2,262 തടവുകാര്‍ ശിക്ഷയിളവിന് അര്‍ഹര്‍; ജയില്‍ എ.ഡി.ജി.പി റിപ്പോര്‍ട്ട് കൈമാറി

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ 2,262 തടവുകാര്‍ ശിക്ഷയിളവിന് അര്‍ഹര്‍. ഇവരുടെ വിശദപട്ടിക ജയില്‍ എ.ഡി.ജി.പി അനില്‍കാന്ത് തുടര്‍നടപടിക്ക് സര്‍ക്കാറിന് സമര്‍പ്പിച്ചു. സൂക്ഷ്മ പരിശോധനക്ക് ഈ പട്ടിക മുഖ്യമന്ത്രി മൂന്നംഗസമിതിക്ക് കൈമാറി.
ആഭ്യന്തര അഡീഷനല്‍ സെക്രട്ടറി ഷീലാറാണി, നിയമ വകുപ്പ് ജോയന്‍റ് സെക്രട്ടറി പി. സുരേഷ്കുമാര്‍, ജയില്‍ വകുപ്പ് ദക്ഷിണമേഖല ഡി.ഐ.ജി ബി. പ്രദീപ് എന്നിവരടങ്ങുന്നതാണ് സമിതി. 65 വയസ്സ് കഴിഞ്ഞവരെ കൊലപ്പെടുത്തിയവര്‍, ബലാത്സംഗം ചെയ്ത് കൊന്നവര്‍, സ്ത്രീകളെയും കുട്ടികളെയും കൊന്നവര്‍, വാടകക്കൊലയാളികള്‍, രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവര്‍, മതപരമായ കാര്യങ്ങളുടെ പേരില്‍ കൊലപാതകം ചെയ്തവര്‍, മയക്കുമരുന്ന് കടത്തിന് ശിക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ പട്ടികയിലുണ്ടെങ്കില്‍ ഒഴിവാക്കും.
 മൂന്നുമാസം മുതല്‍ ജീവപര്യന്തം വരെ ശിക്ഷിക്കപ്പെട്ടവര്‍ക്ക് കുറ്റകൃത്യത്തിന്‍െറ സ്വഭാവമനുസരിച്ച് ഇളവ് ലഭിക്കും. സര്‍ക്കാര്‍ എത്രപേരുടെ പട്ടിക നല്‍കിയാലും ഗവര്‍ണറുടെകൂടി നിലപാടിന്‍െറ അടിസ്ഥാനത്തിലാകും അന്തിമ തീരുമാനം വരുക. അതിനാല്‍, അന്തിമപട്ടിക തയാറായാലേ കൃത്യം കണക്ക് പറയാനാകൂ.
ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവര്‍ക്ക് ഇളവ് ലഭിച്ചാലും സര്‍ക്കാര്‍ ശിപാര്‍ശയിന്മേല്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 161 പ്രകാരം ഗവര്‍ണര്‍ വിവേചന അധികാരം ഉപയോഗിച്ചാലേ വിടുതല്‍ ലഭിക്കൂ.
കേരളത്തിന്‍െറ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ശിക്ഷയിളവ് നല്‍കുന്നത്. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് 2011ലും 2012ലും ശിക്ഷയിളവ് നല്‍കിയിരുന്നു. 2015ല്‍ പട്ടിക കൈമാറിയെങ്കിലും ഗവര്‍ണര്‍ വിശദീകരണം തേടി.
ഓരോ പ്രതിയും ശിക്ഷിക്കപ്പെട്ട കേസിന്‍െറ സ്വഭാവം അനുസരിച്ച് പട്ടിക ക്രമീകരിക്കാനായിരുന്നു ഗവര്‍ണറുടെ നിര്‍ദേശം.
ഇതുസംബന്ധിച്ച എഴുത്തുകുത്തുകള്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തില്‍ കുടുങ്ങിയതോടെ നടപടിക്രമങ്ങള്‍ കടലാസിലൊതുങ്ങി. ഇപ്പോള്‍ പട്ടിക പുന$ക്രമീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിക്കുകയായിരുന്നു.

 

Tags:    
News Summary - jail dgp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.