ആഗോള ഉച്ചകോടി സമാപിച്ചു; 1.53 ലക്ഷം കോടിയുടെ നിക്ഷേപവാഗ്ദാനം

കൊച്ചി: കേരളത്തിലേക്ക് കോടികളുടെ വൻകിട നിക്ഷേപം ഉറപ്പാക്കി രണ്ടുദിവസങ്ങളിലായി കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് സമാപനം. ഒന്നര ലക്ഷത്തിലധികം കോടിയുടെ (1,52,905.67 കോടി) നിക്ഷേപ വാഗ്ദാനം സംസ്ഥാനത്തിന് ലഭിച്ചതായി വ്യവസായമന്ത്രി പി. രാജീവ് ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ അറിയിച്ചു. കേരളത്തിൽ പ്രവർത്തിക്കുന്നവ അടക്കം 374 കമ്പനികൾ നിക്ഷേപത്തിന് താൽപര്യം അറിയിച്ച് ധാരണാപത്രം ഒപ്പിട്ടു. ഈ കമ്പനികളില്‍ 66 എണ്ണം 500 കോടി രൂപക്കുമുകളില്‍ സംസ്ഥാനത്ത് നിക്ഷേപം നടത്തും.

കരൺ അദാനി 30,000 കോടി, ഹൈലൈറ്റ് ഗ്രൂപ്പ് 10,000 കോടി, ലുലു ഗ്രൂപ് 5000 കോടി, മൂന്ന് പദ്ധതികളിലായി മലബാർ ഗ്രൂപ് 3000 കോടി, ദുബൈ ആസ്ഥാനമായ ഷറഫ് ഗ്രൂപ് 5000 കോടി, ടോഫ്ൽ പത്തനംതിട്ട ഇൻഫ്ര ലിമിറ്റഡ് 5000 കോടി, മൊണാർക് സർവയേഴ്സ് ആൻഡ് എൻജിനീയറിങ് കൺസൾട്ടൻറ്സ് ലിമിറ്റഡ് 5000 കോടി, ആസ്റ്റർ 850 കോടി എന്നിങ്ങനെ നീളുന്നതാണ് പദ്ധതികൾക്ക് വാഗ്ദാനം ചെയ്യപ്പെട്ട നിക്ഷേപങ്ങൾ. കേരളത്തിൽ പ്രവർത്തിക്കുന്ന നിലവിലെ സംരംഭങ്ങൾ വികസിപ്പിക്കാൻ 24 ഐ.ടി കമ്പനികൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ഇതിലൂടെ 8500 കോടി രൂപയുടെ നിക്ഷേപംകൂടി സംസ്ഥാനത്തിന് ലഭിക്കും. 60,000 തൊഴിലവസരവും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. സമാപന സമ്മേളനം ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനംചെയ്തു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ, മുൻ വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവരും സംസാരിച്ചു.

സമാപന ദിവസം വിവിധ വിഷയങ്ങളിൽ വിദഗ്ധരുടെ നേതൃത്വത്തിൽ പാനൽ ചർച്ചകൾ നടന്നു. ഐ.ടി മേഖലയിലെ സാധ്യതകൾ സംബന്ധിച്ച് പ്രമുഖ കമ്പനികളുടെ പ്രതിനിധികളുമായി മുഖ്യമന്ത്രി റൗണ്ട് ടേബിൾ മീറ്റും നടത്തി. ആറ് രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ നടന്ന ഉച്ചകോടിയിൽ മൂവായിരത്തോളം പ്രതിനിധികൾ പങ്കെടുത്തു.

Tags:    
News Summary - Investor Summit: Kerala receives proposals worth Rs 1.53 lk cr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.