സി.പി.എം രാഹുൽ ഗാന്ധിയെ വിമർശിക്കുന്നത് തികഞ്ഞ പരിഹാസ്യം; 'മുഖം വികൃതമായതിന് കണ്ണാടി തല്ലിപ്പൊട്ടിക്കുന്ന' അബദ്ധമാണ് സി.പി.എമ്മിന്‍റേതെന്നും കെ.സി. വേണുഗോപാൽ

തിരുവനന്തപുരം: സ്വന്തം രാഷ്ട്രീയ മുഖം വികൃതമായതിന് സി.പി.എം രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ചിട്ട് കാര്യമില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. മുഖം മോശമായതിന് കണ്ണാടി തല്ലിപ്പൊട്ടിക്കുന്നതുപോലെയുള്ള അബദ്ധമേ സി.പി.എമ്മിന്റെ രാഹുൽ വിരുദ്ധ പരാമർശങ്ങളിൽ കാണാൻ കഴിയുന്നുള്ളൂവെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. കേരളത്തിന് പുറത്ത് കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും വോട്ട് കൊണ്ട് മാത്രം പാർലമെന്റിൽ അക്കൗണ്ട് തുറക്കുന്ന പാർട്ടിയായി മാറിയ സി.പി.എം, രാഹുൽ ഗാന്ധിയെ വിമർശിക്കുന്നത് തികഞ്ഞ പരിഹാസ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


Full View

രാജസ്ഥാനിലായാലും തമിഴ്നാട്ടിലായാലും രാഹുൽ ഗാന്ധിയുടെ ചിത്രം വെച്ച് വോട്ട് വാങ്ങി വിജയിച്ചവരാണ് ഇപ്പോൾ അദ്ദേഹത്തെ ഇ.ഡി ഏജന്റ് എന്ന് വിളിച്ച് അധിക്ഷേപിക്കാൻ ശ്രമിക്കുന്നത്. പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ നേതാവാണ് രാജ്യത്തെ പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുന്നത് എന്നത് ജനാധിപത്യത്തിലെ അടിസ്ഥാന കാര്യമാണ്. ഈ വസ്തുത ഉൾക്കൊള്ളാൻ തയ്യാറാകാതെ, സ്വന്തം അസ്തിത്വം പോലും നഷ്ടപ്പെടുത്തുന്ന സി.പി.എം നേതൃത്വം രാഹുൽ ഗാന്ധിയുടെ നേതൃപാടവത്തെ ചോദ്യം ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. ഇന്ന് കേരളത്തിൽ പോലും ജനങ്ങളാൽ തള്ളപ്പെട്ട് പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന അവരുടെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നത്.

കേരളത്തിലെ ദയനീയ പരാജയമാണ് സി.പി.എമ്മിനെക്കൊണ്ട് ഇതൊക്കെ പറയിക്കുന്നതെന്ന് രാഷ്ട്രീയം മനസിലാക്കുന്ന ആർക്കും ബോധ്യമാകും. പരാജയത്തിന്റെ കാരണങ്ങൾ വസ്തുനിഷ്ഠമായി വിലയിരുത്തുന്നതിന് പകരം രാഹുൽ ഗാന്ധിക്ക് മേൽ കുതിരകയറാൻ നിന്നാൽ ഇതിലും വലിയ തകർച്ചയായിരിക്കും സി.പി.എമ്മിനെ കാത്തിരിക്കുന്നത്. ബി.ജെ.പിയുടെ ഏകാധിപത്യത്തിൽ നിന്നും രാജ്യത്തിന്റെ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിച്ചെടുക്കാൻ കോൺഗ്രസ് മുൻകൈയെടുത്ത് രൂപീകരിച്ച വിശാലമായ വേദിയാണ് 'ഇൻഡ‍്യ' മുന്നണി. ബി.ജെ.പിയെ അധികാര ഭ്രഷ്ടരാക്കുക എന്ന ലക്ഷ്യത്തിലാണ് സഖ്യം രൂപപ്പെട്ടത്. സി.പി.എം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിക്ക് സഖ്യ രൂപീകരണ ലക്ഷ്യങ്ങളെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ടായിരുന്നുവെന്ന് വേണുഗോപാൽ ഓർമ്മിപ്പിച്ചു.

അധികാരത്തോടുള്ള ആർത്തി കൊണ്ടല്ല, മറിച്ച് തമിഴ്നാട്ടിൽ ബി.ജെ.പി നടപ്പിലാക്കാൻ ശ്രമിച്ച രാഷ്ട്രപതി ഭരണം ഒഴിവാക്കാനും മതേതര സർക്കാർ രൂപീകരിക്കാനും വേണ്ടിയാണ് കോൺഗ്രസ് അവിടെ ടി.വി.കെയുമായി തെരഞ്ഞെടുപ്പിന് ശേഷം സഹകരിച്ചത്. കോൺഗ്രസ് മുന്നോട്ടുവെച്ച ഇതേ രാഷ്ട്രീയ നിലപാട് തന്നെയാണ് പിന്നീട് അവിടെ സി.പി.എമ്മും പിന്തുടർന്നതെന്ന കാര്യം അവർ സൗകര്യപൂർവ്വം മറക്കുകയാണ്. കോൺഗ്രസ് എക്കാലത്തും രാജ്യത്തിന്റെ പൊതുവായ വിശാല താല്പര്യങ്ങൾ മുൻനിർത്തിയാണ് പ്രവർത്തിക്കുന്നതെങ്കിൽ, സങ്കുചിതമായ കാഴ്ചപ്പാടുകളാണ് സി.പി.എമ്മിനെ നയിക്കുന്നത്.

രാഷ്ട്രീയമായി എതിർക്കുന്നവരെ ഇല്ലാതാക്കാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്ന ബി.ജെ.പിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് രാഹുൽ ഗാന്ധി നയിക്കുന്നത്. വ്യക്തിപരമായി രാഹുൽ ഗാന്ധിതന്നെ അതിന്റെ ഇരയാണ്. എന്നാൽ ദേശീയതലത്തിൽ ഒരു പൊതുനിലപാടില്ലാതെ, തങ്ങളുടെ സംസ്ഥാനങ്ങളിലെ പ്രാദേശിക അജണ്ടകൾ മാത്രം നോക്കുന്ന സങ്കുചിത രാഷ്ട്രീയമാണ് സി.പി.എം ഇന്ന് പയറ്റുന്നത്. ഈ ഇടുങ്ങിയ കാഴ്ചപ്പാട് കൊണ്ടാണ് ബംഗാളിലുൾപ്പെടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് കാണുന്ന രൂപത്തിൽ തകർന്നടിഞ്ഞത്. രാഹുൽ ഗാന്ധിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പകരം പാർട്ടിയുടെ ഈ തകർച്ചയെക്കുറിച്ച് ആത്മപരിശോധന നടത്താനാണ് സി.പി.എം നേതാക്കൾ തയ്യാറാകേണ്ടതെന്നും കെ.സി. വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.

Tags:    
News Summary - It is utterly ridiculous for the CPM to criticize Rahul Gandhi; K.C. Venugopal stated that the CPM's action is as foolish as smashing the mirror because the face is ugly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.