കോഴിക്കോട്: ഇസ്ലാം വിരുദ്ധ പൊതുബോധത്തെ ഇസ്ലാമിന്റെ സൗന്ദര്യം ഉയർത്തിപ്പിടിച്ച് പ്രതിരോധിക്കണമെന്നും അതിൽ മുസ്ലിം വനിത പ്രഫഷനലുകൾക്ക് പ്രധാന പങ്കുവഹിക്കാനുണ്ടെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്മാൻ. ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംഘടിപ്പിച്ച മുസ്ലിം വിമൻസ് പ്രഫഷനൽ സബ്മിറ്റ് ‘പ്രൊഫിസിയ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം കോഴിക്കോട്ട് സംഘടിപ്പിച്ച പ്രൊഫിസിയ മുസ്ലിം വിമൻസ് പ്രഫഷനൽ സമ്മിറ്റ് കേരള അമീർ പി. മുജീബുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു
മുസ്ലിം സ്ത്രീ സ്വത്വത്തിനു നേരെ വംശീയമായ അധിക്ഷേപം വർധിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഈ സാഹചര്യത്തിൽ നമ്മൾ മാത്രമല്ല, നാം പ്രതിനിധാനം ചെയ്യുന്ന മുസ്ലിം സ്വത്വവും മികച്ചതാണെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തംകൂടി പ്രഫഷനലുകൾ ഏറ്റെടുക്കണം.
മുസ്ലിം സ്ത്രീയെ മുൻനിർത്തിയാണ് ഇസ്ലാം വിരുദ്ധ പ്രചാരണങ്ങൾ നടക്കുന്നത്. ഇസ്ലാമിക സ്വത്വം ഉയർത്തിപ്പിടിച്ചാണ് അതിനെ പ്രതിരോധിക്കേണ്ടത്. കുടുംബം എന്ന ആശയത്തെത്തന്നെ റദ്ദ് ചെയ്യുന്ന പാശ്ചാത്യ ലിബറലിസം വൻ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ കുടുംബമൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ട സമൂഹിക ബാധ്യതകൂടി നമുക്കുണ്ട്. സമൂഹ മാധ്യങ്ങൾ, കലാലയങ്ങൾ തുടങ്ങിയ ഇടങ്ങളിലൂടെയാണ് പാശ്ചാത്യ ലിബറൽ ചിന്താഗതികളും സമൂഹത്തിൽ വേരൂന്നുന്നത്. അതിനാൽ, കുടുംബം കുട്ടികൾക്ക് സന്തോഷവും സംതൃപ്തിയും പരിഗണനയും കിട്ടുന്ന ഇടങ്ങളായി മാറ്റണം.
സമകാലിക കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ പരോഗതിയുടെ ഗതിവേഗത്തിനപ്പുറം വളരുന്നത് സ്ത്രീകളാണ്. ആൺകുട്ടികളേക്കാൾ കൂടുതൽ വിദ്യാഭ്യാസം നേടുന്നതും പ്രഫഷനൽ യോഗ്യത കൈവരിക്കുന്നതും മുസ്ലിം പെൺകുട്ടികളാണ്. ഈ പുരോഗതിയെ സമൂഹത്തിന്റെ ശാക്തീകരണത്തിനും പൊതുസമൂഹത്തിലുള്ള ഇസ്ലാം വിരുദ്ധത മാറ്റിയെടുക്കുന്നതിനും വിനിയോഗിക്കാൻ ‘പ്രൊഫിസിയ’ പോലുള്ള സംഗമങ്ങൾക്കാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രിട്ടനിലെ ഇമാറത്ത് അൽ അർദ് റിസർച്ച് സെന്ററിലെ പാരന്റിങ് ആൻഡ് ഫാമിലി വെൽബിയിങ് റിസർച്ച് മേധാവി ഡോ. മാഹിറ റൂബി സംസാരിച്ചു. ഉദ്ഘാടന പരിപാടിയിൽ ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം പ്രസിഡന്റ് പി.ടി.പി സാജിത അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.ടി. നസീമ സ്വാഗതവും പ്രൊഫിസിയ ഡയറക്ടർ പി. റുക്സാന നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.