മലപ്പുറം: തിരൂരിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണമായി കത്തിയ സംഭവത്തിൽ വൻ ട്വിസ്റ്റ്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് വീട് കത്തിനശിച്ചത്. പവര്‍ബാങ്ക് ചാര്‍ജ് ചെയ്യാനായി വെച്ച് വീട്ടുകാര്‍ ബന്ധുവീട്ടിൽ പോയതിന് പിന്നാലെയാണ് അപകടമുണ്ടായതെന്നാണ് അന്ന് വീട്ടുടമയായ അബൂബക്കര്‍ സിദ്ധിഖ് പറഞ്ഞത്.
വീട്ടുപകരണങ്ങൾ, അലമാരയിൽ സൂക്ഷിച്ചിരുന്ന രേഖകൾ, വസ്ത്രങ്ങൾ, തുടങ്ങിയവയെല്ലാം തീപിടിത്തത്തില്‍ കത്തിനശിച്ചിരുന്നു. സംഭവത്തിൽ കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അനധികൃത പടക്കശേഖരമാണ് പൊട്ടിത്തെറിച്ചതെന്ന് കണ്ടെത്തിയത്. ഇതോടെ വീട്ടുടമ തിരൂർ മുക്കിലപീടിക സ്വദേശി അബൂബക്കർ സിദ്ദീഖിനെ പൊലീസ് അറസ്റ്റ് ചെയ്തു.
അപകട സമയത്ത് വീട്ടുകാർ സ്ഥലത്തില്ലാത്തതിനാൽ വൻദുരന്തം ഒഴിവായിരുന്നു. പവർ ബാങ്ക് ചാര്‍ജ് ചെയ്യാനിട്ട് കുടുംബം പുറത്ത് പോയതായിരുന്നു. വലിയ ശബ്ദത്തോടെ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പരിസരവാസികളും നാട്ടുകാരും ചേർന്ന് അടുത്ത കിണറുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്.
ഒരു കിടപ്പുമുറിയും ശൗചാലയവും അടുക്കളയും സിറ്റൗട്ടും മാത്രമുള്ള, കല്ലുപയോഗിച്ച് ചുമർ നിർമ്മിച്ച് ഓലമേഞ്ഞതായിരുന്നു വീട്. തിരൂർ അഗ്നിരക്ഷാ നിലയത്തിൽനിന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയപ്പോഴേക്കും നാട്ടുകാർ തീയണച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.