കോട്ടയം: നെല്ല് സംഭരണത്തിലെ ക്രമക്കേടുകൾക്ക് തടയിടാൻ സപ്ലൈകോയുമായി കരാർ ഒപ്പിട്ട മില്ലുകളുടെ വൈദ്യുതി ഉപയോഗം നിരീക്ഷിക്കാൻ കേന്ദ്ര നിർദേശം. പാടശേഖരങ്ങളിൽനിന്ന് സംഭരിക്കുന്ന നെല്ല് മുഴുവൻ അരിയാക്കി മാറ്റുന്നുവെന്ന് ഉറപ്പാക്കാൻ ഉൽപാദനവും റൈസ് മില്ലുകളുടെ വൈദ്യുതി ഉപയോഗവും തമ്മിൽ ബന്ധിപ്പിക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടത്. മില്ലുകൾ ഗുണനിലവാരം കുറഞ്ഞ അരി മടക്കിനൽകുന്നുവെന്ന പരാതിയിലാണ് കേന്ദ്ര ഇടപെടൽ.
നെല്ല് കുത്തിയെടുക്കാൻ ആവശ്യമായ അളവിൽ വൈദ്യുതി ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. ഒരോ മില്ലും സംഭരിച്ച നെല്ല് കുത്തി അരിയാക്കാൻ ആവശ്യമായ വൈദ്യുതി കണക്കാക്കി ഇത്രയും ഉപയോഗിച്ചിട്ടില്ലെങ്കിൽ ക്രമക്കേട് നടന്നുവെന്ന വിലയിരുത്തലിൽ നടപടി സ്വീകരിക്കണം. കൂടുതൽ വൈദ്യുതി ഉപയോഗിച്ചാലും പരിശോധന വേണമെന്ന് നിർദേശത്തിലുണ്ട്. സംഭരിക്കുന്ന നെല്ല് മുഴുവൻ കുത്താതെ മില്ലുകൾ പുറത്തുനിന്നുള്ള അരി കലർത്തുന്നതായും നെല്ല് കരിഞ്ചന്തയിലേക്ക് കടത്തുന്നതായും ആക്ഷേപമുണ്ടായിരുന്നു.
പുതിയ തീരുമാനം നെല്ല് സംഭരണം നടക്കുന്ന എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കെ.എസ്.ഇ.ബിയുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാൻ സപ്ലൈകോ ആലോചന തുടങ്ങി. സപ്ലൈകോയിലൂടെ സംഭരിക്കുന്ന നെല്ല് മാത്രമേ കുത്താവൂവെന്നാണ് മില്ലുകളുമായുള്ള കരാർ. അതിനാൽ വേഗത്തിൽ വൈദ്യുതി ഉപയോഗം കണ്ടെത്താൻ കഴിയും. കരാർ ഒപ്പിട്ടിരിക്കുന്ന മില്ലുകളിൽ ഒന്നൊഴികെ എല്ലാവരും കെ.എസ്.ഇ.ബിയെയാണ് വൈദ്യുതിക്ക് ആശ്രയിക്കുന്നത്.
ഇതിലൂടെ വലിയ മുന്നൊരുക്കങ്ങളില്ലാതെ പദ്ധതി നടപ്പാക്കാൻ കഴിയുമെന്ന് വിലയിരുത്തുന്ന സപ്ലൈകോ, മില്ലുടമകളുമായി ചർച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്. മില്ലുകളിലേക്ക് നെല്ല് എത്തിക്കുന്ന മുഴുവൻ വാഹനങ്ങളിലും ജി.പി.എസ് ഘടിപ്പിക്കണമെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. പാടശേഖരങ്ങളിൽനിന്ന് സംഭരിക്കുന്ന നെല്ല് യാത്രക്കിടയിൽ വഴിമാറുന്നുവെന്ന നിഗമനത്തിലാണ് നടപടി. കേരളത്തിൽ ഇത് എത്രത്തോളം പ്രായോഗികമാമെന്ന സംശയത്തിലാണ് സപ്ലൈകോ.
മറ്റ് സംസ്ഥാനങ്ങളിൽ നിശ്ചിത കേന്ദ്രത്തിൽ നെല്ല് സംഭിച്ചശേഷം ഇവിടെനിന്ന് മില്ലുകളിലേക്ക് കൊണ്ടുപോകുകയാണ്. കേരളത്തിൽ പാടശേഖരങ്ങളിൽനിന്ന് നേരിട്ട് നെല്ല് സംഭരിക്കുകയാണ്. മില്ലുകളാണ് വാഹനങ്ങൾ ഏർപ്പാടാക്കുന്നത്. ഇതിൽ കൂടുതൽ ചർച്ചക്കുശേഷമാകും തുടർനടപടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.