാനമെടുക്കുമെന്നും കോട്ടയം ജില്ല പൊലീസ് മേധാവി ഹരിശങ്കർ ‘മാധ്യമ’ത്തോട് പറഞ്ഞു. െകാച്ചിയിൽ തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലർച്ചയുമായി നടന്ന ഉന്നതതല യോഗത്തില്‍ അന്വേഷണ പുരോഗതി ഐ.ജി വിജയ് സാഖറെ വിലയിരുത്തി. ബിഷപ് ഇതുവരെ മുൻകൂർ ജാമ്യത്തിന് ശ്രമിക്കാത്ത സാഹചര്യത്തിൽ പിഴവുകളൊന്നും പാടില്ലെന്ന നിലപാടാണേത്ര െഎ.ജി സ്വീകരിച്ചത്. കേസ് സുപ്രീംകോടതിക്ക് മുന്നിലേക്കാവും ആദ്യം എത്തുകയെന്നും ഇത് കണക്കിലെടുത്ത് മുഴുവൻ തെളിവുകളും ശേഖരിക്കണമെന്നും അദ്ദേഹം നിർദേശിച്ചതായാണ് വിവരം.
അന്വേഷണ സംഘത്തിനുമേല്‍ സമ്മര്‍ദമില്ലെന്ന് ഡിവൈ.എസ്.പി കെ. സുഭാഷ് യോഗ ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതിനിടെ, ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ പൊലീസിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ കന്യാസ്ത്രീയുടെ ബന്ധുക്കൾ ഹൈകോടതിെയ സമീപിക്കാൻ ഒരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.