പറവൂർ: ഇറാൻ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ മലയാളി തടവുകാരൻ എഡ്വിൻ വീട്ടിലേക്ക് ഫോൺ ചെയ്തു. ഫോൺവിളിയിൽ സന്തോഷാശ്രുവിലാണ് കൂനമ്മാവ് പുതുശ്ശേരി വീട്. വ്യാഴാഴ്ച വൈകീട്ട് 6.28നും വെള്ളിയാഴ്ച വൈകീട്ട് 4.15നും സഹോദരൻ ആൽവിന്റെ ഫോണിലേക്കാണ് വിളി എത്തിയത്. മാതാപിതാക്കളെ കണക്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ജോലിസ്ഥലത്തായിരുന്ന ആൽവിൻ എഡ്വിന്റെ സംഭാഷണം റെക്കോഡ് ചെയ്ത് മാതാപിതാക്കളെ കേൾപ്പിക്കുകയായിരുന്നു.
ഇറാൻ നാവികസേനയുടെ ഫോണിൽനിന്നാണ് രണ്ടുതവണയും എഡ്വിൻ വിളിച്ചത്. അഞ്ചുമിനിറ്റാണ് സംസാരിച്ചത്. ഒമ്പത് ദിവസമായി എഡ്വിന്റെ വിവരം ലഭിക്കാതിരുന്ന കുടുംബാംഗങ്ങൾക്ക് ഇത് ഏറെ ആശ്വാസമായി. കപ്പലിലുള്ളവർക്ക് ഭക്ഷണം ലഭിക്കുന്നുണ്ടെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും എഡ്വിൻ പറഞ്ഞതായി സഹോദരൻ ആൽവിൻ പറഞ്ഞു. മോചന ചർച്ചകൾ നടക്കുന്നുണ്ടെന്നും അറിയിച്ചു. കപ്പലിലുള്ളവർ സുരക്ഷിതരാണെന്ന് ഇന്ത്യൻ എംബസി അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച വൈകീട്ട് എഡ്വിന്റെ ഫോൺവിളി എത്തിയത്. കുവൈത്തിൽനിന്ന് യു.എസിലെ ഹൂസ്റ്റണിലേക്ക് പോകുന്നതിനിടെയിലാണ് കപ്പൽ ഇറാനിൽ പിടിയിലാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.