തിരുവനന്തപുരം: ലഹരിക്കെതിരെ സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിക്കുമ്പോഴും രാസലഹരി വിളയുന്ന ലാബുകളെ കുറിച്ച് അന്വേഷണ സംഘത്തിന് ഒരു വിവരവുമില്ല. വിതരണക്കാരെ പിടികൂടി കേസ് തീർക്കുകയല്ലാതെ, എവിടെ നിന്നാണ് ഇത്രയും അളവിൽ രാസലഹരി എത്തുന്നതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല.
ഉപയോഗിക്കുന്നവരെക്കാൾ കൂടുതൽ വിതരണക്കാരാണ് രാസലഹരിക്ക് പിന്നിലെന്നും നിരവധി കണ്ണികൾ കൈമാറിയാണ് ഉപയോക്താവിന് ഇത് ലഭിക്കുന്നതെന്നും അന്വേഷണസംഘത്തിന് അറിയാം. പല കേസിലായി വിദേശികളെ ഉൾപ്പെടെ അറസ്റ്റ് ചെയ്തിട്ടും എവിടെയാണ് ഇവ നിർമിക്കുന്നതെന്ന് കണ്ടെത്താനായിട്ടില്ല.
ബംഗളൂരുവിലും ഡൽഹിയിലും എം.ഡി.എം.എ ഉണ്ടാക്കുന്ന ലാബുകളുണ്ടെന്നാണ് പിടിയിലാകുന്ന ഏജന്റുമാരും വിതരണക്കാരും മൊഴി നൽകുന്നത്.
എന്നാൽ, രജിസ്റ്റർ ചെയ്ത കേസുകളിലൊന്നിൽ പോലും ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് നർക്കോട്ടിക് സെൽ ഉദ്യോഗസ്ഥർ പറയുന്നു. ഇവ ഉണ്ടാക്കുന്ന ‘കിച്ചണുകൾ’ സാങ്കൽപികം മാത്രമാണോയെന്ന സംശയം ലോക്കൽ പൊലീസിനും നർക്കോട്ടിക് വിഭാഗത്തിനുമുണ്ട്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തിലും ഫലമുണ്ടായില്ല.
ചെറിയ അളവിൽ ലഹരി വിൽപന നടത്തുന്നവരെയും കാരിയർമാരെയും ഇതരസംസ്ഥാനത്തുനിന്ന് ലഹരി എത്തിക്കുന്ന ഏജന്റുമാരെയും കേന്ദ്രീകരിച്ച് മാത്രമാണ് അന്വേഷണം. അതിന് മുകളിലേക്ക് ലഹരിയുടെ ഉറവിടം കണ്ടെത്താൻ സാധിക്കാതെ വന്നതോടെയാണ് സംസ്ഥാനത്തേക്കുള്ള എം.ഡി.എം.എയുടെ ഒഴുക്ക് കൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.