തിരുവനന്തപുരം/ പത്തനംതിട്ട: പുതുമുഖങ്ങൾക്കും വനിതകൾക്കും മതന്യൂനപക്ഷങ്ങൾക്കും കാര്യമായ പരിഗണന നൽകി സ്ഥാനാർഥികളെ പ്രഖ്യാപിക്കാനായെങ്കിലും ദേശീയ നിർവാഹകസമിതിയംഗം ശോഭാ സുേരന്ദ്രനെ അവഗണിച്ചതും പ്രതിപക്ഷ നേതാക്കൾക്കെതിരെ ശക്തരായ സ്ഥാനാർഥികളെ മത്സരരംഗത്തിറക്കിയില്ലെന്നതും മുന്നണി വിട്ടുവന്നവർക്ക് ഉടൻ സീറ്റ് നൽകിയതുമെല്ലാം ബി.ജെ.പിക്കുള്ളിൽ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി.
ആദ്യം മത്സരരംഗത്തില്ലെന്ന് പ്രഖ്യാപിച്ച ശോഭാ സുരേന്ദ്രനെ ദേശീയ നേതൃത്വം ഇടപെട്ടാണ് മത്സരിക്കണമെന്നാവശ്യപ്പെട്ടത്. കഴക്കൂട്ടം, ചാത്തന്നൂർ മണ്ഡലത്തിൽ ഏതിലെങ്കിലും ശോഭ സ്ഥാനാർഥിയാകുമെന്ന പ്രചാരണവുമുണ്ടായി. എന്നാൽ, പ്രഖ്യാപിച്ച പട്ടികയിൽ ചാത്തന്നൂരിൽ മറ്റൊരാളാണ്. ഇനി ശേഷിക്കുന്നത് കഴക്കൂട്ടമാണ്. അവിടെ കേന്ദ്ര സഹമന്ത്രി വി. മുരളീധരെൻറ പേരാണ് ആദ്യമുള്ളത്.
എന്നാൽ, അദ്ദേഹത്തിന് മത്സരിക്കാൻ ദേശീയ നേതൃത്വം അനുമതി നൽകിയിട്ടില്ല. ശോഭെക്കതിരെ സംസ്ഥാന നേതൃത്വത്തിനുള്ള വിയോജിപ്പാണ് ഇപ്പോൾ അവരെ പ്രഖ്യാപിക്കാത്തതിന് പിന്നിലെന്നും ചൂണ്ടിക്കാട്ടുന്നു. ശോഭക്ക് പിന്തുണയറിയിച്ച് പ്രവർത്തകർ രംഗത്തെത്തിയാൽ അത് ബി.ജെ.പിക്കുള്ളിലും പ്രശ്നം സൃഷ്ടിക്കും.
ആറന്മുള സീറ്റ് ഉറപ്പിച്ചിരുന്ന ജില്ല പ്രസിഡൻറ് അശോകൻ കുളനടയെ അവസാന നിമിഷം തിരുവല്ലയിലേക്ക് മാറ്റിയതാണ് പത്തനംതിട്ടയി പൊട്ടിത്തെറിയിൽ കലാശിച്ചിരിക്കുന്നത്. തിരുവല്ലയിലേക്ക് നേരേത്ത തീരുമാനിച്ചിരുന്നത് യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആൻറണിയെയാണ്. അനൂപ് ആൻറണിക്കു വേണ്ടി ഇവിടെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി ആറന്മുളയിൽ ബിജു മാത്യു സ്ഥാനാർഥിയായി എത്തിയതാണ് കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞത്. ആറന്മുള സീറ്റ് കിട്ടാത്ത സാഹചര്യത്തിൽ പ്രതിഷേധമുയർത്തിയ ജില്ല പ്രസിഡൻറിനെ തണുപ്പിക്കാൻ തിരുവല്ല നൽകുകയായിരുന്നു.
പ്രഖ്യാപനത്തിനു പിന്നാലെ തിരുവല്ലയിൽ പ്രവർത്തക യോഗത്തിനെത്തിയ എത്തിയ അശോകൻ കുളനടയെ മഹിള മോർച്ച പ്രവർത്തകർ തടഞ്ഞുവെച്ചു. യോഗം നടത്താൻ പ്രവർത്തകർ അനുവദിച്ചില്ല. ഇതിനു പിന്നാലെ നിയോജക മണ്ഡലത്തിലെ 10 പഞ്ചായത്തിലെയും നഗരസഭയിലെയും പ്രസിഡൻറുമാർ രാജിക്കത്ത് നൽകുകയും ചെയ്തു. തീരുമാനത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി, യുവമോർച്ച പ്രവർത്തകർ പിന്നീട് നഗരത്തിൽ പ്രകടനവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.