പ​ങ്കെടുത്തത് ആർ.എസ്.എസ് പരിപാടിയിലല്ല; ബി.ജെ.പി പുറത്തുവിട്ട ചിത്രം കമ്മ്യൂണിസ്റ്റുകാർ പ്രചരിപ്പിക്കുന്നു - വി.ഡി സതീശൻ

തിരുവനന്തപുരം: താൻ പ​ങ്കെടുത്തത് ആർ.എസ്.എസിന്റെ പരിപാടിയിലല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിവേകാനന്ദന്റെ 150ാം ജന്മവാർഷിക ദിനത്തിലെ പരിപാടിക്കാണ് പോയത്. എം.പി വീരേന്ദ്രകുമാറാണ് തന്നെ ക്ഷണിച്ചത്. പി.പരമേശ്വരന്റെ പുസ്തക പ്രകാശനമായിരുന്നു പരിപാടി.

വിവേകാനന്ദ​ൻ പറഞ്ഞ ഹിന്ദുത്വവും ബി.ജെ.പിയുടെ ഹിന്ദുത്വവും രണ്ടാണ്. വിവേകാനന്ദന്റെ ഹിന്ദുത്വത്തോട് യോജിപ്പുള്ളതിനാലാണ് അതെ കുറിച്ച് ഇപ്പോഴും പറയുന്നതെന്നും വി.ഡി.സതീശൻ പറഞ്ഞു. ബി.ജെ.പി നേതാക്കൻമാർ പുറത്തുവിട്ട ഫോട്ടോക്ക് ഏറ്റവും കൂടുതൽ പ്രചാരണം നൽകിയത് സി.പി.എമ്മാണ്. എന്നാൽ പി.പരമേശ്വരന്റെ പുസ്തകം പ്രകാശനം ചെയ്തത് വി.എസ്. അച്യുതാനന്ദനായിരുന്നു. അദ്ദേഹത്തെ കുറിച്ചും സി.പി.എമ്മിന് ഇതേ നിലപാടാണോ എന്നും വി.ഡി. സതീശൻ ചോദിച്ചു.

ഗോൾവാൾക്കറിന്റെ വിചാരധാരയിൽ പറഞ്ഞ അതേ കാര്യം തന്നെയാണ് സജി ചെറിയാൻ പറഞ്ഞത് എന്നാണ് ഞാൻ പറഞ്ഞത്. പറഞ്ഞതിൽ തന്നെ ഉറച്ചു നിൽക്കുകയാണ്. ഒരു ബി.ജെ.പി നേതാവും സി.പി.എം നേതാവും അത് തള്ളിപ്പറഞ്ഞിട്ടില്ല. ബി.ജെ.പി നേതാക്കൾ എന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നു. പി.കെ കൃഷ്ണദാസ് ഫേസ്ബുക്കിൽ കുറിച്ചത് മതേതരത്വമെന്ന വാക്ക് ഭരണഘടനയിൽ വേണ്ടെന്നാണ്. അത് തന്നെയാണ് മതേതരത്വവും കുന്തവും കുടച്ചക്രവുമെന്ന് സജി ചെറിയാൻ പറഞ്ഞതും. ആർ.എസ്.എസ് നോട്ടീസയച്ചാൽ അതിനെ നേരിടുമെന്നും സതീശൻ പറഞ്ഞു.

ഇന്ത്യയുടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഭരണഘടനയെ ഭാരതീയവത്കരിക്കാൻ പറഞ്ഞിട്ടുണ്ടെന്ന് പി.കെ കൃഷ്ണദാസ് തെറ്റായ വാദം ഉന്നയിച്ചിട്ടും സി.പി.എം നേതാക്കൾ പ്രതികരിച്ചോ എന്നും സതീശൻ ചോദിച്ചു.

ആർ.എസ്.എസിനും സംഘപരിവാറിനുമെതിരായ പരാമർശങ്ങൾ എങ്ങനെയാണ് ഹിന്ദുക്കൾക്ക് എതിരാവുന്നത്. ഹിന്ദുക്കളുടെ അട്ടി​പ്പേറവകാശം ഇവർക്ക് ആരാണ് നൽകിയത്. ഒരു വർഗീയ വാദിയും എന്നെ വിരട്ടാൻ വരണ്ട. ഒരു വർഗീയ വാദിയുടെയും മുന്നിൽ മുട്ടുമടക്കില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.

പറവൂരിൽ തന്നെ ജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വി.ഡി സതീശൻ രഹസ്യമായി ബി.ജെ.പി നേതാക്കളെ കണ്ടിരുന്നെന്ന ആർ.വി ബാബുവിന്റെ ആരോപണവും അദ്ദേഹം നിഷേധിച്ചു. താൻ ഒരു വർഗീയ വാദിയുടെയും വോട്ട് വാങ്ങിയിട്ടില്ല. വിചാരധാരയെയും അതിന്റെ ആശയങ്ങളെയും എല്ലാക്കാലവും ശക്തിയായി എതിർത്തിട്ടുണ്ട്. ഇനിയും എതിർക്കും. സി.പി.എം ഇത് ആഘോഷിക്കുന്നത് അവർ രണ്ടും ഒരേ തോണിയൽ സഞ്ചരിക്കുന്നതിനാലാണ്. വർഗീയതയെ എതിർക്കുന്നതിന് രാഷ്ട്രീയ ലക്ഷ്യമില്ല. വർഗീയതയെ എതിർക്കുകയെന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാടാണെന്നും സതീശൻ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന മുൻ ഡി.ജി.പി ആർ. ശ്രീലേഖയുടെ പരാമർശം എന്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യം അന്വേഷിക്കണം. ഇങ്ങനെ പറയുന്നതിൽ അനൗചിത്യമുണ്ട്. കാര്യങ്ങൾ പൊലീസ് അന്വേഷിക്കട്ടെ. കേസിനെ ദുർബലപ്പെടുത്താൻ വേണ്ടിയാണോ തുടങ്ങിയ കാര്യങ്ങളെല്ലാം അന്വേഷണത്തിൽ പുറത്തുവരട്ടെ എന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - It was not the RSS program; Communists are spreading the picture released by BJP - VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.