(ഫയൽ ചിത്രം)
കൊച്ചി: ഗുരുവായൂർ ആനക്കോട്ടയിൽ പണം വാങ്ങി ആളുകളെ കയറ്റുന്നത് കേന്ദ്ര നിയമങ്ങളുടെ ലംഘനമെന്ന് അഭിഭാഷക കമീഷൻ. ഹൈകോടതി നിയോഗിച്ച അഭിഭാഷക കമീഷൻ സ്ഥലം സന്ദർശിച്ച് തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ദേശീയ മൃഗശാല അതോറിറ്റിയുടെ അംഗീകാരമില്ലാതെയാണ് സന്ദർശകരിൽനിന്ന് പണം വാങ്ങുന്നത്. ശുചിത്വമില്ലാത്ത അവസ്ഥയിലാണ് ആനക്കോട്ട. ആനകളെ പാർപ്പിക്കാൻ എണ്ണത്തിനനുസരിച്ച് ഷെഡുകളില്ലെന്നും റിപ്പോർട്ടിലുണ്ട്.
ആനക്കോട്ടയിൽ 41 ആനകളിൽ 15 എണ്ണം മദപ്പാടുള്ളവയാണ്. രോഗമുള്ളവക്ക് പ്രത്യേക ഷെഡുകൾ ഇല്ലെന്ന് മാത്രമല്ല, ആനകൾക്കെല്ലം കൂടി 30 ഷെഡുകൾ മാത്രമാണുള്ളത്. ഇവിടെനിന്നുള്ള മാലിന്യനീക്കം കാര്യക്ഷമമല്ല. ആനകളെ ബന്ധിപ്പിച്ചിട്ടുള്ളിടങ്ങളിൽതന്നെ നിർത്തി കുളിപ്പിക്കുകയാണ്. ഇതിനായി കുളങ്ങളും മറ്റും ഉപയോഗിക്കുന്നില്ല. ആനകൾക്കെല്ലാം സഞ്ചാരം നടത്താൻ ആകെയുള്ളത് ഒരു കിലോമീറ്റർ നടപ്പാത മാത്രമാണ്. പുല്ലും പച്ചക്കറികളും പഴങ്ങളും അടക്കമുള്ള ഭക്ഷണം നൽകുന്നുവെന്നാണ് പറയുന്നതെങ്കിലും പനമ്പട്ടയല്ലാത്തതൊന്നും കാണാനായില്ല. 20 ആനകൾക്കല്ലാതെ മറ്റൊന്നിനും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റില്ലെന്ന ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറുടെ കണ്ടെത്തലും റിപ്പോർട്ടിനൊപ്പമുണ്ട്.
അസുഖബാധിതരായ ആനകൾക്ക് പ്രത്യേക ഷെഡുകളൊരുക്കുന്നതടക്കം ഷെഡുകളുടെ എണ്ണം വർധിപ്പിക്കണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. ആനകളെ ബന്ധിക്കുന്നിടങ്ങളിൽ തണൽ ഒരുക്കണം. മാലിന്യനീക്കം കാര്യക്ഷമമാക്കുകയും പ്രായമായ ആനകൾക്ക് പനമ്പട്ടക്ക് പകരം കൂടുതൽ പുല്ല് നൽകുകയും വേണം. അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ, ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ എന്നിവരുടെ കണ്ടെത്തലുകളും നിർദേശങ്ങളും ഉൾപ്പെടുത്തിയാണ് അഭിഭാഷക കമീഷന്‍റെ റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.