ശുദ്ധജല പദ്ധതികളില്‍ ഇരുമ്പി‍െൻറ അംശം കൂടുതൽ

അടിമാലി: ത്രിതല പഞ്ചായത്തുകള്‍ നടപ്പാക്കിയ ശുദ്ധജല പദ്ധതികളില്‍ ഇരുമ്പി‍െൻറ അംശം നിശ്ചിത അളവിലും കൂടുതൽ. ജലനിധി പദ്ധതിയിലടക്കം നടത്തിയ ഗുണമേന്മ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. ഹോട്ടല്‍, ബേക്കറി, ലഘുഭക്ഷണ ശാലകള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന വെള്ളവും മലിനമാണെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും നടപടിയില്ല.

ജലനിധി വഴി നടപ്പാക്കിയ പദ്ധതികളിലാണ് ഇരുമ്പി‍െൻറ അംശം കൂടുതലായി കണ്ടെത്തിയത്. സാധാരണനിലയില്‍ 0.075 വരെ ഇരുമ്പി‍െൻറ അംശം ഉയരാമെങ്കിലും പല പദ്ധതികളിലും 0.197 മുതല്‍ അഞ്ചുവരെ കണ്ടെത്തിയത് ആശങ്കക്ക് കാരണമായി.

ജലനിധിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ ശുദ്ധജല വിതരണ പദ്ധതികളില്‍ പലതിലും ക്രമാതീതമായി ഉയർന്നതായി പല പരിശോധനയിലും തെളിഞ്ഞു. വീടുകളിലേക്ക് കുടിവെള്ള കണക്ഷൻ നല്‍കിയിരിക്കുന്ന പൈപ്പുകളിലേറെയും ജി.ഐ പൈപ്പുകളാണ്.

ഇതാണ് പ്രധാന കാരണമെന്ന് വ്യക്തായിട്ടും ഇവ മാറ്റി പി.വി.സി പൈപ്പുകള്‍ സ്ഥാപിക്കാന്‍ നടപടിയില്ല. വേനല്‍ക്കാലത്തും മഴക്കാലത്തും നടത്തിയ ജലസാമ്പിള്‍ പരിശോധനകളില്‍ വ്യത്യസ്തമായ റിപ്പോര്‍ട്ടാണ് ലഭിച്ചത്. വേനല്‍ക്കാലത്തു നടത്തിയ പരിശോധനയിലാണ് വര്‍ധിക്കുന്നത്.

വെള്ളത്തി‍െൻറ നിറം മാറുന്നതിനൊപ്പം ചൂടാക്കുന്ന വെള്ളം പതഞ്ഞുവരുന്ന സ്ഥിതിവിശേഷമാണുള്ളതെന്ന് പലയിടത്തും ഉപഭോക്താക്കള്‍ പറയുന്നു. പ്രശ്‌നപരിഹാരത്തിനു ജലനിധി അധികൃതരും പഞ്ചായത്തും അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

ഇരുമ്പി‍െൻറ അംശം കണ്ടെത്തിയ പദ്ധതികളോടു ചേര്‍ന്ന് റീഫില്‍റ്റര്‍ യൂനിറ്റുകള്‍ സ്ഥാപിച്ചും കാലഹരണപ്പെട്ട പൈപ്പുകള്‍ മാറ്റിയും പ്രശ്‌നപരിഹാരമുണ്ടാക്കുമെന്ന് ജലനിധിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ പറഞ്ഞു.

പൊതുജനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന വിഷയത്തിൽ പഞ്ചായത്തി‍െൻറയും ജനപ്രതിനിധികളുടെയും അടിയന്തരശ്രദ്ധയും തുടർനടപടികളും ഉണ്ടാകണമെന്ന ആവശ്യമാണ് ഉയരുന്നത്. വാണിജ്യ കേന്ദ്രമായ അടിമാലിയിൽ ഹോട്ടലുകളിലും ബേക്കറികളിലും അടിമാലി തോട്ടിൽനിന്നുള്ള വെള്ളം നേരിട്ട് ഉപയോഗിക്കുന്നുണ്ട്.

ഇത് സംബന്ധിച്ച് നിരവധി പരാതി നല്‍കിയെങ്കിലും പരിഹാരം മാത്രം ഉണ്ടാകുന്നില്ല. എല്ലാ വര്‍ഷവും ലൈസൻസിന് അപേക്ഷ നല്‍കുമ്പോൾ ഹോട്ടൽ നടത്തിപ്പുകാർ വെള്ളം ടെസ്റ്റ് ചെയ്തതി‍െൻറ രേഖ ഹാജരാക്കുന്നുണ്ട്. എന്നാൽ, ഹോട്ടലിൽ ഉപയോഗിക്കുന്ന വെള്ളമല്ല പരിശോധനക്ക് വിധേയമാക്കുന്നത്. ഇതിന് പൊതുജനാരോഗ്യ വിഭാഗത്തി‍െൻറ ഒത്താശയും ഉണ്ട്.

Tags:    
News Summary - Iron content is higher in fresh water projects

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.