തിരുവനന്തപുരം: ബൂർഷ്വാ പാർട്ടികളെ പോലെ വിഭാഗീയവും വ്യക്തി കേന്ദ്രീകൃതവുമായി പ്രവർത്തിക്കുന്നവർക്ക് സി.പി.ഐയിൽ സ്ഥാനമുണ്ടാവില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പാർട്ടി മുഖപത്രമായ നവയുഗത്തിൽ ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള കത്തിലാണ് ഈ മുന്നറിയിപ്പ്. പാർട്ടി ഭരണഘടനാനുസൃതമായി പ്രവർത്തിക്കുന്നതിനാൽ ബൂർഷ്വാ പാർട്ടികളെ പോലെ വിഭാഗീയതയും വ്യക്തികേന്ദ്രീകൃതവും സി.പി.ഐയിൽ ഇല്ല. നിരന്തരമായ പാർട്ടി വിദ്യാഭ്യാസത്തിലൂടെ മാർക്സിസം-ലെനിനിസത്തിന്‍റെ അടിസ്ഥാനതത്ത്വങ്ങൾ സ്വായത്തമാക്കി സ്വയം വിമർശനാത്മകമായി പരിശോധിച്ച് വീഴ്ചകൾ തിരുത്തിയുമാണ് സി.പി.ഐ മുന്നോട്ട് പോകുന്നത്.
എപ്പോഴും മാധ്യമങ്ങൾക്ക് വാർത്ത ചമച്ചുകൊടുത്ത് ജനങ്ങളിൽ മുന്നണിക്കുള്ള വിശ്വാസം തകർക്കുക സി.പി.ഐയുടെ രീതിയല്ല. സി.പി.ഐ ജനാധിപത്യപരമായി പ്രവർത്തിക്കുന്ന പാർട്ടിയാണ്. ഏതൊരംഗത്തിനും സ്വാഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശമുണ്ട്. ഈ ഉൾപാർട്ടി ജനാധിപത്യത്തിന്‍റെ അടിത്തറയിലാണ് ജനാധിപത്യ കേന്ദ്രീകരണമെന്ന തത്ത്വം പ്രവർത്തനക്ഷമമാകുന്നതും. പാർട്ടിയുടെ ഓരോ ഘടകത്തിലും കമ്മിറ്റികളിലേക്കും ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതും ജനാധിപത്യപരമാണ്.
ചില ബൂർഷ്വാ മാധ്യമങ്ങളും പാർട്ടിയുടെ ശത്രുക്കളും സി.പി.ഐയിൽ ഗ്രൂപ്പുകളുണ്ടെന്നും മറ്റും വ്യാജ പ്രചാരവേല നടത്തുന്നുണ്ട്. യഥാർഥത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനാധിപത്യ സ്വഭാവവും ശരിയായ രാഷ്ട്രീയ നിലപാടും കൊണ്ടാണ് കൂടുതൽ ജനവിഭാഗങ്ങൾ പാർട്ടിയിലേക്ക് കടന്നുവരുന്നത്. 2017ൽ അംഗസഖ്യ 1.33 ലക്ഷമായിരുന്നുവെങ്കിൽ 2018 ൽ 1.57 ലക്ഷമായും 2022 ൽ 1.77 ലക്ഷവുമായി വർധിച്ചു. ബ്രാഞ്ചുകളുടെ എണ്ണം 2017 ൽ 9167 ൽ നിന്ന് 2018 ൽ 9968 ആയും 2022 ൽ 11325 ആയും വർധിെച്ചന്നും കാനം വിശദീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.