യു.ഡി.എഫ് സർക്കാർ 16 മാസത്തെ പെൻഷൻ കുടിശിക വരുത്തിയെന്നത് ശുദ്ധ നുണ -ഉമ്മൻ ചാണ്ടി

കോട്ടയം: യു.ഡി.എഫ് സർക്കാർ 16 മാസത്തെ പെൻഷൻ കുടിശിക വരുത്തിയെന്ന് ഇടതുപക്ഷം പ്രചരിപ്പിക്കുന്നത് ശുദ്ധ നുണയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യു.ഡി.എഫ് സര്‍ക്കാറിന്‍റെ അവസാനകാലത്ത് ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ രാഷ്ട്രീയകാരണങ്ങളാല്‍ സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ മുടക്കിയിട്ട് അതിന്‍റെ ഉത്തരവാദിത്വം ഇപ്പോള്‍ മറ്റുള്ളവരുടെമേല്‍ ചാരി കുപ്രചാരണം നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

2016 ഫെബ്രുവരിയിലെ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാന്‍ 246 കോടി രൂപ എസ്ബിടിക്ക് അനുവദിച്ച് 20ന് ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. ബാങ്കില്‍ നിന്ന് തദ്ദേശസ്ഥാപനങ്ങളിലേക്ക് തുക അനുവദിച്ചു. എന്നാല്‍ ഇടതുപക്ഷ ആഭിമുഖ്യമുള്ള തദ്ദേശസ്ഥാപനങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് പണം വിതരണം ചെയ്തില്ല.

16 മാസം കുടിശിക വരുത്തിയെന്നു പറഞ്ഞ് ഇപ്പോള്‍ സി.പി.എം പ്രചാരണം അഴിച്ചുവിട്ടിരിക്കുകയാണ്. രാഷ്ട്രീയകാരണങ്ങളാല്‍ അന്നു തുക വിതരണം ചെയ്യാതിരുന്ന കൊടിയ വഞ്ചനയ്ക്ക് സി.പി.എം വൈകിയാണെങ്കിലും പാവപ്പെട്ട ജനങ്ങളോട് മാപ്പു പറയണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

യു.ഡി.എഫ് കാലത്ത് 34 ലക്ഷം ആയിരുന്ന സാമൂഹ്യസുരക്ഷാ പെന്‍ഷന്‍കാരുടെ എണ്ണം 59.5 ലക്ഷം ആക്കിയെന്നാണ് ഇടതുപക്ഷത്തിന്‍റെ മറ്റൊരു വ്യാജ പ്രചാരണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാറിന്‍റെ കാലത്ത് 14 ലക്ഷം ഗുണഭോക്താക്കളായിരുന്നു. ഇതാണ് യു.ഡി.എഫ് 34 ലക്ഷമാക്കിയത്. യു.ഡി.എഫ് കാലത്ത് സാമൂഹ്യ സുരക്ഷാ പെന്‍ഷനും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനും ഒരേസമയം വാങ്ങിയിരുന്നു. പിണറായി സര്‍ക്കാര്‍ 23.9.2020ല്‍ അതു നിര്‍ത്തലാക്കി ഒറ്റ പെന്‍ഷനാക്കി.

സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ തുക കൂട്ടിയപ്പോള്‍ ക്ഷേമനിധി ബോര്‍ഡില്‍നിന്ന് ചെറിയ തുകയുടെ പെന്‍ഷന്‍ വാങ്ങിയവര്‍ കൂട്ടത്തോടെ സാമൂഹ്യസുരക്ഷാപെന്‍ഷനിലേക്കു മാറി. അങ്ങനെയാണ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍കാരുടെ എണ്ണം കൂടിയത്. യു.ഡി.എഫ് കാലത്ത് ഇതു രണ്ടും രണ്ടായിട്ടാണ് കണക്കാക്കിയിരുന്നത്. രണ്ടും കൂടി ചേര്‍ത്താല്‍ എൽ.ഡി.എഫിന്‍റെ കാലത്തെ എണ്ണത്തിലെത്തും.

യു.ഡി.എഫ് കാലത്ത് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ തുക 600 രൂപയായിരുന്നു എന്ന പ്രചാരണവും തെറ്റാണ്. അഞ്ച് വിഭാഗമായി തിരിച്ച് 800 മുതല്‍ 1500 രൂപ വരെയായിരുന്നു അന്നത്തെ പെന്‍ഷന്‍ തുക. ഇടതുസര്‍ക്കാറിന്‍റെ അവസാന വര്‍ഷമാണ് പെന്‍ഷന്‍ 1500 രൂപയിലെത്തിയത്. 


സി.പി.എം നിലപാടിന് അപവാദമായിരുന്നു ഇടതുപക്ഷത്തിന്‍റെ കോഴിക്കോട് മേയറായിരുന്ന വി.കെ.സി. മമ്മദ് കോയ. ഇതു പാവപ്പെട്ടവരുടെ പണമാണെന്നും വിതരണം ചെയ്യാതെ പിടിച്ചുവയ്ക്കരുതെന്നും അദ്ദേഹം കര്‍ശന നിലപാട് സ്വീകരിച്ചിരുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. 

Tags:    
News Summary - It is a lie that the UDF government has not paid 16 months pension oommen chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.