പി.എം ശ്രീയിൽ ഒപ്പിട്ടത് തന്ത്രപരമായ തീരുമാനം, പി.എം ഉഷയിൽ ഒപ്പിട്ടതും ആലോചിക്കാതെ - എ.എ റഹീം എം.പി

തിരുവനന്തപുരം: പി.എം ശ്രീയിൽ ഒപ്പിട്ടത് തന്ത്രപരമായ തീരുമാനമായിരുന്നുവെന്ന് എ.എ റഹീം എം.പി. സാമ്പത്തികമായ ഒരു സാഹചര്യത്തെ മറികടക്കാനുള്ള നീക്കമായിരുന്നു. അനിവാര്യമായ സാഹചര്യത്തിലാണ് അത് ചെയ്തത്. ദുർബലരായ മനുഷ്യരാണ് പല തൊഴിലാളികളും. അവരെ സഹായിക്കാൻ കൂടിയുള്ള നീക്കമാണ് നടത്തിയത്.

ഫെഡറൽ രാജ്യത്ത് ഒരു തരത്തിലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് കേന്ദ്രസർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. ഒപ്പിട്ടില്ലെങ്കിൽ കേരളത്തിന് അവകാശപ്പെട്ട പണം തരില്ലെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. അതിനാലാണ് ഒപ്പിട്ടത്.

പി.എം ശ്രീയിൽ ഒപ്പിട്ടതിൽ തെറ്റില്ല. നേരത്തെ പി.എം ഉഷയിൽ ഒപ്പിട്ടതും കാബിനറ്റ് കാണാതെയാണെന്നും റഹീം പറഞ്ഞു. പി.എം ശ്രീയിൽ എന്താണ് പ്രശ്‌നമെന്ന് കോൺഗ്രസിന് അവരുടെ വർക്കിങ് കമ്മിറ്റി അംഗമായ ശശി തരൂരിനെ ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. അവരാണ് സി.പി.ഐയെ കുറിച്ച് ചോദിക്കുന്നത്. സി.പി.ഐ മറ്റൊരു രാഷ്ട്രീയ പാർട്ടിയാണ്. അവർക്ക് അവരുടെ വിമർശനം ഉന്നയിക്കാം. അവരുടെ പരാതികൾ പരിഹരിക്കാനുള്ള ശരിയായ രാഷ്ട്രീയ ആരോഗ്യം ഇടത് മുന്നണിക്കുണ്ടെന്നും റഹീം പറഞ്ഞു.

സി.പി.ഐ മുന്നണി മര്യാദ ലംഘിച്ചുവെന്ന് ഞാൻ പറഞ്ഞിട്ടില്ല. പി.എം. ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് ശരിയാണെന്ന് ഡി.വൈ.എഫ്.യുടെ അഭിപ്രായമാണ്. ഉന്നത വിദ്യാഭ്യസ മേഖലയിലെ പദ്ധതിയാണ് പി.എം ഉഷ. അത് 2023ൽ ഒപ്പിട്ടു. പൊതുവിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട പി.എം ഉഷ പദ്ധതി ഒപ്പിട്ടത് വകുപ്പ് സെക്രട്ടറിയാണ്. അതുപൊലെത്തന്നെയാണ് വകുപ്പ് സെക്രട്ടറി പി.എം ശ്രീ ഒപ്പിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

പി.എം ശ്രീയുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകളും പരാതികളും ഉയർന്ന സാഹചര്യത്തിൽ പുനഃപരിശോധിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പിന്നീട് പറഞ്ഞു. ഇതിനായി ഏഴംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.രാജൻ, റോഷി അഗസ്റ്റിൻ, പി.രാജീവ്, പി.പ്രസാദ്, കെ.കൃഷ്ണൻ കുട്ടി, എ.കെ ശശീന്ദ്രൻ തുടങ്ങിയവരാണ് സമിതിയിലുള്ളത്.

ഉപസമിതി റിപ്പോർട്ട് വരുന്നത് വരെ പി.എം.ശ്രീയിൽ തുടർ നടപടികൾ ഉണ്ടാവില്ല. ​വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയായിരിക്കും സമിതിയുടെ അധ്യക്ഷൻ. മന്ത്രിമാരായ പി.രാജീവ്, കെ.രാജൻ, പി.പ്രസാദ്, റോഷി അഗസ്റ്റിൻ, കെ.കൃഷ്ണൻകുട്ടി, എ.കെ ശശീന്ദ്രൻ എന്നിവരും ഉപസമിതിയിൽ ഉണ്ടാകും. ഇതുസംബന്ധിച്ച് കേന്ദ്രത്തിന് കത്തയക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.

Tags:    
News Summary - It was right that PM signed Shri, it was a strategic decision, says AA Rahim MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.